പ്രവചിക്കാം ഹൃദ്രോഗം

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുന്നവരില്‍ 90 ശതമാനം പേരും തീവ്രപരിചരണവിഭാഗത്തില്‍ അകപ്പെടുമ്പോഴാണ് തങ്ങള്‍ക്കുണ്ടായ രോഗാവസ്ഥയുടെ കാഠിന്യങ്ങളെയും, സങ്കീര്‍ണതകളെപ്പറ്റി ചിന്തിക്കുന്നത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ നടത്തുന്ന പരിശോധനയിലാണ് തങ്ങള്‍ക്ക് വര്‍ധിച്ച കൊളസ്ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഒക്കെയുണ്ടെന്ന് മനസ്സിലാക്കുന്നത്. ഈ രോഗാവസ്ഥകള്‍ നേരത്തെ കണ്ടുപിടിച്ച് ഉചിതമായ ചികിത്സാപദ്ധതികള്‍ സമയോചിതമായി ആരംഭിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ മാരകാവസ്ഥയില്‍നിന്ന് രക്ഷപ്പെടാമായിരുന്നുവെന്ന് വ്യാകുലപ്പെട്ട് അവര്‍ തളരുന്നു.
എന്നാല്‍ ജീവിതത്തിന്റെ ശീഘ്രഗതിയിലുള്ള പ്രയാണങ്ങളില്‍ ഇടംവലം നോക്കാതെ മുന്നോട്ടുകുതിക്കുമ്പോള്‍ ജീവനെ താങ്ങി നിര്‍ത്തുന്ന പല സുപ്രധാന ഘടകങ്ങളെപ്പറ്റിയും ഓര്‍ക്കാന്‍ ആര്‍ക്ക് സമയം. ഈ സമയക്കുറവുതന്നെയാണ് പ്രശ്നങ്ങളിലേക്ക് അയാളെ വലിച്ചിഴച്ചതും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പലരും ഉദാസീനരാണ്. പെട്ടെന്ന് മരിക്കുമെന്ന് പറഞ്ഞാലും അങ്ങനെയൊന്നും കുലുക്കംതട്ടാത്ത അവസ്ഥയിലെത്തിച്ചേരുന്നു നമ്മള്‍. പിന്നീട് മരിച്ചുവീഴുന്നതിന് തൊട്ടുമുമ്പാണ് ചെയ്യാമായിരുന്ന പലതും ഓര്‍ത്ത് വിഷണ്ണരാകുന്നത്.
എങ്ങനെ മനസ്സിലാക്കാം
ഒരാള്‍ക്ക് ഹൃദ്രോഗമോ അതിന്റെ മൂര്‍ത്തിമത്ഭാവമായ ഹാര്‍ട്ട് അറ്റാക്കോ ഉണ്ടാകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുമെന്നുപറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. അയാളുടെ പ്രായവും ജീവിതരീതിയും ആഹാരശൈലിയും ഭാരവും ശരീരവടിവും വൃക്കനിലവാരവും ആപത്ഘടകങ്ങളുടെ അതിപ്രസരവും പാരമ്പര്യ പ്രവണതയും ഒക്കെ വിലയിരുത്തുമ്പാള്‍ അയാള്‍ക്ക് ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്ന് മരണപ്പെടാനുള്ള സാധ്യത അധികമായുണ്ടെന്ന് പ്രവചിക്കാന്‍ സാധിക്കും. വൈദ്യശാസ്ത്രം അത്രമാത്രം ഉയര്‍ച്ച പ്രാപിച്ചുകഴിഞ്ഞു. ഹൃദ്രോഗസാധ്യതയുടെ ഏറ്റക്കുറച്ചിലുകള്‍ അളന്നുതിട്ടപ്പെടുത്തുന്ന സവിശേഷ സൂചകങ്ങള്‍ ഇന്ന് സുലഭമാണ്. ആ മാനദണ്ഡങ്ങള്‍ വച്ച് നമ്മുടെ ശരീരത്തെ അളന്നുനോക്കണമെന്നു മാത്രം. ഉദാഹരണത്തിന് നമ്മുടെ കഴുത്തിലെ കരോട്ടിട് ആര്‍ട്ടറിയുടെ ഘടനാവൈകല്യം വിലയിരുത്തി ഹൃദയധമനികളുടെ ആരോഗ്യനിലവാരം തിട്ടപ്പെടുത്താന്‍ സാധിക്കും. സി ടി ആന്‍ജിയോഗ്രാഫിവഴി ഹൃദയധമനികളിലെ കാത്സ്യത്തിന്റെ അളവ് എത്രയെന്ന് അറിഞ്ഞാല്‍ ഭാവിയിലുണ്ടാകാന്‍ പോകുന്ന ഹൃദയാഘാതത്തെപ്പറ്റി പ്രവചിക്കാന്‍ സധിക്കും.
