ശൈത്യകാലത്തെ ശ്വാസകോശരോഗങ്ങള്‍

തണുപ്പുകാലത്ത് ഈര്‍പ്പം അധികരിക്കുന്നതും, കാറ്റില്ലാത്തതും, അന്തരീക്ഷത്തിലെ പൂമ്പൊടികളും, മറ്റു പൊടിപടലങ്ങളും താഴത്തെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നത് അലര്‍ജിക്കും ആസ്ത്മയ്ക്കും കാരണമാകും. അതുകൊണ്ട് ശൈത്യകാലത്ത് ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. തണുപ്പ് ശ്വാസനാളങ്ങളുടെ പ്രതിരോധം കുറയ്ക്കാന്‍ പ്രധാന കാരണമാണ്. ക്രോണിക് ഒബസ്ട്രക്ടീവ് പള്‍മണറി ഡിസീസ് ഉള്ളവര്‍ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതകൂടും.
അതുകൊണ്ട് മഞ്ഞുകാലത്തോടൊപ്പം വരുന്ന ശ്വാസകോശരോഗങ്ങള്‍ തടയാനുള്ള ലളിതമാര്‍ഗങ്ങള്‍ പരിശോധിക്കാം.
1. അലര്‍ജി, ജലദോഷം മുതലായ രോഗമുള്ളവര്‍ അവരുടെ ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍, ഇന്‍ഹെയ്ലര്‍ മുതലായവ കൃത്യമായി ഉപയോഗിക്കുക.
2. പുകവലി പൂര്‍ണമായും ഒഴിവാക്കുക. പാസീവ് സ്മോക്കിങ് കഴിവതും ഒഴിവാക്കുക. പുകവലി ഒഴിവാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കുറഞ്ഞപക്ഷം വീടിനകത്തും, വാഹനങ്ങളിലും പുകവലി ഒഴിവാക്കുക.
3. വ്യായാമം പതിവാക്കുക. ശ്വാസതടസ്സമുണ്ടാകുന്നവര്‍ അവരവരുടെ ഇന്‍ഹെയ്ലര്‍ എടുത്തശേഷം വ്യായാമം ചെയ്യുക. തണുപ്പ് അധികമുള്ളപ്പോള്‍ ഔട്ട്ഡോര്‍ വ്യായാമം ഒഴിവാക്കുക. വ്യായാമത്തിനുമുമ്പ് 15 മിനിറ്റ് വാം അപ്പ് ചെയ്യുക.
4. താമസസ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കാരണം പൂമ്പൊടി, ധാന്യപ്പൊടി, വീടിനകത്ത് അടിഞ്ഞുകൂടുന്ന പൊടി എന്നിവ അലര്‍ജിയും ആസ്ത്മയും വര്‍ധിപ്പിക്കാനുള്ള കാരണമായേക്കാം. സീലിങ് ഫാന്‍, ജനാലകള്‍, കര്‍ട്ടന്‍ ഇവയൊക്കെ മാസത്തിലൊരിക്കല്‍ വൃത്തിയാക്കുക. കിടപ്പുമുറിയില്‍ വായുസഞ്ചാരം ഉറപ്പുവരുത്തുന്നവിധം വെന്റിലേഷന്‍ ക്രമീകരിക്കുക. കിച്ചന്‍, വാഷ് ഏരിയ, മുതലായ സ്ഥലങ്ങള്‍ ഈര്‍പ്പമില്ലാതെ സൂക്ഷിക്കുക. എന്തെന്നാല്‍ അലര്‍ജി ഉണ്ടാക്കുന്ന പൂപ്പലുകള്‍ ഈര്‍പ്പമുള്ള സ്ഥലങ്ങളിലാണ് പെരുകുന്നത്. അതുകൊണ്ട് എക്സ്ഹോസ്റ്റ് ഫാന്‍സ് പ്രവര്‍ത്തിപ്പിക്കുന്നത് ഫംഗസിന്റെ വളര്‍ച്ച കണ്‍ട്രോള്‍ചെയ്യാന്‍ സാധിക്കും.
