ബോട്ടുകള്‍മുതല്‍ സുരക്ഷ വരെ

സാങ്കേതികമേഖല കണ്ട ഒരു ഓട്ടോമേഷന്‍ തരംഗത്തിന്റെ വര്‍ഷമായാണ് കടന്നുപോകുന്നത്. പണ്ട് കംപ്യൂട്ടര്‍ വന്നതുകൊണ്ട് മനുഷ്യര്‍ ചെയ്യുന്ന പല ജോലിയും ഇല്ലാതായപോലെ സാങ്കേതിക മേഖലയിലുള്ള ജോലികളും സാങ്കേതിക വിദ്യകൊണ്ട് പൂര്‍ണമായും (അല്ലെങ്കില്‍ ഇന്നത്തേതിലും കൂടുതല്‍) ചെയ്യിക്കാന്‍ വന്‍കിട കമ്പനികള്‍ നടത്തിയ നീക്കം കഴിഞ്ഞവര്‍ഷം കണ്ടു. ഉദാഹരണത്തിന് സോഫ്റ്റ്വെയര്‍ മേഖലയിലെ ടെസ്റ്റിങ്. ഒരു ടെസ്റ്റ് എന്‍ജിനിയര്‍ കോഡ് വായിച്ചുനോക്കി പിഴവുകള്‍ കണ്ടെത്തുന്നതിനു പകരം കോഡ് വായിച്ച് അതിലെ തെറ്റ് കണ്ടെത്തുന്ന ഒരു പ്രോഗ്രാം എഴുതുന്നതാണ് ഭേദമെന്ന് നാം മനസ്സിലാക്കിയ വര്‍ഷമായിരുന്നു ഇത്. ഇതുകൂടാതെ ഉപയോക്താക്കളുമായി ഇടപെടാന്‍ ബോട്ടുകളെ അഥവാ ബുദ്ധിയുള്ള സോഫ്റ്റ്വെയറിനെ ഉപയോഗിക്കാന്‍വരെ ചില കമ്പനികള്‍ കഴിഞ്ഞവര്‍ഷം ശ്രമിച്ചു. ഫോണിലെ ഐവിആര്‍എസിലെ ശബ്ദം ഒരു കംപ്യൂട്ടര്‍ ആണെന്ന് നമുക്ക് മനസ്സിലാവുന്ന രീതിയില്‍ ആയിരുന്നെങ്കില്‍ ഈ വര്‍ഷം നമ്മുടെ ഇടയിലേക്ക് വന്ന ചില ചാറ്റ് ബോട്ടുകള്‍ മനുഷ്യരല്ലെന്നു പറഞ്ഞാല്‍പോലും നമുക്ക് വിശ്വാസംവരില്ല. അത്രയ്ക്ക് ഒറിജിനല്‍ ബോട്ടുകള്‍ വന്ന വര്‍ഷമാണ് ഇത്. ഉദാഹരണത്തിന് എയര്‍ഫ്രാന്‍സിന്റെ ഫെയ്സ്ബുക്ക് ചാറ്റ്ബോട്ട്.
ലൈറ്റ്സ്, ക്യാമറ, ആക്ഷന്‍
ഇന്റര്‍നെറ്റ് സ്പീഡിലും ലഭ്യതയിലും കഴിഞ്ഞവര്‍ഷം ഇന്ത്യ കണ്ട കുതിച്ചുചാട്ടവും സ്മാര്‍ട്ട്ഫോണ്‍ വിപണിയിലും സാങ്കേതിക വിദ്യയിലും ഉണ്ടായ മുന്നേറ്റവും വീഡിയോയെ കൂടുതല്‍ പ്രിയപ്പെട്ടതാക്കിയ വര്‍ഷമാണ് 2017 . ഇതുകൂടാതെ ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകള്‍ പോക്കറ്റില്‍ ഒതുങ്ങിയ വര്‍ഷമായിരുന്നു ഇത്. ഇന്റര്‍നെറ്റും വി ആര്‍ ഹെഡ്സെറ്റുകളുംകൊണ്ട് പുതിയതരം വീഡിയോകള്‍ക്കായി കാത്തിരിക്കുന്ന ഒരുകൂട്ടം ഉപയോക്താക്കളെ 2017 നല്‍കി. ഇനി ഇതിനുവേണ്ടി ഇത്തരം വീഡിയോകള്‍ നിര്‍മിച്ച് ഉപയോക്താക്കളെ വശത്താക്കാന്‍ ബ്രാന്‍ഡുകള്‍ തമ്മിലുള്ള യുദ്ധങ്ങളാകും അടുത്തവര്‍ഷം നമ്മള്‍ കാണാന്‍പോകുന്നത്.
പറഞ്ഞാല്‍ മതി
ഇനി കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് നമുക്ക് 2017 കാണിച്ചുതന്നു. ഫോണ്‍ ചെയ്യാന്‍തൊട്ട് വഴിചോദിക്കാന്‍ വരെ ഫോണിലെ ഗൂഗിള്‍ അസിസ്റ്റന്റിനോട് പറഞ്ഞാല്‍ മതി. പാട്ടു വയ്ക്കാന്‍ മുതല്‍ കാബ് ബുക്ക്ചെയ്യാന്‍വരെ ആമാസന്‍ ഇക്കോയോട് പറഞ്ഞാല്‍? മതി. വോയിസ് അസിസ്റ്റന്‍ഡ് സംവിധാനങ്ങള്‍ക്ക് വന്‍ പ്രചാരം ലഭിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. വോയ്സ് ആക്റ്റിവേറ്റഡ് സാങ്കേതികവിദ്യ പുതിയതല്ലെങ്കിലും നമ്മളോളം ബുദ്ധിയുള്ള ഒന്നെന്ന നിലയിലേക്ക് ഉയര്‍ന്ന വര്‍ഷമായിരുന്നു ഇത്.
സുരക്ഷാവീഴ്ചകള്‍
സൈബര്‍ലോകത്ത് വാനാക്രൈ എന്ന മാല്‍വെയര്‍ താണ്ടവമാടിയ വര്‍ഷമായിരുന്നു ഇക്കഴിഞ്ഞവര്‍ഷം. ഇതുകൂടാതെ അമേരിക്കയിലെ ഇക്വിഫാക്സ് എന്ന ക്രെഡിറ്റ് റിപ്പോര്‍ട്ടിങ് കമ്പനിയില്‍നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നത്. ഇതുകൂടാതെ ചെറുതും വലുതുമായ നിരവധി ഹാക്കിങ് സംഭവങ്ങള്‍. ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ട ബാധ്യത അവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന കമ്പനികള്‍ക്ക് ഉണ്ടെന്നത് അടിവരയിട്ടു പറയുന്ന നിയമങ്ങള്‍ വേണം എന്നതുമാത്രമല്ല നമ്മളെ ഈ വര്‍ഷം പഠിപ്പിച്ചത്. ഇത്തരം സുരക്ഷാപിഴവുകള്‍ ഉണ്ടാകാതിരിക്കാന്‍ സാങ്കേതികമായി ചെയ്യാവുന്ന സുരക്ഷാനീക്കങ്ങള്‍ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് 2017 ഒന്നുകൂടി ഓര്‍മപ്പെടുത്തി. സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച അടുത്തവര്‍ഷംവരുന്ന ജിഡിപിആര്‍ എന്ന യൂറോപ്യന്‍ നിയമങ്ങള്‍ മറ്റു രാജ്യങ്ങളെ ഈ ദിശയിലേക്കു വഴികാട്ടുമെന്നും വിദഗ്ധര്‍ പറയുന്നു.









0 comments