വിദേശത്തും അവശ്യഘടകങ്ങളുടെ രൂക്ഷതയെപ്പറ്റി അറിവുണ്ടായപ്പോള്‍ അത് നിയന്ത്രണവിധേയമാക്കാന്‍ അവര്‍ സന്നദ്ധരായി. ഇന്ത്യയിലാകട്ടെ ആ അറിവ് പലര്‍ക്കുമില്ല. ഇനി അറിവുള്ളവര്‍തന്നെ അതത്ര കാര്യമാക്കുന്നുമില്ല. വളരെ ചെറിയ പ്രായത്തില്‍പ്പോലും ഇന്ത്യക്കാര്‍ക്ക് ഹൃദ്രോഗസാധ്യത വര്‍ധിച്ചുവരുന്നതായി കാണുന്നു എന്ന യാഥാര്‍ഥ്യം ഇന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ താമസിക്കുന്നവരില്‍ മാത്രമല്ല, പ്രവാസികളായ ഇന്ത്യക്കാരിലും ഈ പ്രവണത കൂടുതലായി കാണുന്നു. ശക്തമായ പാരമ്പര്യപ്രവണത ഉള്ളവര്‍പോലും അപകട ഘടകങ്ങളുടെ നേര്‍ക്ക് ലാഘവത്വം കാട്ടുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നും. ആയുസ്സിന്റെ പുസ്തകത്തില്‍ എഴുതപ്പെട്ട നിങ്ങളുടെ ഇപ്പോഴത്തെ വയസ്സ് എത്രയെന്നറിയാന്‍ മാര്‍ഗമുണ്ടോ? ഇതിന് ജ്യോത്സ്യമോ ജാതകമോ നോക്കേണ്ട കാര്യമില്ല. എളപ്പത്തിലറിയാം. നിങ്ങളുടെ ഹൃദയത്തിന്റെ പ്രായമെത്രയെന്ന് അറിഞ്ഞാല്‍ മതി. നിങ്ങളുടെ ജനനതീയതി കുറിച്ചെടുക്കേണ്ടതില്ല. നിങ്ങളുടെ ഇപ്പോഴത്തെ യഥാര്‍ഥ പ്രായം നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യ-രോഗ സ്ഥിതിയെ അടിസ്ഥാനമാക്കി കണക്കുകൂട്ടിയെടുക്കേണ്ടതാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഹൃദയധമനികളുടെ ആരോഗ്യസ്ഥിതിയാണ് നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം നിര്‍ണയിക്കുന്നത്. സ്ഥിരമായി വ്യായാമത്തിലേര്‍പ്പെടുന്ന ഒരു അറുപതുകാരന്റ ഹൃദയത്തിന് വ്യായാമവിമുഖനായ ഇരുപതുകാരന്റെ ഹൃദയത്തോടൊപ്പം ശക്തിയും, ഊര്‍ജസ്വലതയുമുണ്ട്.
ആപത്ഘടകങ്ങള്‍
52 രാജ്യങ്ങളില്‍നിന്ന് 2700പേരെ ഉള്‍പ്പെടുത്തി നടത്തിയ പ്രഖ്യാതമായ 'ഇന്റര്‍ഹാര്‍ട്ട്' പഠനത്തില്‍ ഒമ്പത് ആപത് ഘടകങ്ങളുടെ (പുകവലി, രക്താതിമര്‍ദം, പ്രമേഹം, പെണ്ണത്തടി, വ്യായാമക്കുറവ്, മദ്യസേവ, കൊളസ്ട്രോള്‍, ആവശ്യമായ ആഹാരക്രമം, സ്്ട്രെസ്) അതിപ്രസരം 85 ശതമാനത്തോളം ഹൃദ്രോഗമുണ്ടാക്കാന്‍ കാരണമാകുന്നുവെന്ന് അസന്ദിഗ്ധമായി തെളിയിക്കാന്‍ കഴിഞ്ഞു. ഒമ്പത് അപകടഘടകങ്ങളെ സമയോചിതമായി നിയന്ത്രിക്കുകവഴി 85-90 ശതമാനത്തോളം ഹൃദ്രോഗസാധ്യത തടയാമെന്ന് വ്യക്തമാക്കുന്നു. അതിനുള്ള ആത്മാര്‍ഥ ശ്രമംതന്നെയാണ് അതും.
