ടാപ്പിങ്ങിനായി മരങ്ങൾ മാർക്കു ചെയ്യുമ്പോൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 25, 2018, 05:46 PM | 0 min read

   

റബർമരങ്ങളിൽ നിയന്ത്രിതമായി മുറിവേൽപ്പിച്ച് ആദായമെടുക്കുന്നതാണ് ടാപ്പിങ്. വേനൽമഴ നന്നായി കിട്ടിയാലുടൻ ടാപ്പിങ്ങിനു പാകമായ മരങ്ങൾ  മാർക്ക്ചെയ്ത് ടാപ്പിങ് തുടങ്ങാം.  ശരിയായ രീതിയിൽ മാർക്ക്ചെയ്ത് ടാപ്പിങ് തുടങ്ങിയില്ലെങ്കിൽ അത് മരത്തിന്റെ ഉൽപ്പാദനവും വിളവെടുപ്പുകാലവും കുറയുന്നതിന് ഇടയാക്കിയേക്കാം. പുതിയ മരങ്ങളിൽ ടാപ്പിങ് തുടങ്ങുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

1.  ഒട്ടുബന്ധത്തിൽനിന്ന് 125 സെ.മീ. ഉയരത്തിൽ 50 സെ.മീറ്ററെങ്കിലും വണ്ണമെത്തിയ മരങ്ങളിൽ മാത്രമേ ടാപ്പിങ് തുടങ്ങാവൂ.
2. ഒരു തോട്ടത്തിലെ 70 ശതമാനം മരങ്ങളെങ്കിലും മുകളിൽപ്പറഞ്ഞ വണ്ണമെത്തിയശേഷം ടാപ്പിങ് തുടങ്ങുന്നതാണ് നല്ലത്. കേരളത്തിലെ കാലാവസ്ഥയിൽ ആറേഴു വർഷംകൊണ്ട് മരങ്ങൾ ആവശ്യമായ വണ്ണമെത്താറുണ്ട്.
3. ടാപ്പിങ് തുടങ്ങിയാൽ മരങ്ങൾ കൂടുതൽവേഗത്തിൽ വണ്ണംവയ്ക്കുമെന്നത് തെറ്റായ ധാരണയാണ്. ടാപ്പിങ് തുടങ്ങാത്ത മരങ്ങളിൽ, ചുറ്റുവണ്ണം ഒരുവർഷം ശരാശരി ഏഴു സെന്റീമീറ്റർവീതം  കൂടുമ്പോൾ ടാപ്പിങ് തുടങ്ങിയ മരങ്ങളിൽ ഇത് രണ്ടു സെന്റീമീറ്റർ മാത്രമാണ്. അതുകൊണ്ട് വണ്ണമെത്തിയ മരങ്ങളിൽ മാത്രം ടാപ്പിങ് തുടങ്ങുക.
4. വണ്ണമെത്തിയ മരത്തിന്റെ ചുറ്റളവിനെ രുതുല്യഭാഗങ്ങളാക്കി തിരിച്ചശേഷം അതിലൊരു‘ഭാഗത്ത് മുൻകാന 125 സെ.മീ. ഉയരത്തിൽ വരത്തക്കവിധം മാർക്ക്ചെയ്യണം. ടെംപ്ലേറ്റ് എന്ന ഉപകരണം ഉപയോഗിച്ച്, 30 ഡിഗ്രി ചെരിവിലാണ് വെട്ടുചാൽ മാർക്ക്ചെയ്യേണ്ടത്. മരത്തിന് അഭിമുഖമായി നിൽക്കുമ്പോൾ, ഇടതുമുകളിൽനിന്നും വലതുതാഴേക്കാണ് ചെരിവുകൊടുക്കേണ്ടത്.
5. ഒരുവർഷം വെട്ടിയിറങ്ങാൻ സാധ്യതയുള്ള അത്രയും ഭാഗത്ത് ടെംപ്ലേറ്റ് ഉപയോഗിച്ച് മാർഗരേഖകൾ അടയാളപ്പെടുത്തണം. ടാപ്പിങ് തുടരുമ്പോൾ വെട്ടുചാലിന്റെ ചെരിവ് കൃത്യമായി പാലിക്കുന്നതിന് ഈ മാർഗരേഖകൾ ഉപകരിക്കും.
6. ഇപ്പോൾ വ്യാപകമായി കൃഷിചെയ്തുവരുന്ന ഇനങ്ങൾ പൊതുവെ ഉയർന്ന തോതിൽ വിളവുതരുന്നവയാണ്. ഇവ മൂന്നുദിവസത്തിലൊരിക്കൽ മാത്രമേ ടാപ്പ്ചെയ്യാവൂ.
7. ടാപ്പ്ചെയ്യുമ്പോൾ മുറിവിന്റെ ആഴം തണ്ണിപ്പട്ടയോട് ഒരുമില്ലിമീറ്റർ അടുത്തുവരെയെ ആകാവൂ. വെട്ടുചാലിന് ഉള്ളിലേക്ക് ചെറിയ ചെരിവുകൊടുത്ത് ടാപ്പ്ചെയ്യുന്നത് പാൽ ചാലിനു പുറത്തേക്ക് ഒഴുകിപ്പോകാതിരിക്കാൻ സഹായിക്കും. ടാപ്പിങ്ങിന്റെ ആഴം കൂടിപ്പോയാൽ തണ്ണിപ്പട്ടയ്ക്ക് മുറിവേറ്റ്, പുതുപ്പട്ടയുടെ വളർച്ചയെ ബാധിക്കും. ആഴം കുറഞ്ഞുപോയാൽ ആദായം കുറയുകയും ചെയ്യും.
8. ടാപ്പിങ്ങിന്റെ ഇടവേള അനുസരിച്ച് അരിയുന്ന പട്ടയുടെ കനം വ്യത്യാസപ്പെടുത്തണം. മൂന്നുദിവസത്തിലൊരിക്കൽ ടാപ്പ്ചെയ്യുമ്പോൾ 1.75 മില്ലിമീറ്ററും, നാലു ദിവസത്തിലൊരിക്കലാണെങ്കിൽ രണ്ടു മില്ലിമീറ്ററും ആഴ്ചയിലൊരിക്കലാണെങ്കിൽ രണ്ടര മില്ലിമീറ്ററും കനത്തിൽ ടാപ്പ് ചെയ്യണം.
9. റബർബോർഡ് ശുപാർശചെയ്ത രീതിയിൽ ഉത്തേജകമരുന്ന് പുരട്ടിയാൽ ആദായത്തിൽ കുറവുവരാതെതന്നെ ടാപ്പിങ്ങിന്റെ ഇടവേള കൂട്ടാൻപറ്റും.
10. വണ്ണമെത്തിയ മരങ്ങൾ ടാപ്പ്ചെയ്യാതിരുന്നാൽ പൊട്ടിയൊലിക്കുമെന്നത്, ചില കർഷകർക്കെങ്കിലുമുള്ള ഒരു തെറ്റിധാരണയാണ്. രോഗ‐കീട ബാധകൾ ഉണ്ടാകുമ്പോൾ മാത്രമാണ് മരങ്ങൾ പൊട്ടി പാൽ പുറത്തേക്കൊഴുകുന്നത്.

വിവരങ്ങൾക്ക് റബർബോർഡ് കോൾസെന്ററിൽ വിളിക്കാം ( നമ്പർ 0481 257 66 22).
റബ്ബർബോർഡിൽ ഫാം ഓഫീസറാണ് ലേഖകൻ.



deshabhimani section

Related News

View More
0 comments
Sort by

Home