തണുപ്പുകാലം

തണുപ്പുകാലം എത്തിക്കഴിഞ്ഞു. അതോടൊപ്പംതന്നെ മഞ്ഞുകാലരോഗങ്ങളുടെയും കാലമായി. ജലദോഷംമുതല്‍ ആസ്ത്മവരെയുള്ള രോഗങ്ങളുടെ കാലമാണിത്. ഈ മാറിയ കാലാവസ്ഥയെ നേരിടാന്‍ നമ്മുടെ ശരീരവും തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്ന് നാം മനസ്സിലാക്കണം. അതിന് ധാരാളം ഊര്‍ജവും പോഷകങ്ങളും ശരീരത്തിന് ആവശ്യമാണ്. അതിനാല്‍ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ചും, ആരോഗ്യവും ഉന്മേഷവും പ്രദാനംചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ തണുപ്പുകാലത്ത് ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
ഏതൊരു കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി ഉണ്ട്. തണുപ്പുകാലത്ത് നമ്മുടെ ശരീരം പോഷണത്തിനൊപ്പം ചൂടും ആഗ്രഹിക്കുന്നു. ഒപ്പംതന്നെ പനി, ചുമ, ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടല്‍, ദഹനക്കുറവ്, ഛര്‍ദില്‍, വാതം എന്നിങ്ങനെയുള്ള രോഗങ്ങളെ അതിജീവിക്കുകയും അകറ്റിനിര്‍ത്തുകയും വേണം. നമുക്ക് ഏറ്റവും കൂടുതല്‍ വിശപ്പ് തോന്നുന്ന കാലാവസ്ഥയും തണുപ്പുകാലമാണ്. ദഹനവ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കുകയും പോഷകങ്ങള്‍ ശരിയായി ശരീരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു ഈ കാലത്ത്, അങ്ങനെയുള്ള ഈ തണുപ്പുകാലത്ത്, ആഹാരരീതികളിലും ജീവിതരീതികളിലും എന്തെല്ലാം ശ്രദ്ധിക്കണമെന്നുനോക്കാം.
ആദ്യമായി, ശരീരത്തിന്റെ രോഗപ്രതിരോധശേഷി (Immunity boosting foods) വര്‍ധിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തുന്നതില്‍ ശ്രദ്ധയുണ്ടാകണം. അതായത് ഫ്രഷ് ആയതും, ശുദ്ധമായതും, പ്രകൃതിദത്തവും, എളുപ്പം ദഹിക്കുന്നതുമായ വസ്തുക്കള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ഉണങ്ങിയ പഴങ്ങള്‍, നട്സ്, മുഴുധാന്യങ്ങള്‍, പയര്‍-പരിപ്പുവര്‍ഗങ്ങള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, നെയ്, ഒപ്പം ചില സുഗന്ധവസ്തുക്കള്‍ക്കും ഈ കഴിവുണ്ട്.
പച്ചക്കറികളും പഴങ്ങളും തെരഞ്ഞെടുക്കുമ്പോള്‍ കടുത്ത നിറങ്ങളായ പര്‍പ്പിള്‍, ചുവപ്പ്, ഓറഞ്ച് എന്നിവ ഉള്‍പ്പെടുത്തുക. ധാരാളം ആന്റി ഓക്സിഡന്റുകളും വൈറ്റമിനും നിറഞ്ഞ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഊര്‍ജം നിലനിര്‍ത്താനും സഹായിക്കുന്നു. ഉദാ: തക്കാളി, നാരങ്ങ, കാബേജ്, മത്തന്‍, ചുവന്നചീര.
പനി, ജലദോഷം മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്ക് കാരണമായ വൈറസുകളെ നേരിടാനുള്ള രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സിംഗിന് കഴിവുണ്ട്. കടല്‍വിഭവങ്ങള്‍, ചീര, പയറുവര്‍ഗങ്ങള്‍, നട്സ് എന്നിവ ഉത്തമ സ്രോതസ്സുകളാണ്. രോഗങ്ങളെ പ്രതിരോധിക്കാനും, ശരീരക്ഷീണം അകറ്റാനും അയണ്‍ സഹായിക്കുന്നു. റെഡ്മീറ്റ്, പരിപ്പ്, കടല, ഇലക്കറികള്‍ എന്നിവ അയണ്‍ ഉറപ്പുവരുത്തുന്നു.
