തിയോഗിലേത് തുടരുന്ന പോരാട്ടങ്ങളുടെ വിജ‌യം: രാകേഷ് സിംഗ സംസാരിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 09, 2018, 12:11 PM | 0 min read

കൊച്ചി > "തിയോഗില്‍ ഞങ്ങള്‍ നേടിയ വിജയം പെട്ടെന്നുണ്ടായതല്ല; കഴിഞ്ഞ പത്തുവർഷമാ‌യി സിപിഐ എമ്മും വർഗ‐ബഹുജന സംഘടനകളും നേതൃത്വം കൊടുത്ത നിരവധി സമരങ്ങളുടെ തുടര്‍ച്ചയാണ് ആ തെരഞ്ഞെടുപ്പ് വിജയം" - ഹിമാചല്‍ പ്രദേശിലെ തിയോഗ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് വിസ്‌മയ വിജയം നേടിയ സിപിഐ എം നേതാവ്  രാകേഷ് സിംഗ പറഞ്ഞു. കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കൊച്ചിയിലെത്തിയതാണ് പാര്‍ടി മുന്‍ കേന്ദ്രകമ്മിറ്റി അംഗം കൂടിയായ അദ്ദേഹം .

ഹിമാചല്‍ സര്‍ക്കാരിനെതിരായ ജനകീയ സമരങ്ങളില്‍ പാര്‍ട്ടി സജീവ പങ്കു വഹിച്ചു. സിംലയില്‍ സ്കൂള്‍വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളെ പിടിയ്ക്കാന്‍ വേണ്ടി നടന്ന പ്രക്ഷോഭത്തിലും പാര്‍ട്ടി മുന്‍ നിരയിലുണ്ടായിരുന്നു .തിയോഗിലെ വിജ‌യം ഇത്തരത്തിൽ പാർടിയും വർഗ‐ബഹുജന സംഘടനകളും നേതൃത്വം കൊടുത്ത നിരവധി സമരങ്ങളിലൂടെ ആർജ്ജിച്ച ജനപിന്തുണയുടെ കൂടി ഫലമാണ് ‐ രാകേഷ് സിംഗ പറഞ്ഞു.
 
ഹിമാചലിൽ പാർടിയുടെ സ്വാധീനം വർധിപ്പിക്കുന്നതിൽ എസ്എഫ്ഐ‌യും കിസാൻസഭയും വലിയ പങ്കാണ് വഹിക്കുന്നത്. വിദ്യാർഥികളുടെ അവകാശങ്ങൾക്കാ‌യും വർഗ്ഗീയതക്കെതിരെയുമുള്ള നിലയ്ക്കാത്ത കലഹത്തിലൂടെ‌യാണ് എസ്എഫ്ഐ നിലനിൽക്കുന്നത്. പോരാട്ടമില്ലാതെ എസ്എഫ്ഐക്ക് നിലനിൽപ്പില്ല- ഹിമാചൽ പ്രദേശ് ‌യൂണിവേഴ്സിറ്റി‌യിലെ എസ്എഫ്ഐ‌യുടെ പഴയ വിദ്യാർഥി യൂണിയൻ പ്രസിഡന്റിന്റെ വാക്കുകളിൽ ആവേശം നിറഞ്ഞു.

ഹിമാചലിൽ കർഷകർ ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ആപ്പിൾ കർഷകരട്ക്കം സമരരംഗത്താണ്. രാജ്യത്തുടനീളം കർഷക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കിസാൻസഭ ഹിമാചലിലും കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ മുന്നിലുണ്ട്. ഇത് കർഷകർക്കിടയിൽ പാർടി‌യുടെ പിന്തുണ വർധിപ്പിച്ചിട്ടുണ്ടെന്നും കിസാൻ സഭയുടെ ദേശീ‌യ വൈസ് പ്രസിഡന്റുകൂടിയായ രാകേഷ് സിംഗ പറഞ്ഞു.      

''തിയോഗില്‍ ഒട്ടേറെ കോണ്‍ഗ്രസുകാരുടെ വോട്ടും എനിക്ക് ലഭിച്ചു. കോണ്‍ഗ്രസ് ഞങ്ങളെ പിന്തുണച്ചു എന്നത് കള്ളക്കഥയാണ്. അവിടെ അവര്‍ക്ക് സ്ഥാനാര്‍ഥിയുണ്ടായിരുന്നു. പക്ഷെ അവരുടെ അണികള്‍ നിരാശരാണ്. ശരി‌യായ ബദൽ ഉയർത്താനായാൽ ഇപ്പോൾ കോൺഗ്രസിലും ബിജെപിയിലും പ്രതീക്ഷ‌യർപ്പിച്ചിരിക്കുന്ന ജനങ്ങൾ പാർടിയുടെ കൂടെ അണിനിരക്കുമെന്നതിന് തെളിവാണ് തിയോഗിലെ വിജയം. സിപിഐ എം സംഘടനാപരമാ‌യി ഹിമാചലിൽ ശക്തമല്ല. അതുകൊണ്ടുതന്നെ മാധ്യമ പിന്തുണയുമില്ല. എങ്കിലും അവിടെ കോൺഗ്രസിനൊപ്പം നിന്നിരുന്ന ഒരു വലി‌യ ജനവിഭാഗത്തിന്റെയടക്കം വിശ്വാസം നേടാൻ പാർടിക്ക് കഴിഞ്ഞു''- രാകേഷ് സിംഗ ദേശാഭിമാ‌നിയോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home