പ്രകൃതിതത്വങ്ങള്‍ക്ക് വിപരീതമായി പോഷണശാസ്ത്രത്തെ മാറ്റിമറിച്ച മനുഷ്യന് കാലാന്തരത്തില്‍ രോഗപീഢകള്‍ ഒന്നൊന്നായി വന്നുപെട്ടു. വിശപ്പുമാറ്റാന്‍ മാത്രമല്ല, ആസ്വദിക്കാന്‍കൂടിയുള്ളതാണ് ഭക്ഷണം എന്ന ചിന്ത അത്യാധുനിക മനുഷ്യനെ രോഗാതുരകളിലേക്കെത്തിച്ചു. വിചിത്രമായ ഭക്ഷണവിഭവങ്ങള്‍ക്കു പിറകെ അവന്‍ വെറിപൂണ്ട് ഓടിത്തുടങ്ങി.
ഭക്ഷണം ശ്രദ്ധിക്കണം
രോഗങ്ങളെ പ്രതിരോധിക്കാന്‍ ഉദ്യമിക്കുനന ഇന്നത്തെ ഗവേഷകരും അതുതന്നെയാണ് ഉറച്ചസ്വരത്തില്‍ പറയുന്നത്. മാംസാഹാരങ്ങളോടുള്ള ആര്‍ത്തി കുറയ്ക്കുക. പൂരിതകൊഴുപ്പും ട്രാന്‍സ്ഫാറ്റുകളും അടങ്ങുന്ന രുചിവിഭവങ്ങള്‍ വെടിഞ്ഞ് കൂടുതലായി ധാന്യങ്ങളും പഴങ്ങളും, പച്ചക്കറികളും കഴിക്കുക.
അതുപോലെ പഞ്ചസാരയും മുഖ്യവില്ലനാകുന്നു. 'വെളുത്തവിഷം' എന്നാണ് പഞ്ചസാരയുടെ പുതിയ നാമധേയം. ശരീരത്തെ രോഗാതുരമാക്കാന്‍ ഏറ്റവും വീര്യമുള്ള പദാര്‍ഥമായി മാറുകയാണ് പഞ്ചസാര. പുതിയ നിര്‍ദേശങ്ങള്‍പ്രകാരം അന്നജം നാം ആഹരിക്കുന്ന ആകെയുള്ള കിലോറിയുടെ 10 ശതമാനത്തില്‍ കുറവേ ആകാന്‍പാടുള്ളു. മുമ്പുണ്ടായിരുന്ന 25 ശതമാനം എന്ന തോത് വെട്ടിക്കുറച്ചു. മധുരമുള്ള ഒരു സോഡ കുടിച്ചാല്‍ ഈ തോതായി എന്നോര്‍ക്കണം. അപ്പോള്‍ മധുരപാനീയങ്ങളും ബേക്കറി പലഹാരങ്ങളും നന്നേ കുറയ്ക്കണം. അമിതവണ്ണവും, പ്രമേഹവും, കൊളസ്ട്രോളും, ഹൃദയധമനി രോഗങ്ങളും വര്‍ധിപ്പിക്കുന്നതില്‍ ഉപരി ആരോഗ്യപൂര്‍ണമായ ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണവും അത് കുറയ്ക്കുന്നു.
കലോറി സംതുലിതമാകണം
നാം ആഹരിക്കുന്ന ഭക്ഷണങ്ങളില്‍ അടങ്ങിയ കലോറിയും ശരീരാധ്വാനത്തിലൂടെ ദിവസേന ചെലവഴിക്കുന്ന കലോറിയും സന്തുലിതമായാലേ ശരീരഭാരം ആരോഗ്യപൂര്‍ണമായി നിലനില്‍ക്കുകയുള്ളു. ആ അനുപാതം തെറ്റിയാല്‍പിന്നെ ശരീരം രോഗങ്ങളുടെ വിളഭൂമിയായി മാറുകയാണ്. എന്നാല്‍ ഭാരം കുറയ്ക്കാനായി പട്ടിണികിടന്ന് ശരീരത്തിന്റെ ഉര്‍ജസ്രോതസ്സായ ആഹാരവിഭവങ്ങള്‍ വളരെ കുറച്ച്, എഴുന്നേറ്റ് നടക്കാന്‍പോലും ത്രാണിയില്ലാതെ ജീവിക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. സമീകൃത ഭക്ഷ്യവിഭവങ്ങള്‍ തെരഞ്ഞെടുക്കണം.