രോഗപ്രതിരോധശക്തിയുടെ മുഖ്യഘടകമായ വൈറ്റമിന്‍ ബി12 സാല്‍മണ്‍, പാല്‍, മുട്ട, ചീസ് എന്നിവയില്‍ കാണപ്പെടുന്നു. മണ്ണിനടിയില്‍ കാണുന്ന എല്ലാതരം കിഴങ്ങുവര്‍ഗങ്ങളും ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്നവയാണ്. ഉദാ: ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാരറ്റ്, റാഡിഷ്, സവാള, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍ എന്നിവ.ധാന്യങ്ങളായ ഗോതമ്പ്, ബ്രൌണ്‍ റൈസ് എന്നിവയും ദഹനസമയത്ത് ശരീരതാപനില ഉയര്‍ത്തുന്നു.
വൈകുന്നേരങ്ങളില്‍ തണുത്ത പാനീയങ്ങള്‍ ഒഴിവാക്കുക
തണുപ്പുകാലത്ത് വൈകുന്നേരങ്ങളില്‍ തണുത്ത പാനീയങ്ങളായ ജ്യൂസുകള്‍, മില്‍ക് ഷെയ്ക്ക്, കോള എന്നിവ ഒഴിവാക്കി അത്താഴത്തിനുമുമ്പ് ചിക്കന്‍ സൂപ്പോ, വെജിറ്റബിള്‍ സൂപ്പോ കഴിക്കുന്നത് ശരീരത്തിന് ഉന്മേഷം പ്രദാനംചെയ്യുന്നു. പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കി പ്രകൃതിദത്ത മധുരകലവറകളായ തേന്‍, ശര്‍ക്കര, പനംകല്‍ക്കണ്ടം, സ്വീറ്റ് കോണ്‍, ഫ്രൂട്ട് ജ്യൂസ് എന്നിവ ഉപയോഗിക്കുക.
തണുപ്പുകാലത്ത് ശരീരത്തിന് 1-5-2 ലിറ്റര്‍ ശുദ്ധജലം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക. ജലത്തിനൊപ്പംതന്നെ ചുക്കുകാപ്പി, ഗ്രീന്‍ടീ, ഫ്ളേവേര്‍ഡ് ടീ (ജിഞ്ചര്‍, പുതിന, ഹണി), പെപ്പര്‍ ടെര്‍മറിക് മില്‍ക് എന്നിവയും പരീക്ഷിക്കാവുന്നതാണ്.
ഉണക്കമുന്തിരി, ഈന്തപ്പഴം, പപ്പായ, പൈനാപ്പിള്‍ എന്നിവയും തണുപ്പുകാലത്തിന് അനുയോജ്യമായ പഴങ്ങളാണ്. പാചകത്തിന് ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, കുരുമുളക്, ചുവന്ന ഉള്ളി എന്നിവയുടെ ഉപയോഗം ജലദോഷം, ചുമ, കഫക്കെട്ട് എന്നീ അസുഖങ്ങളുടെ കാഠിന്യം കുറയ്ക്കുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം വ്യായാമവും വളരെ പ്രധാനമാണ്. തണുപ്പുകാലമാണെങ്കിലും ശരീരത്തിന് സൂര്യപ്രകാശത്തിന്റെ ലഭ്യത വൈറ്റമിന്‍ ഡി ഉറപ്പുവരുത്തുന്നു. യോഗ ശീലിക്കുന്നതും ശ്വസനപ്രക്രിയ സുഗമമാക്കുന്നു. അരമണിക്കൂര്‍ വ്യായാമവും ഏഴുമണിക്കൂറെങ്കിലും സുഖനിദ്രയും ഉറപ്പുവരുത്തുക.
ഇങ്ങനെ ശരിയായ ഒരു ഭക്ഷണക്രമവും, മാനസിക ഉല്ലാസവും, ചെറുവ്യായാമങ്ങളും, നല്ല ഉറക്കവും നാം ഉറപ്പുവരുത്തിയാല്‍ ഈ തണുപ്പുകാലം രോഗങ്ങളില്ലാതെ ഉന്മേഷത്തോടെ നമുക്ക് ആസ്വാദ്യകരമാക്കാം.
(തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ ഡയറ്റീഷ്യനാണ് ലേഖിക)









0 comments