കാറ്റില്‍ പാറിവരുന്ന പ്രകാശകണങ്ങള്‍

ചെറുകഥയാണ് ഭാവഗീതത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന കാവ്യേതര സാഹിത്യരൂപം. ആ വൈപഞ്ചികതയുടെ പരമാവധി വിനിയോഗമായിരുന്നു, ടി പത്മനാഭന്റെ കഥകള്‍. ഇതിവൃത്തത്തെ നേര്‍പ്പിച്ച് ഭാവൈക മാത്രമായ ഒരു മൂടല്‍മഞ്ഞലയുടെ നേര്‍മയാക്കുന്ന കലയാണത്. 'മഞ്ഞനിറമുള്ള റോസാപ്പൂവ്', 'ദേശ്- ഒരു ഹിന്ദുസ്ഥാനിരാഗം' എന്നിവപോലെ, ആ കലയുടെ അപൂര്‍വസുന്ദര ദൃഷ്ടാന്തങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട് ഈ കാഥികന്റെ ശില്‍പ്പശാലയില്‍.
'അതിവിചിത്രമനോഹരശില്‍പ്പമി-
പ്പുതിയ പൂ- കരകൌശലശാലയില്‍
ഇതിനൊടൊത്തൊരു ദന്തമയങ്ങളാം
കൃതികളില്ല, വിധേ, വിഭുതന്നെ നീ!'
എന്ന് ആശാന്‍ 'കപോതപുഷ്പ'ത്തെയും അതിനുപിന്നില്‍ പ്രവര്‍ത്തിച്ച പ്രാപഞ്ചിക ശില്‍പ്പവിധാനത്തെയും പ്രശംസിച്ചതാണോര്‍മ വരുന്നത്. 'ദന്തമയങ്ങളാം കൃതികള്‍' എന്നു പത്മനാഭന്റെ ചെറുകഥാശില്‍പ്പത്തെയും വിവരിക്കാം. ദന്തശില്‍പ്പങ്ങള്‍ സ്ഥൂലമല്ല, തീരെ ചെറുതും സൂക്ഷ്മവും കരവിരുതിന്റെ പാരമ്യം പ്രകടമാകുന്നവയുമാണവ. അപാരമായ മിഴിവും രൂപത്തികവും. ആഖ്യാനത്തിന്റെ അമ്മട്ടിലുള്ള 'ദന്തകാന്തി'യാണ് പത്മനാഭന്‍ മലയാളിയുടെ ഭാവുകത്വത്തില്‍ സന്നിവേശിപ്പിച്ചത്. കുമാരനാശാനും ജി ശങ്കരക്കുറുപ്പും മലയാളകവിതയെ കാല്‍പ്പനികതയുടെ ഒരു സവിശേഷവിതാനത്തില്‍ എത്തിച്ച കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ധമാണ് പത്മനാഭന്റെ കഥനഭാവനയെയും ആകൃതിപ്പെടുത്തിയത്. ആ മഹാകവികളുടെ കുലീനകാല്‍പ്പനികതയാല്‍ പരാഗണം സംഭവിച്ച കാഥികപ്രതിഭയാണ് പത്മനാഭന്റേത്. ആശാന്റെയും 'ജി'യുടെയും മികച്ച വരികളാല്‍ തൊടുകുറി ചാര്‍ത്തിയവയാണ് പത്മനാഭന്റെ മിക്ക കഥാസമാഹാരങ്ങളും. ആശാന്‍കവിത കഥാഗാത്രത്തില്‍ നേരിട്ട് ഇടംപിടിക്കുന്ന സന്ദര്‍ഭങ്ങളും വിരളമല്ല (ഏറ്റവും ഒടുവിലെഴുതിയ 'മരയ'യിലും ഇതു കാണാം). പത്മനാഭന്റെ കവിത്വവും കഥനചാതുരിയും ചേര്‍ന്നുനിര്‍മിക്കുന്ന ജുഗല്‍ബന്ദിയാണ് ആ കഥകള്‍.
