വിജയ് ചിത്രം മെര്‍സലിനെതിരെ ബിജെപി; മോഡിയെയും ബിജെപി സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യം

ചെന്നൈ > മൂന്നൂറിലധികം തീയേറ്ററുകളില്‍ റിലീസ് ചെയ്ത് റെക്കോര്‍ഡ് കളക്ഷനും മികച്ച അഭിപ്രായവും നേടി മുന്നേറുന്ന വിജയ് ചിത്രം മെര്‍സലിനെതിരെ തമിഴ്‌നാട് ബിജെപി രംഗത്ത്.
സിനിമയില്‍ മോഡി സര്‍ക്കാരിനെയും ഭരണപരിഷ്‌കാരങ്ങളേയും വിമര്‍ശിക്കുന്ന നിരവധി ഭാഗങ്ങളുണ്ടെന്നും ഇത് എഡിറ്റ് ചെയ്തു നീക്കണമെന്നും ആവശ്യപ്പെട്ടാണു ബിജെപി സംസ്ഥാന അധ്യക്ഷ തമിഴരസി സൗന്ദര്‍രാജന്‍ രംഗത്തെത്തിയത്.
ജിഎസ്‌ടിയും ഡിജിറ്റല്‍ ഇന്ത്യയും ഗോരഖ്പ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം സിനിമയിലെ രംഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമര്‍ശിക്കുന്നുമുണ്ടെന്നുമാണ് ബിജെപി തമിഴ്‌നാട് ഘടകം പറഞ്ഞത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള വിജയിയുടെ തന്ത്രങ്ങളാണ് ഇതെല്ലാം, സമൂഹത്തിലേക്ക് തെറ്റായ സന്ദേശം എത്തിക്കാനാണ് വിജയ് ശ്രമിക്കുന്നതെന്നും തമിഴരസി ആരോപിച്ചു.
ഏഴ് ശതമാനം ജിഎസ്‌ടി നടപ്പിലാക്കുന്ന സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28 ശതമാനം ജിഎസ്‌ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് സിനിമയില്‍ ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗോരഖ്പ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനവുമെല്ലാം സിനിമയില്‍ ഹാസ്യ രൂപേണ വിമര്‍ശിക്കുന്നുണ്ട്. മോഡി നടപ്പിലാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നെ ഹാസ്യ താരം വടിവേലു അവതരിപ്പിച്ച കഥാപാത്രവും കളിയാക്കുന്നുണ്ട്. ഇതൊക്കെയാണ് ബിജെപിയെ ചിത്രത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ കടന്നുകയറ്റം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന മാറ്റങ്ങളും ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നവാസുദ്ധീന്‍ സിദ്ദീഖി ചിത്രം ബാബുമോഷായി ബന്ദൂക്കാബാസ് എന്ന ചിത്രത്തിലെ 48 ഭാഗങ്ങള്‍ വെട്ടി മാറ്റാന്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ചത് ഏറെ വിവാദമായിരുന്നു.
അതേസമയം, ആറ്റ്‌ലി സംവിധാനം ചെയ്ത മെര്‍സല്‍ കേരളത്തില്‍ നിന്നും നേടിയ ആദ്യദിന കളക്ഷന്‍ മാത്രം ആറുകോടിയിലേറെ രൂപയാണ്.









0 comments