വീടുപരിസരത്ത് അലര്‍ജിക്ക് കാരണമാകുന്ന പൂമ്പൊടി ഉല്‍പ്പാദിക്കുന്ന ചെടികള്‍ നട്ടുവളര്‍ത്താതിരിക്കുക. പുകയടുപ്പ് ഉപയോഗിക്കാതിരിക്കുക, പുകയുള്ള അന്തരീക്ഷം ആസ്ത്മ, ക്രോണിക് ഒബസ്ട്രക്ടീവ് പള്‍മണറി ഡിസീസ് എന്നിവ വഷളാക്കാന്‍ കാരണമാകും.
5. അമിതാഹാരം ഒഴിവാക്കുക. ഭക്ഷണക്രമവും, ഭക്ഷണവും ശ്രദ്ധിക്കുക. ശുദ്ധമായ പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുക. പൊരിച്ചതും എണ്ണയിലുണ്ടാക്കിയതുമായ ഭക്ഷണം ഒഴിവാക്കുക. ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വൈറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ ധാരാളം കഴിക്കുക. അലര്‍ജിക്ക് സാധ്യതയുണ്ടെന്ന് സംശയിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.
6. ദൂരയാത്രകള്‍ കഴിവതും ഒഴിവാക്കുക. ഒഴിവാക്കാന്‍പറ്റാത്ത യാത്രകളില്‍ തണുപ്പ് പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കൈയുറകള്‍, ഇയര്‍ മഫ്സ് എന്നിവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. യാത്രകള്‍ പോകുംമുമ്പ് അവരവരുടെ ഡോക്ടറെക്കൊണ്ട് വേണ്ട നിര്‍ദേശങ്ങള്‍ കൈക്കൊള്ളുക. പതിവായി ഉപയോഗിക്കുന്ന മരുന്നുകള്‍, ഇന്‍ഹെയ്ലര്‍ എന്നിവ കൃത്യമായി ഉപയോഗിക്കുകയും, അസുഖം മൂര്‍ച്ഛിച്ചാല്‍ ഉപയോഗിക്കേണ്ട മരുന്നുകളും കൈയില്‍ കരുതുക. യാത്രപോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തുള്ള മെഡിക്കല്‍ ഫെസിലിറ്റിയുടെ ഫോണ്‍നമ്പര്‍ അറിഞ്ഞുവയ്ക്കുക.
7. വാര്‍ഷിക ഫ്ളഷ്ഔട്ട് എടുക്കാന്‍ മറക്കാതിരിക്കുക, കാരണം വൈറല്‍ അണുബാധ ആസ്ത്മ, സിഒപിഡി മൂര്‍ച്ഛിക്കാനുള്ള പ്രധാന കാരണമാണ്.
8. ആസ്ത്മാ രോഗികള്‍ ഒരു ആസ്ത്മ ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കുക. ആസ്ത്മാ ആക്ഷന്‍ പ്ളാനില്‍ പതിവായി ഉപയോഗിക്കുന്ന ഇന്‍ഹെയ്ലര്‍, മരുന്നുകള്‍ എന്നിവ രേഖപ്പെടുത്തുക.
അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ഉപയോഗിക്കാനുള്ള മരുന്നുകള്‍, കാണുന്ന ഡോക്ടറുടെ പേര്, ഫോണ്‍നമ്പര്‍, അടുത്തുള്ള മെഡിക്കല്‍ സൌകര്യം എന്നിവ ഉള്‍പ്പെടുത്തുക.
കുട്ടികളാണെങ്കില്‍ അവരുടെ രക്ഷാകര്‍ത്താക്കളുടെ പേരും വിലാസവും ഫോണ്‍നമ്പറും ഉപയോഗിക്കുന്ന ഇന്‍ഹെയ്ലര്‍ എന്നിവ അവരുടെ ടീച്ചര്‍ക്കും കെയര്‍ടേക്കര്‍ക്കും കൊടുക്കുക.
(തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസറ്റാണ് ലേഖിക)









0 comments