കാവ്യാത്മകതയുടെ മിതവ്യയമാണ് ചെറുകഥയെ ഭാവഗീത ശില്‍പ്പത്തോടടുപ്പിക്കുന്നത്; വാക്കുകളേക്കാള്‍ മൌനത്തെ പ്രണയിക്കുന്ന വാഗ്മിതത്വവും. ഇതു രണ്ടും പത്മനാഭനില്‍ കാണാം; 'റഹിമാന്റെ ഭാര്യ പുഞ്ചിരിച്ചു. ഒരു മാതളപ്പൂവ് പതുക്കെ വിടരുന്നതുപോലെ മനോഹരമായ പുഞ്ചിരി!' (കടയനെല്ലൂരിലെ ഒരു സ്ത്രീ) എന്നതുപോലെ. ആഖ്യാനസ്വരത്തിലെ അന്തര്‍മുഖത്വവും ഏകാകിതയാല്‍ വിഷാദമധുരമായിത്തീര്‍ന്ന പേലവത്വവുമാണ് മറ്റൊരു ഘടകം. 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' എന്ന കഥയിലെ ആത്മഹത്യാതീരുമാനമെടുത്തു കഴിഞ്ഞ, ആ ഏകാകിയെ നോക്കൂ. ആത്മക്ഷതങ്ങളില്‍ ചോര കിനിയുന്ന, അന്തരംഗ വീഥികളില്‍ വൃഥാ ചുറ്റിത്തിരിയുന്ന, വെളിച്ചത്തേക്കാളേറെ ഇരുളിനോടിണങ്ങിക്കഴിഞ്ഞ മൌനിയും മ്ളാനിയുമായ ഒരു രാപ്പക്ഷിയെപ്പോലെയാണയാള്‍. ആ രാപ്പക്ഷിയെ വെളിച്ചത്തിന്റെ ഉജ്ജീവകമായ ലോകത്തേക്ക് നയിക്കുകയാണ് പെണ്‍കുട്ടി. അവള്‍ അയാളില്‍ത്തന്നെയായിരുന്നു എന്നും അവള്‍ അയാളുടെ ആത്മാവിന്റെ അംശമായിരുന്നു എന്നും ധ്വനിക്കുന്നിടത്താണ് 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി'യുടെ കഥനചാരുത. കഥയില്‍ നമ്മള്‍ വായിക്കുന്നു.
'ഹൃദയത്തിലെ പഴയ മുറിവ് വീണ്ടും പൊട്ടി ചോരകിനിയുവാന്‍ തുടങ്ങി. എന്റെ മനസ്സ് അസ്വസ്ഥമാവുകയാണ്.
അപ്പോള്‍- അപ്പോഴാണ് ആ ശബ്ദം കേട്ടത്. ആരോ പൊട്ടിച്ചിരിക്കുന്നു. ഞാന്‍ തിരിഞ്ഞുനോക്കി.
പ്രകാശം പരത്തുന്ന ആ പെണ്‍കുട്ടി! ഞാന്‍ അത്ഭുതപ്പെട്ടില്ല. അവളെ ഞാന്‍ എപ്പോഴും എവിടെയും പ്രതീക്ഷിക്കാറുണ്ട്. ഇരുട്ടുനിറഞ്ഞു കിടന്നിരുന്ന എന്റെ ജീവിതത്തില്‍ ഒരു കൊള്ളിമീന്‍പോലെ അവള്‍ പെട്ടെന്നു മിന്നിമറയുകയാണുണ്ടായത്. മായാത്ത ഒരോര്‍മയായി അവള്‍ അവശേഷിക്കുകയും ചെയ്തു. എന്റെ ആത്മാവില്‍ എന്നുതന്നെ പറയട്ടെ, അവളെ ഞാന്‍ വീണ്ടും കാണുകയാണ്.
പുറത്തെന്നപോലെ ആഖ്യാതാവിന്റെ അകത്തുമാണവള്‍. ഡാന്റെയുടെ 'ബിയാട്രീസി'നെപ്പോലെ, ഫ്ളോറന്‍സിലെ തെരുവീഥിയില്‍ ഒരിക്കല്‍ കണ്ടുമറഞ്ഞവള്‍ വീണ്ടും നരകകാണ്ഡമെഴുതിയപ്പോള്‍ അയാള്‍ക്ക് വഴിത്തുണയായെത്തുന്നു. പത്മനാഭന്റെ കഥയിലുമതേ, ഒരിക്കല്‍ കണ്ണില്‍ വീണ് പൊലിഞ്ഞ ഒരു തിളക്കമായിരുന്നു അവള്‍. അതോടെ അയാളുടെ ആത്മാവിന്റെ ശാശ്വതാംശമായിക്കഴിഞ്ഞ ആ കാന്തിഖണ്ഡത്തെ വീണ്ടും പുറത്തെടുത്ത് വഴി കണ്ടെത്തുകയാണയാള്‍. പത്മനാഭന്‍ കഥകളിലെ ഏകാകിതയുടെ ഇരുട്ടിലും അങ്ങിങ്ങ്, ചില പ്രസാദസ്ഫുരണങ്ങള്‍ കാണാം. ആശാന്റെ 'സ്ഫുടതാരകങ്ങള്‍' പോലെയും 'തൈജസകീടപംക്തി' പോലെയുമാണ് അവ. ആ തൈജസകീടങ്ങള്‍ പത്മനാഭന്‍ ഒടുവില്‍ എഴുതിയ 'മരയ' എന്ന കഥയിലും പറന്നിരിക്കുന്നുണ്ട്. ആ അര്‍ഥത്തില്‍ അത് ആദ്യകാല കഥയായ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി'യെ 'മരയ'യുമായി ബന്ധിച്ചുകൊണ്ട്, അത്രമേല്‍ ലോലവും അദൃശ്യവുമായ ഒരു ഭാവതന്തുവായി പ്രവര്‍ത്തിക്കുന്നു എന്നും പറയാം.