വ്യായാമം പ്രധാനം
ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണത്തോടൊപ്പം പ്രാധാന്യംകൊടുത്ത് മുന്നോട്ടുവയ്ക്കുന്ന ഒന്നാണ് കൃത്യവും ഉര്‍ജസ്വലവുമായ വ്യായാമപദ്ധതികള്‍. മരണത്തിലേക്കു നയിക്കുന്ന 10 പ്രധാന അവശ്യഘടകങ്ങളുടെ മുന്‍പന്തിയില്‍ വ്യായാമരാഹിത്യം സ്ഥാനംപിടിച്ചിരിക്കുന്നു. പൊതുവായി പറഞ്ഞാല്‍ ഭൂമുഖത്തുള്ള 26 ശതമാനം പേര്‍ക്കും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നില്ല. 11നും 17നും ഇടയ്ക്ക് പ്രായമുള്ള 80 ശതമാനം കുട്ടികളും ആവശ്യത്തിന് വ്യായാമം ചെയ്യുന്നില്ല. വ്യായാമം ചെയ്യണമെന്നുപറഞ്ഞാല്‍ മലയാളിക്ക് പൊതുവെ മടിയാണ്. രാവിലെ എഴുന്നേറ്റ് വെയിലുറയ്ക്കുന്നതിനു മുമ്പ് 45 മിനിറ്റോളം ആഴ്ചയില്‍ ആറുദിവസമെങ്കിലും കൃത്യമായി നടക്കുക. വെറുതെ നടന്നാല്‍പോരാ, 45 മിനിറ്റില്‍ കുറഞ്ഞത് അഞ്ചുകിലോമീറ്ററെങ്കിലും തീര്‍ക്കാന്‍സാധിച്ചാല്‍ ശരീരത്തിന്റെ ആരോഗ്യസ്രോതസ്സിനെ സന്തുഷ്ടമാക്കാന്‍ പിന്നെ കൂടുതലൊന്നും ചെയ്യണ്ട. മനസ്സിനെയും ശരീരത്തെ ഒരുപോലെ ഊര്‍ജസ്വലമാക്കുന്ന ഈ പ്രക്രിയ ഏവരും കൃത്യനിഷ്ഠയോടെ അനുവര്‍ത്തിക്കണം.
കരുത്തും കരുതലും പങ്കുവയ്ക്കാം
ലോകഹൃദയ ദിനം തുടങ്ങിയിട്ട് ഒന്നരദശകം പിന്നിടുകയാണ്. 2000ല്‍ തുടങ്ങിയ ഹൃദയദിനം ഒരോ വര്‍ഷവും വിവിധ വിഷയങ്ങളാണ് കൈകാര്യംചെയ്യുന്നത്. ഈ വര്‍ഷത്തെ സന്ദേശം ഹൃദയരക്ഷയ്ക്ക് കരുത്തും കരുതലും പങ്കുവയ്ക്കുക (Share the power)എന്നതാണ്. ഹൃദയാരോഗ്യം പരിപാലിക്കാന്‍ നിങ്ങള്‍ അനുവര്‍ത്തിക്കുന്ന മുന്‍കരുതലുകളും പ്രതിരോധ നടപടിയും മറ്റുള്ളവര്‍ക്കും പ്രയോജനകരാമാംവിധംപങ്കവയ്ക്കുക. ചുറ്റും എത്രപേരാണ് ഈ കാര്യങ്ങളെപ്പറ്റി അവബോധമില്ലാത്തവര്‍. ഭൂമുഖത്തുള്ള എല്ലാവര്‍ക്കും ഹൃദയാരോഗ്യം പരിപാലിക്കാനുള്ള പ്രചോദന സ്രോതസ്സായി ഓരോരുത്തരുടെയും ജീവിതശൈലി മാറണമെന്ന് ഹൃദയദിനം ഒര്‍മപ്പെടുത്തുന്നു. അതിനായി നാലു മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നു.
