ആഫ്രിക്കയിലുദിച്ച സ്പെയ്നിന്റെ സൂര്യൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 13, 2018, 05:41 PM | 0 min read


2010 ദക്ഷിണാഫ്രിക്ക. സ്വന്തം വൻകരയ്ക്കു പുറത്തു നടക്കുന്ന ലോകകപ്പിൽ കിരീടമണിയുന്ന യൂറോപ്പിന്റെ ആദ്യ പ്രതിനിധികളാകാനുള്ള നിയോഗം സ്പെയ്നിന്റേതായി. ജൊഹന്നസ്ബർഗിലെ സോക്കർ സിറ്റി സ്റ്റേഡിയത്തിൽ ജൂലൈ 11ന് രാത്രി നിശ്ചിതസമയം കടന്ന് അധികസമയത്തേക്കു നീണ്ട കലാശപ്പോരിൽ ഡച്ചുകാരുടെ ഹൃദയത്തിലേക്ക് ഊളിയിട്ടിറങ്ങിയ ഇനിയേസ്റ്റയുടെ ഗോൾ. അവസാന മിനിറ്റ്വരെയും ഹോളണ്ടിന് കളിയിൽ നിലയുറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. കളിയുടെ ആദ്യപകുതിയിൽതന്നെ ഹോളണ്ടും സ്പെയ്നും എന്താണെന്നു വിളംബരം ചെയ്യപ്പെട്ടിരുന്നു.

കനത്ത പ്രതിരോധവും തുളച്ചുകയറുന്ന ആക്രമണവുമായി സംഭ്രമജനകങ്ങളായ നിമിഷങ്ങൾ സൃഷ്ടിച്ച സ്പെയ്നിനെതിരെ ഡച്ചുകാരുടെ ധൈര്യവും ധൈര്യക്കുറവുമെല്ലാം ഒന്നുപോലെ വെളിവാക്കപ്പെട്ടു. ഈ പോരിൽ ഡച്ചിന്റെ പാഠങ്ങൾ ടോട്ടൽ ഫുട്ബോളിന്റേതായിരുന്നില്ല. പന്തുകൊണ്ടുള്ള ടീം ഗെയിമിനെക്കാൾ എതിരാളികളെ തടയാൻ അവർ ശരീരപേശികളെയാണ് ആശ്രയിച്ചത്. അതേസമയം ആദ്യ കളിയിൽ സ്വിറ്റ്സർലൻഡിനോടു തോറ്റിട്ടും സ്പെയ്ൻ കരുതിവച്ച കളി വൺ ടച്ച് ഫുട്ബോളിന്റേതായിരുന്നു. ഓരോ ആക്രമണവും വ്യക്തമായി ആസൂത്രണംചെയ്ത അവരുടെ മധ്യനിര ദക്ഷിണാഫ്രിക്ക ലോകകപ്പിലെ ഏറ്റവും പ്രവർത്തനക്ഷമമായ കൂട്ടായ്മയായിരുന്നു. സാവിയിലും ഇനിയേസ്റ്റയിലും സ്പെയ്നിന്റെ കളിരീതിയെ വായിച്ചെടുക്കാമായിരുന്നു.

രണ്ടാം പകുതിയിൽ ആര്യൻ റോബൻ രണ്ടവസരങ്ങൾ തുലയ്ക്കുമ്പോൾ ഹോളണ്ട് മറുകര എത്തില്ലെന്ന് ഉറപ്പായിരുന്നു. റോബനും വാൻപെഴ്സിയും ഉൾപ്പെടെ പ്രഗത്ഭരുടെ സംഘമായിരുന്നിട്ടും സ്പെയ്നിന്റെ ഓൾറൗണ്ട് മികവിനു മുമ്പിൽ ഓറഞ്ചുകാരുടേത് നിശബ്ദരോദനമായി. 117‐ാം മിനിറ്റിൽ പൊടുന്നനെ സ്പാനിഷ്വസന്തം പൊട്ടിവിടർന്നു. ടോറസിന്റെ ഒരു കുറിയ പാസ് ഫാബ്രിഗാസിന്റെ ബൂട്ടിലേക്കെത്തി. ആ 10‐ാം നമ്പറുകാരൻ കൃത്യതയോടെ അത് ഇനിയേസ്റ്റയ്ക്ക് തിരിച്ചുവിട്ടു. സ്റ്റെക്കലൻബർഗിന് ഒരവസരംപോലും നൽകാതെ ഇനിയേസ്റ്റ പന്ത് ഡച്ചിന്റെ വലയിലെത്തിച്ചു.

