ബസിനടിയിൽ കുടുങ്ങിയ കണ്ടക്ടർക്ക് രക്ഷകനായി പൊലീസുകാരൻ

അപകടത്തിൽപ്പെട്ട ബസ്
കൂത്താട്ടുകുളം
ബ്രേക് നഷ്ടപ്പെട്ട ബസിനടിയിൽ കുടുങ്ങിയ കണ്ടക്ടർക്ക് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥൻ. പാലക്കുഴ കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന അലോൺസ് ബസിന്റെ കണ്ടക്ടർ ഈരാറ്റുപേട്ട വാരിയത്തുകരോട്ട് സെബിൻ സാജുവിനെയാണ് (18) കൂത്താട്ടുകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി സി കൃഷ്ണചന്ദ്രനും നാട്ടുകാരുംചേർന്ന് രക്ഷപ്പെടുത്തിയത്.
ശനി രാവിലെ 8.45നാണ് സംഭവം. പാലക്കുഴ ഭാഗത്തുനിന്ന് യാത്രക്കാരുമായി എത്തിയ ബസ് കോഴിപ്പള്ളി ചാരംചിറ ഇറക്കത്തിൽ എത്തിയപ്പോൾ ബ്രേക് കിട്ടാതായി. തുടർന്ന് ബസിന്റെ വേഗം നിയന്ത്രിച്ച് റോഡിന് വശത്ത് ഒതുക്കി. കണ്ടക്ടർ സെബിൻ വാഹനത്തിന്റെ അടിയിൽക്കയറി തകരാർ പരിശോധിക്കുന്നതിനിടെ വാഹനം ഉരുണ്ട് നീങ്ങുകയായിരുന്നു.
സെബിന്റെ കാൽ ടയറിനും റോഡിനും ഇടയിൽ കുരുക്കി. ഇൗ സമയം അതുവഴി കടന്നുപോയ കൃഷ്ണചന്ദ്രൻ യാത്രക്കാരുടെയും സമീപവാസികളുടെയും സഹായത്തോടെ വാഹനം ഉന്തിമാറ്റി കണ്ടക്ടറെ പുറത്തെടുക്കുകയായിരുന്നു. സെബിനെ നിസ്സാര പരിക്കുകളോടെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments