പ്രമേഹം എന്ത്? രോഗനിര്‍ണയം, ചികിത്സ, പ്രതിരോധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2017, 05:04 PM | 0 min read

ലളിതമായി പറഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയെ ശരീരകോശങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനമോ പ്രവര്‍ത്തനമോ കുറയുന്നതാണ് പ്രമേഹത്തിന് മുഖ്യകാരണം. ഇന്‍സുലിന്റെ അളവ് കുറയുകയോ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ (ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്) ചെയ്യുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ ശരീരകോശങ്ങളിലേക്കുള്ള പ്രയാണം തടസ്സപ്പെടുകയും തന്മൂലം രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുകയും ചെയ്യുന്നു. ഇതിനുപറുമെ ഗ്ളൂക്കഗോണിന്റെ അമിത ഉല്‍പ്പാദനം, ഇന്‍ക്രറ്റിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനക്കുറവ്, കരളിന്റെ ഗ്ളൂക്കോസിന്റെ അമിത ഉല്‍പ്പാദനം, മാംസപേശികള്‍ ഗ്ളൂക്കോസ് വലിച്ചെടുക്കുന്നത് കുറഞ്ഞുപോവുക, വൃക്കകള്‍ അമിതമായി ഗ്ളൂക്കോസ് തിരിച്ചെടുക്കുന്നത്, ന്യൂറോട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനക്കുറവ്, കൊഴുപ്പിന്റെ അമിതമായ വിഘടനം ഇവയെല്ലാം പ്രമേഹരോഗത്തിനുള്ള വിവിധ കാരണങ്ങളാണ്. 

പ്രധാനമായും മൂന്നുതരം പ്രമേഹമാണ് കണ്ടുവരുന്നത്.

1. ടൈപ്പ് ഒന്ന് പ്രമേഹം: സാധാരണയായി കുട്ടികളിലും, ചെറുപ്പക്കാരിലും കണ്ടുവരുന്നു. ഇന്‍സുലിന്‍ മാത്രമാണ് ഇതിന് ചികിത്സ.
2. ടൈപ്പ് രണ്ട് പ്രമേഹം: സാധാരണയായി30 വയസ്സിനുമേല്‍ പ്രായമുള്ളവരെയാണ് ബാധിക്കുന്നത്. ജീവിതശൈലി രോഗമായ പ്രമേഹം ഇതാണ്. ഗുളികകള്‍ ഫലപ്രദമാണെങ്കിലുംവര്‍ഷങ്ങള്‍ക്കുശേഷം ഇന്‍സുലിന്‍ ആവശ്യമായേക്കാം.
3. ഗര്‍ഭാവസ്ഥയിലെ പ്രമേഹം: ഗര്‍ഭാവസ്ഥയില്‍ കണ്ടെത്തുന്ന പ്രമേഹം ഗര്‍ഭിണിയായി മൂന്നുമാസങ്ങള്‍ക്കുശേഷമാകും ഉണ്ടാകുന്നത്.
ഇതിനുപുറമെ മോഡി, ലാഡ, പാന്‍ക്രിയാസിലെ കല്ലുമൂലം ഉണ്ടാവുന്ന പ്രമേഹം (ഫൈബ്രോ കാല്‍ക്കുലസ് പാന്‍ക്രിയാറ്റിക് ഡയബെറ്റിസ്), ഗുളികകളും രാസവസ്തുക്കളും ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രമേഹം ഇവയെല്ലാം പ്രമേഹത്തില്‍പ്പെടുന്നു.

എന്തുകൊണ്ട് പ്രമേഹം 
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യതവര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍

(റിസ്ക് ഫാക്ടേഴ്സ്)
ജനിതക കാരണങ്ങള്‍:
രക്തബന്ധത്തില്‍പ്പെട്ട ആര്‍ക്കെങ്കിലും പ്രമേഹം ഉണ്ടെങ്കില്‍ വരുംതലമുറയ്ക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണ് (ജനിതകപരമായി ഉയര്‍ന്ന സാധ്യതയുള്ള വംശത്തില്‍പ്പെട്ടവര്‍(ഇന്ത്യക്കാര്‍ അത്തരത്തില്‍പ്പെട്ടവരാണ്).

അമിതവണ്ണം,അനാരോഗ്യ ഭക്ഷണരീതികള്‍:
കൊഴുപ്പും അന്നജവും കൂടുതലുള്ള ഭക്ഷണത്തിന്റെ അമിത ഉപയോഗം, നാരുകള്‍ കൂടുതലുള്ള ഇലക്കറികള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ഇവയുടെ ഉപയോഗക്കുറവ്, പഞ്ചസാരയുടെ അമിത ഉപയോഗം, പ്രോസസ് ചെയ്ത ഭക്ഷണത്തിന്റെയും ഫാസ്റ്റ്ഫുഡിന്റെയും അമിത ഉപയോഗം ഇതെല്ലാം പ്രമേഹസാധ്യത വര്‍ധിപ്പിക്കും.

ശാരീരിക നിഷ്ക്രിയാവസ്ഥ:
(വ്യായാമം ഇല്ലായ്മ, കൂടുതല്‍ സമയം ഇരുന്നുള്ള ജോലികള്‍, ഇതെല്ലാം പ്രമേഹസാധ്യത വര്‍ധിപ്പിക്കും).
മദ്യപാനം, പുകവലിയുടെ ഉപയോഗം, ഉറക്കമില്ലായ്മ, കൊളസ്ട്രോളിന്റെ അസന്തുലിതാവസ്ഥ, കടുത്ത മാനസികസംഘര്‍ഷം, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്നിവയും പ്രമേഹത്തിനു കാരണങ്ങളാണ്.

പ്രമേഹരോഗി നടത്തേണ്ട തുടര്‍പരിശോധനകള്‍
പ്രമേഹത്തിന്റെ ലക്ഷണങ്ങളും രോഗം നിര്‍ണയിക്കുന്നതിനുള്ള സാധാരണ രക്തപരിശോധനയും എല്ലാവര്‍ക്കും അറിയാം. പലപ്പോഴും ഒരു ലക്ഷണവുമില്ലെങ്കിലും ഹെല്‍ത്ത് ചെക്കപ്പ് നടത്തുമ്പോഴാകും പ്രമേഹം കണ്ടുപിടിക്കുക. തുടര്‍പരിശോധനകളെക്കുറിച്ച് പറയാം.

പ്രമേഹം കണ്ടുപിടിക്കപ്പെടുമ്പോഴും അതിനുശേഷം ഓരോ വര്‍ഷവും ആവര്‍ത്തിക്കേണ്ടതുമായവ- ഗ്ളൈക്കോസിലേറ്റഡ് ഹീമോഗ്ളോബിന്‍  , വെറും വയറ്റിലുള്ള ലിപിഡ് പ്രൊഫൈല്‍, കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം കാണിക്കുന്ന പരിശോധനകള്‍  , ഇലക്ട്രോ കാര്‍ഡിയോഗ്രാം  , കണ്ണിന്റെ റെറ്റിന പരിശോധന, പ്രമേഹപാദ പരിശോധന.

മൂന്നുമാസത്തിലൊരിക്കല്‍- ഗ്ളൈക്കേസിലേറ്റഡ് ഹീമോഗ്ളോബിന്‍
ആറുമാസത്തിലൊരിക്കല്‍- വെറുംവയറ്റിലുള്ള ലിപിഡ് പ്രൊഫൈല്‍
മാസത്തിലൊരിക്കല്‍- വെറുംവയറ്റിലും, ഭക്ഷണത്തിന് രണ്ടുമണിക്കൂര്‍ ശേഷവുമുള്ള രക്തത്തിലെ പഞ്ചസാരയുടെ പരിശോധന.

40 വയസ്സിന് മുകളിലുള്ളവര്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ ട്രെഡ്മില്‍ ടെസ്റ്റും നടത്തണം.
നമ്മുടെ ദൈനംദിനകാര്യങ്ങള്‍ അതേപടി പാലിച്ചിട്ടാവണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടത്. അല്ലാതെ രക്തപരിശോധനയ്ക്ക് ഏതാനും ദിവസത്തേക്ക് ഭക്ഷണനിയന്ത്രണവും, വ്യായാമവും ശരിയായ ജീവിതശൈലികളും പാലിച്ചതുകൊണ്ട് ഡോക്ടറെ കബളിപ്പിക്കാം എന്നല്ലാതെ മറ്റ് പ്രയോജനമെന്നും ഇല്ല. 
രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് ആ ദിവസങ്ങളില്‍ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാകും. ഗ്ളൈക്കോസിലേറ്റഡ് ഹീമോഗ്ളോബിന്‍ മൂന്നുമുതല്‍ നാലുമാസംവരെയുള്ള രക്തത്തിലെ ഗ്ളൂക്കോസിന്റെ ഒരു ആപേക്ഷികമൂല്യമാണ്. പരിശോധയ്ക്കുമുമ്പുള്ള മൂന്നുമുതല്‍ നാലുമാസം പ്രമേഹം നിയന്ത്രണവിധേയമായിരുന്നോ എന്ന് ഇതുവഴി മനസ്സിലാക്കാനാവും. ഇടയ്ക്കിടെ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറഞ്ഞുപോകുന്ന രോഗികള്‍, അനീമിയ ഉള്ളവര്‍, വൃക്കരോഗികള്‍, അടുത്തിടെ രക്തം കയറ്റിയവര്‍, രക്തംപോക്ക് ഉള്ളവര്‍ (ബ്ളീഡങ്), ഹീമോഗ്ളോബിനോപ്പതികള്‍ ഉള്ളവര്‍, രക്തത്തിലെ ട്രൈഗ്ളിസറൈഡുകള്‍ കൂടുതലുള്ളവര്‍, മഞ്ഞപ്പിത്തം ഉള്ളവര്‍ തുടങ്ങിയവരില്‍  മൂല്യം വിശ്വാസ്യയോഗ്യമാകില്ല.

തുടര്‍ച്ചയായ ഗ്ളൂക്കോസ് നിരീക്ഷണം:
പ്ര്രമേഹരോഗികള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ ഒരു പരിശോധനയാണിത്. ഒറ്റരൂപ നാണയത്തിന്റെ വലുപ്പത്തിലുള്ള ഒരു സെന്‍സര്‍ രോഗിയുടെ വയറിലോ കൈയുടെ പുറംഭാഗത്തോ ഒട്ടിച്ച്  ഓരോ 15 മിനിറ്റിലും രക്തത്തിലെ ഗ്ളൂക്കോസ് അളവ് രേഖപ്പെടുത്തുകയാണ് ഇതില്‍ ചെയ്യുന്നത്. പണ്ട് ഏഴുദിവസം മാത്രം കാലാവധിയുള്ള സെന്‍സറുകളാണ് ലഭ്യമായിരുന്നത്. എന്നാല്‍ 14 ദിവസംവരെ കാലാവധിയുള്ള സെന്‍സറുകള്‍ ലഭ്യമാണ്്. ഗ്ളൂക്കോസിന്റെ അളവുകള്‍ ചേര്‍ത്ത് രോഗിയുടെ പ്രമേഹാവസ്ഥയെ കാണിക്കുന്ന ഒരു ഗ്രാഫും ഇതില്‍നിന്നു ലഭിക്കും. ഏതെല്ലാം ഭക്ഷണങ്ങളാണ് രക്തത്തിലെ ഗ്ളൂക്കോസ് അളവ് കൂട്ടുന്നതെന്ന് രോഗിക്ക് മനസ്സിലാക്കാനും അതിനനുസരിച്ച് ഭക്ഷണനിയന്ത്രണം നടത്താനും അവര്‍ക്ക് കഴിയും.

