മനുഷ്യനും യന്ത്രവും മത്സരിക്കുന്ന ഒളിമ്പിക്സ്

റോബോട്ടിക്സ് രംഗത്ത് തങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ പറ്റിയ അവസരമായാണ് ദക്ഷിണ കൊറിയ അടുത്തയാഴ്ച ആരംഭിക്കുന്ന ശീതകാല ഒളിമ്പിക്സിനെ കാണുന്നത്. ഒളിമ്പിക്സ് നഗരിയില്‍ നിങ്ങള്‍ക്ക് വഴിതെറ്റിയാല്‍ അവിടെ കറങ്ങിനടക്കുന്ന ഏതെങ്കിലും റോബോട്ടിനോട് സഹായം ചോദിക്കാം. അതും, നാല് ഭാഷകള്‍ സംസാരിക്കുന്ന ബഹുഭാഷിയായ യന്ത്രമനുഷ്യന്‍.
ഇതു മാത്രമല്ല, കുടിക്കാന്‍ വല്ലതും വേണമെങ്കിലും റോബോട്ടുകളോട് പറഞ്ഞാല്‍മതി. ഈ ശിങ്കിടികള്‍ പാനീയങ്ങളുമായി ഓടിയെത്തും. വേദിയും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാന്‍ തൂപ്പുതൊടപ്പ് ജോലികളും ഇത്തരം യന്ത്രമനുഷ്യരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതും ജോലി കഴിഞ്ഞ് ചാര്‍ജിങ് പോയിന്റില്‍ പോയി ചാര്‍ജ്ചെയ്യുന്നതരം ബുദ്ധിയുള്ള റോബോട്ടുകള്‍. ഇനി ആപത്ഘട്ടങ്ങളില്‍ സഹായിക്കണമെങ്കിലും അതിനുള്ള റോബോട്ടുകളും തയ്യാറാണ്. കഴിഞ്ഞില്ല. കഴിഞ്ഞ മത്സരങ്ങളുടെ ചിത്രങ്ങള്‍ ‘വരയ്ക്കാനും’ ഒളിമ്പിക്സിലെ റോബോട്ടുകള്‍ക്ക് കഴിയും. ഇത്തരം 80 റോബോട്ടുകളാണ് ഒളിമ്പിക്സ്നഗരിയെ കൂടുതല്‍ കൌതുകകരമാക്കുന്നത്. ഇതൊരു തുടക്കമായാണ് കൊറിയന്‍ സാങ്കേതിക കമ്പനികള്‍ കാണുന്നതെങ്കിലും, എന്തെങ്കിലും അബദ്ധം ഈ റോബോട്ടുകള്‍ കാണിച്ചാല്‍ കുറച്ചൊന്നുമാവില്ല നാണക്കേട്.
കൊറിയന്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ എട്ടു കമ്പനികളാണ് ഈ ഗെയിംസ് മുന്നില്‍ കണ്ടുകൊണ്ട് 2016 മുതല്‍ഇത്തരം റോബോട്ടുകളെ തയ്യാറാക്കാന്‍ സഹായിച്ചത്. കൊറിയയിലെ കെയ്സ്റ്റ് എന്ന സാങ്കേതിക സര്‍വകലാശാലയാണ് ഈ സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തിനു ചുക്കാന്‍പിടിക്കുന്നത്. 10 കോടിയോളം രൂപയ്ക്ക് തത്തുല്യമായ സാമ്പത്തികസഹായം ഈ കമ്പനികള്‍ സര്‍ക്കാരില്‍നിന്ന് വാങ്ങിയിട്ടുണ്ട്.
ഈ 80 റോബോട്ടുകളില്‍ ഒരെണ്ണം ഒളിമ്പിക്സ് മാസ്കറ്റായ സൂഹോറോങ് എന്ന പുലിയുടെ റോബോട്ട്പതിപ്പാണ്. ഇത്രയൊക്കെയായ സ്ഥിതിക്ക് കൊറിയയില്‍നിന്ന് മത്സരത്തിന് പങ്കെടുക്കുന്നതുംകൂടി യന്ത്രമനുഷ്യന്‍ ആയിക്കൂടെ എന്നാണോ നിങ്ങളുടെ ചോദ്യം? അതിലും ഒരുകൈ നോക്കുന്നുണ്ട് ഇവര്‍. 10 റോബോട്ടുകള്‍ പങ്കെടുക്കുന്ന സ്കീയിങ് മത്സരം ഒളിമ്പിക്സിന് സമാന്തരമായി നടക്കുന്നുണ്ട്. വായിക്കുന്നത് ഭാവിയില്‍ വരാന്‍പോകുന്ന കാല്‍പ്പനിക കഥകളല്ല; മറിച്ച് ഇന്നത്തെ സാങ്കേതികവിദ്യയാണ് എന്നൊന്ന് ഓര്‍മിപ്പിക്കുന്നു. മീനിന്റെ രൂപത്തിലുള്ള റോബോട്ടുകളുടെ നീന്തല്‍മത്സരവും ഇങ്ങനെ സമാന്തരമായി സംഘടിപ്പിച്ചിട്ടുണ്ട്.
യന്ത്രമനുഷ്യരും, മനുഷ്യനിര്‍മിത സോഫ്റ്റ്വെയറും തമ്മിലുള്ള നിലനില്‍പ്പിനുവേണ്ടിയുള്ള ഒരു മത്സരമാണോ ഭാവിയില്‍ നമ്മളെ കാത്തിരിക്കുന്നത്? അല്ല മനുഷ്യനും യന്ത്രവും സൌഹാര്‍ദപൂര്‍ണമായി ജീവിക്കുന്ന ഒരു ലോകമോ? പ്രവചനങ്ങള്‍ രണ്ടു ദിശയിലേക്കുമുണ്ട്. ഈ ഒളിമ്പിക്സ് ഭാവിയിലേക്കുള്ള ഒരു ജാലകം നമുക്ക് തുറന്നുതരുമെന്നതില്‍ സംശയമില്ല.









0 comments