"ഇരുട്ടത്ത് ആരും കാണാതെ ഒറ്റയ്ക്ക് ഓരോന്നാലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ പണ്ടെന്നോ വായിച്ച കവിതയിലെ വരികള്‍ മനസ്സിലേക്ക് ഓടിവരും....'
ഞാന്‍ പറഞ്ഞു.
"കാറ്റില്‍ പാറിവരുന്ന 'തൈജസകീടപംക്തി' പോലെ അല്ലേ?''
അവര്‍ ഒരു നെടുവീര്‍പ്പോടെ ചോദിച്ചു:
"ആശാന്‍- അല്ലേ...?'' (മരയ)
ഇരുട്ടില്‍ ആരും കാണാതെ ഒറ്റയ്ക്ക് ഓരോന്നാലോചിച്ചിരിക്കുന്നവരാണ് പത്മനാഭന്റെ കഥാപാത്രങ്ങള്‍; തങ്ങളെ ആരും കണ്ടുപോകരുതെന്നപോലെ അവര്‍ ഇരുട്ടില്‍ അദൃശ്യരായി വര്‍ത്തിക്കുന്നു. ആ ഇരുട്ടില്‍ ചില പ്രകാശപുഞ്ജങ്ങള്‍- സമീപസ്ഥമോ വിദൂരസ്ഥമോ ആയവ അവര്‍ കാണുന്നു. അത് സ്നേഹത്തിന്റെയോ പ്രണയത്തിന്റെയോ കേവല മനുഷ്യനന്മയുടെയോ പ്രകാശകണികയാവാം. ഒരു വളര്‍ത്തുപൂച്ചയ്ക്കോ മൂകപുഷ്പത്തിനോ സസ്യത്തിനോ സംഗീതത്തിനോ പോലും അനേകാന്തമാക്കാവുന്ന ഏകാന്തതയാണത്. പത്മനാഭന്റെ കഥകളില്‍ മനുഷ്യസ്നേഹവും മനുഷ്യനന്മയും നഷ്ടപ്രണയവുമെല്ലാം കൂരിരുട്ടില്‍ സ്വയം പ്രകാശനക്ഷമമായ രത്നംപോലെ പ്രകാശിക്കുന്നു.
'മരയ'യിലെ നായികയായ കന്യാസ്ത്രീ പറയുംപോലെ, 'ഞാന്‍ ഏറെ വായിച്ചിട്ടുള്ളത് 'ഗൌരി'യും 'കടലു'മാണ്; 'ഗൌരി'യാണ് ഏറെ പോപ്പുലര്‍. പക്ഷേ എനിക്കിഷ്ടം കടലാണ്' എന്നു പറയാന്‍ ഈ ലേഖകനും കഴിയും; 'ഗൌരി'യെ, 'ഗൌരിയോടരിയ പുഷ്പഹേതിതന്‍/ വൈരിയായ വടുവിന്‍ സമാഗമം' എന്നെഴുതിയ ആശാന്റെ 'നളിനി'യുമായി ബന്ധിച്ചുകൊണ്ട് കെ പി അപ്പന്‍ നടത്തിയ കഥവായന, മലയാളനിരൂപണത്തിലെ മികച്ച നിമിഷങ്ങളില്‍ ഒന്നായിരുന്നു എന്നും. താന്‍ ലോകോത്തര കഥാകൃത്താണെന്നു പറഞ്ഞ യുവകഥാകാരനെ ശരിവച്ച എം പി ശങ്കുണ്ണിനായര്‍ 'വെറും ഭോഷ്കാ'യിരുന്നില്ല പറഞ്ഞത്!








0 comments