ചികിത്സയില്‍ ശ്രദ്ധിക്കേണ്ടത്
പ്രമേഹം നിര്‍ണയിക്കപ്പെട്ടാല്‍ മരുന്നുകള്‍ തുടങ്ങുന്നതാണ് ഭാവിയില്‍ സങ്കീര്‍ണത തടയാന്‍ ഉത്തമം. പ്രമേഹ പൂര്‍വാവസ്ഥയിലാണെങ്കില്‍ ഭക്ഷണനിയന്ത്രണം,ചിട്ടയായ വ്യായാമം എന്നിവയിലൂടെ ചിലപ്പോള്‍ പ്രമേഹം ഇല്ലാത്ത അവസ്ഥ (ഡയബറ്റിക്സ് റിവേഴ്സല്‍) സംജാതമാക്കാനും സാധിച്ചേക്കാം.

പ്രമേഹം കണ്ടെത്തുന്ന അവസ്ഥയില്‍തന്നെ പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ബീറ്റാകോശങ്ങള്‍ ഏതാണ്ട് 50% ശതമാനത്തിലധികം നശിച്ചിട്ടുണ്ടാകും. ബാക്കിയുള്ള 50 ശതമാനം ബീറ്റാകോശങ്ങളെ സംരക്ഷിക്കുക എന്നതാണ് പ്രമേഹചികിത്സയുടെ മുഖ്യലക്ഷം. അതിനാല്‍ പ്രമേഹം പ്രാരംഭദിശയില്‍തന്നെ കണ്ടെത്തുന്നത് അതിന്റെ സങ്കീര്‍ണത ഒഴിവാക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ബീറ്റാകോശങ്ങളുടെ നശീകരണത്തിന് കാരണമാവും.അതിനാല്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചുകൊണ്ടുപോകേണ്ടത് അത്യന്താപേക്ഷിതമാണ്.

ആഹാരനിയന്ത്രണം

കഴിക്കുന്ന ആഹാരത്തിന്റെ ആകെ അളവ് നിയന്ത്രിക്കണം. കുറഞ്ഞ അളവില്‍ പല പ്രാവശ്യമായി ഭക്ഷണം കഴിക്കാന്‍ ശീലിക്കണം. അന്നജത്തിന്റെയും (അരി, ഗോതമ്പ്, കിഴങ്ങുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍) കൊഴുപ്പിന്റെയും (എണ്ണ അടങ്ങിയ ഭക്ഷണം, ഇറച്ചി,വറുത്തതും, പൊരിച്ചതുമായഭക്ഷണം) ഉപയോഗം കുറയ്ക്കണം. മധുരം (പഞ്ചസാര, ശര്‍ക്കര) അടങ്ങിയ ഭക്ഷണംതീര്‍ത്തുംഒഴിവാക്കണം.നാരുകള്‍ അടങ്ങിയ ഭക്ഷണം (ഇലക്കറി, പച്ചക്കറി) ധാരാളമായി ഉപയോഗിക്കാം. പഴവര്‍ഗങ്ങള്‍ ഇടനേരങ്ങളില്‍മിതമായിഉപയോഗിക്കാം.

മുടങ്ങാതെ ചികിത്സ
പ്രമേഹത്തിന്റെ ഓരോ കാരണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി മരുന്നുകള്‍ ലഭ്യമാണ്. രോഗിയുടെ പ്രായം, ശരീരഭാരം, ജീവിതശൈലി, പ്രമേഹത്തിന്റെ മറ്റു സങ്കീര്‍ണതകള്‍, പ്രമേഹാനുബന്ധരോഗങ്ങള്‍ എന്നിവയെല്ലാം കണക്കാക്കി ഓരോ രോഗിക്കും അവരവര്‍ക്ക് പ്രത്യേകം വേണ്ട ചികിത്സ ഒരു പ്രമേഹചികിത്സാ വിദഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രമാണ് തുടങ്ങേണ്ടത്. പ്രമേഹത്തിന്റെ തുടക്കത്തില്‍തന്നെ ആറുമാസത്തേക്കെങ്കിലും ഇന്‍സുലിന്‍ കുത്തിവയ്പ് തുടങ്ങുന്നപക്ഷം പ്രമേഹം ഇല്ലാത്ത അവസ്ഥയിലേക്ക് (ഡയബറ്റിക് റിവേഴ്സല്‍) പോകാന്‍ പലപ്പോഴും സാധിക്കാറുണ്ട്. ടൈപ്പ് 2 പ്രമേഹത്തിന് ഗുളികകള്‍ ഫലപ്രദമാണെങ്കിലും രോഗം പിടിപെട്ട് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇന്‍സുലിന്‍ ആവശ്യമായി വന്നേക്കാം.