ഹൃദയത്തിന്റെ ഇന്ധനം (ഭക്ഷണം) ആരോഗ്യപൂര്‍ണമാക്കുക (Fuel your heart),കൃത്യമായ വ്യായാമമുറകളിലൂടെ ഹൃദയത്തിന് കെല്‍പ്പും ഓജസ്സും നല്‍കുക (Move your hear t),പുകയില ഉപയോഗം വര്‍ജിച്ച് ഹൃദയത്തെ സ്നേഹിക്കുക (Love your heart), കൂടാതെ രക്തസമ്മര്‍ദത്തിന്റെയും കൊളസ്ട്രോളിന്റെയും ശരീര ഭാഗത്തിന്റെയും അളവുകള്‍ പരിധികളിലാക്കുക.
17.5 ദശലക്ഷം പേരുടെ ജീവനാണ് ലോകത്ത് പ്രതിവര്‍ഷം ഹൃദ്രോഗം അപഹരിക്കുന്നത്. 2030ല്‍ 23.6 ദശലക്ഷമായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. അതില്‍ 80 ശതമാനവും ദരിദ്രരാജ്യത്തുള്ളവര്‍തന്നെ. ഇന്ത്യ ഹൃദ്രോഗതലസ്ഥാനമായി മാറുന്ന അവസ്ഥയിലേക്കാണുപോക്ക്. ഹാര്‍ട്ടറ്റാക്കിനെത്തുടര്‍ന്ന് എല്ലാ 33 സെക്കന്‍ഡിലും ഒരാള്‍ ഇവിടെ മരിക്കുന്നു. വികസിതരാജ്യങ്ങളുടെ ശരാശരിയെക്കാള്‍ കൂടുതലാണ് ഇന്ത്യയില്‍ ഹൃദ്രോഗങ്ങളിലേക്കു നയിക്കുന്ന ആപത്ഘടകങ്ങളുടെ അതിപ്രസരം. കേരളത്തില്‍ ആകെയുള്ള മരണസംഖ്യയില്‍ 14 ശതമാനത്തിലേറെ ഹൃദ്രോഗാനന്തരമുണ്ട്. ഇന്ത്യയുടെ ഇതരസംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ് കേരളത്തിലെ ഹൃദ്രോഗികളുടെ സംഖ്യ. വിദ്യാസമ്പന്നരായ മലയാളികള്‍ക്കും ആരോഗ്യം കാത്തുപരിപാലിക്കാന്‍ മടിയാണ്. പിന്നെ ഇവിടെയുള്ള മെച്ചപ്പെട്ട ചികിത്സാസംവിധാനങ്ങള്‍കൊണ്ട് ആയുസ്സ് നീട്ടിക്കിട്ടുന്നു. ഇങ്ങനെപോയാല്‍ പോരാ. ഹൃദ്രോഗത്തിലേക്ക് തള്ളിവിടുന്ന അപകടഘടകങ്ങളെ തിരിച്ചറിഞ്ഞ് ഇവയെ കാലേക്കൂട്ടി പ്രതിരോധിക്കാന്‍ ഏവരും തയ്യാറാകണം. പ്രതിരോധമാണ് ചികിത്സയുടെ നെടുംതൂണ്.
32 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ഹൃദ്രോഗമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഹൃദ്രോഗബാധ ഭീതിജനകമാംവിധം ചെറുപ്പക്കാരിലേക്ക് പടരുകയാണ്. 10 ശതമാനം ഹാര്‍ട്ട് അറ്റാക്കും 40 വയസ്സില്‍ കുറഞ്ഞവരിലാണ് സംഭവിക്കുന്നത്. കനഡയിലുള്ളവരെക്കാള്‍ ഇരട്ടിയും ജപ്പാന്‍കാരെക്കാള്‍ 20 മടങ്ങുമാണ് ഇന്ത്യക്കാരുടെ ഹൃദ്രോഗസാധ്യത. ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ കേരളീയര്‍ ഇന്ത്യന്‍ ശരാശരിയുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം മാംസം ഉപയോഗിക്കുന്നവരാണ് കേരളീയര്‍. മറ്റുള്ളവരെക്കാള്‍ ഇന്ത്യക്കാര്‍ക്ക് കൊളസ്ട്രോള്‍ കുറഞ്ഞ അളവിലും ഹൃദ്രോഗബാധ കൂടുതലായി കാണുന്നു. വിദേശരാജ്യങ്ങളിലെ അളവുകളും നിര്‍ദേശങ്ങളും അപ്പാടെ ഇന്ത്യക്കാരിലേക്ക് പകര്‍ത്താനാകില്ല.
(എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ലേഖകന്‍)









0 comments