സ്പെയ്ൻ കപ്പ് അർഹിച്ചിരുന്നു. കോച്ച് വിൻസന്റ് ഡെൽബോസ്ക് അവതരിപ്പിച്ചത് ലളിതവും സൗന്ദര്യപൂർവമായ കളിയാണ്. വേണമെങ്കിൽ ബാഴ്സലോണ ക്ലബ് പിന്തുടർന്ന കളിയെന്നും അതിനെ പറയാം. ഹോളണ്ടാകട്ടെ തങ്ങളുടെ പരമ്പരാഗത ഗെയിമിന്റെ ശക്തിയിൽ വിശ്വസിക്കാതെ കോച്ചുമാർ തരംപോലെ മെനഞ്ഞെടുക്കുന്ന തന്ത്രങ്ങളുടെ ഫലശൂന്യതയിൽ പരാജയപ്പെട്ടതിന്റെ ഉദാഹരണംകൂടിയായി ഈ ഫൈനൽ.

ലോകകപ്പിൽ സെമിഫൈനൽ രീതി വരുന്നതിനുമുമ്പ് 1950ൽ നേടിയ നാലാംസ്ഥാനവും 1964ലെയും 2008ലെയും യൂറോകപ്പ് വിജയവുമാണ് കാളപ്പോരിന്റെ നാട്ടുകാർക്ക് അതുവരെ അഭിമാനിക്കാനുണ്ടായിരുന്നത്. എന്നാൽ എല്ലാ സങ്കടങ്ങളും മായ്ക്കുന്ന കടലായി ആഫ്രിക്ക സ്പെയ്നിനെ ചേർത്തണച്ചു. ലോകത്തെ മികച്ച ഗോൾകീപ്പർമാരിലൊരാളായ ഇകർകാസിയസിന്റെ നേതൃത്വത്തിലും ഡേവിഡ് വിയ്യ, ഇനിയേസ്റ്റ, സാവി, റാമോസ്, പ്യുയോൾ തുടങ്ങിയ താരനിരയുടെ കൂട്ടായ്മയിലുമാണ് ദക്ഷിണാഫ്രിക്കയിൽ സ്പെയ്നിന്റെ സൂര്യനുദിച്ചത്.

യൂറോപ്പിന്റെ കരുത്തുന്ന ടീമുകൾ കളംമാറി ചവിട്ടിയത് ഈ ലോകകപ്പിനെ സജീവമാക്കിയ ഘടകങ്ങളിലൊന്നായിരുന്നു. ആക്രമണം മുഖമുദ്രയാക്കിയ കേൾവികേട്ട ലാറ്റിനമേരിക്കൻ ടീമുകൾ പ്രതിരോധം പ്രാമുഖ്യമാക്കിയപ്പോൾ ഇടതടവില്ലാതെ ഇരമ്പിയാർത്ത സ്പെയ്നും ജർമനിയും ഹോളണ്ടും പതിവുകാഴ്ചകളിൽനിന്നു വേറിട്ടുനിന്നു. ഇവരെല്ലാം ചന്തമൊത്ത കളിയുടെ ചെപ്പുതുറന്നു. ജർമനിക്കും ഹോളണ്ടിനും മേൽ സ്പെയ്ൻ കൈവരിച്ച വിജയവും ഇതോട് ചേർത്തുവയ്ക്കണം.

അതേസമയം ബ്രസീലും അർജന്റീനയും പാതിവഴിയിൽ വീണുപോയ ദക്ഷിണാഫ്രിക്ക ലോകകപ്പിൽ ലാറ്റിനമേരിക്കയുടെ പതാകവാഹകരായി മാറിയ ദ്യേഗോ ഫോർലാന്റെ ഉറുഗ്വേയും സെമിഫൈനൽ കവാടത്തിൽ മോഹങ്ങൾ ഉടഞ്ഞുപോയ ഘാനയും ഈ ലോകകപ്പിന്റെ പ്രദീപ്തമായ ചിത്രങ്ങളാണ്. യുവനിരയുമായി പോരാടിയ കൊച്ചുരാഷ്ട്രമായ ഉറുഗ്വേയ്ക്ക് നാലാംസ്ഥാനം ലോകകിരീടത്തിനു തുല്യമാണ്. ക്വാർട്ടറിൽ അവസാനനിമിഷം ഗോൾവലയിൽനിന്ന് പന്ത് കൈകൊണ്ടു തട്ടിയകറ്റി ഘാനയുടെ വിജയം തടഞ്ഞ്, സോക്കറിന്റെ മാന്യതയുടെ മേൽ ലൂയി സുവാരസ് വീഴ്ത്തിയ തീരാക്കളങ്കവും ഉറുഗ്വേക്കാരെ ചിന്താകുലരാക്കിയില്ല. സുവാരസിന്റെ പാതകത്തിനൊപ്പം പെനൽറ്റി കിക്കിന്റെ രൂപത്തിൽ വേട്ടയാടിയ നിർഭാഗ്യവും ഘാനയുടെ വഴിയടച്ചു. ഒപ്പം വൻകരയുടെ മോഹങ്ങളും ചിതറിവീണു.



deshabhimani section

Related News

View More
0 comments
Sort by

Home