വ്യായാമം പ്രധാനം
വയസ്സ്,  ജനിതക കാരണങ്ങള്‍ തുടങ്ങിയ ചില ഘടകങ്ങള്‍ മാറ്റാന്‍ സാധിക്കില്ല. എന്നിരുന്നാലും ശരിയായ ജീവിതശൈലികള്‍ സ്വായത്തമാക്കുകവഴി പ്രമേഹം പ്രതിരോധിക്കാവുന്നതാണ്.

ഇരിക്കുന്നത് പ്രമേഹസാധ്യത വര്‍ധിപ്പിക്കുമോ
'തുടര്‍ച്ചയായുള്ള ഇരിപ്പുകൊണ്ടുള്ള ദോഷങ്ങള്‍, പുകവലി മൂലമുള്ള ദോഷങ്ങള്‍ക്കു തുല്യമാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ സമയം ഇരിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കാനും, കുടയവര്‍ ഉണ്ടാകാനും വഴിയൊരുക്കും. ഇത് പ്രമേഹസാധ്യതയും കൂട്ടും. രണ്ടുമണിക്കൂര്‍, തുടര്‍ച്ചയായി ഇരിക്കുന്നത് അരമണിക്കൂര്‍ വ്യായാമംചെയ്യുന്നതിന്റെ ഫലം ഇല്ലാതാക്കും. കൂടുതല്‍സമയം ഇരിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ 45 മിനിറ്റില്‍ കൂടുതല്‍ തുടര്‍ച്ചയായി ഇരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചേ മതിയാകൂ.

ശാരീരികമായി സജീവമായിരിക്കുക:
ലിഫ്റ്റും എസ്കലേറ്ററുംഒഴിവാക്കി കോണിപ്പടികള്‍ കയറാന്‍ പരമാവധി ശ്രമിക്കണം. പറ്റുന്ന സന്ദര്‍ഭങ്ങളിലെല്ലാം നടക്കാന്‍ ശ്രമിക്കുക.

ചിട്ടയായ വ്യായാമം:
ശരീരഭാരം നിയന്ത്രിക്കാനും മാനസിക സംഘര്‍ഷം കുറയ്ക്കാനും, രക്തചംക്രമണം വര്‍ധിപ്പിക്കാനും വ്യായാമം സഹായിക്കും.
5.ശരീരഭാരം പൊക്കത്തിന് അനുപാതമായി നിയന്ത്രിച്ചു കൊണ്ടുപോകണം. ഇതിന് ഒരു സമവാക്യമുണ്ട്.
ഒരു വ്യക്തിക്ക് അനുയോജ്യമായ ശരീരഭാരം കണ്ടുപിടിക്കാന്‍  (സെന്റിമീറ്ററില്‍ അയാളുടെ പൊക്കം -100) ഃ 0.9.
മാനസികസംഘര്‍ഷം കുറയ്ക്കാനും മാനസികോല്ലാസം വര്‍ധിപ്പിക്കാനുമുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുക .
പുകവലിയും മദ്യപാനവും ഒഴിവാക്കുക.

(ആലപ്പുഴ കഞ്ഞിക്കുഴി കുടുംബാരോഗ്യകേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജനും ഐഎംഎ കൊച്ചി വനിതാവിഭാഗം മുന്‍ സെക്രട്ടറിയുമാണ് ലേഖിക) 

 [email protected]



deshabhimani section

Related News

View More
0 comments
Sort by

Home