സമ്പൂര്‍ണ്ണ കെ എ യു മള്‍ട്ടിമിക്സ്

വളങ്ങളോട് വളരെ പെട്ടെന്ന് പ്രതികരിക്കുന്ന വിളയാണ് വാഴ. അശാസ്ത്രീയ വളപ്രയോഗംമൂലം നിരവധി പോഷകപ്രശ്നങ്ങള്‍ ഇപ്പോള്‍ വാഴയില്‍ കണ്ടുവരുന്നു. പ്രത്യേകിച്ച് ജൈവാംശം കുറയുന്ന അവസ്ഥയില്‍ പല മൂലകങ്ങളുടെയും (ദ്വിതീയ, സൂക്ഷ്മ മൂലകങ്ങളുടെ) അപര്യാപ്തതയുള്ള മണ്ണിന്റെ പോഷകാവസ്ഥയില്‍ അറിയാതെയുള്ള വളപ്രയോഗം പലപ്പോഴും കര്‍ഷകന് സാമ്പത്തികനഷ്ടവും വിളവുനഷ്ടവും ഉണ്ടാക്കുന്നതിനുപുറമെ മണ്ണിനെ മലിനപ്പെടുത്തുകയും ചെയ്യുന്നു. മണ്ണ് ശാസ്ത്രീയമായി പരിശോധിച്ചശേഷം വളം നല്‍കിയാലേ വാഴയില്‍നിന്ന് നല്ല വിളവ് ലഭിക്കൂ. ഇത് കൊല്ലത്തെ അനുഭവകഥ.
കേരളത്തിലെ മണ്ണുകളില്‍ കാണുന്ന ദ്വിതീയ സൂക്ഷ്മമൂലകങ്ങളുടെ കമ്മി നികത്തി കൂടുതല്‍ വിളവിനായി കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ സമ്പൂര്‍ണ കെഎയു മള്‍ട്ടിമിക്സ്”എന്ന പോഷകമിശ്രിതം കൊല്ലം ജില്ലയിലെ മണ്ണുകളിലും വളരെ ഫലപ്രദമാണെന്ന് കൊല്ലം കെവികെ നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞു. സിങ്ക്, ബോറോണ്‍, കോപ്പര്‍, ഇരുമ്പ്, മാംഗനീസ്, മോളിബ്ഡിനം, മഗ്നീഷ്യം തുടങ്ങി നിരവധി മൂലകങ്ങള്‍ അടങ്ങിയ സമ്പൂര്‍ണ കെഎയു മള്‍ട്ടിമിക്സ്”പോഷകമിശ്രിതം കൊല്ലം ജില്ലയിലെ വിളക്കുടി, കുമ്മിള്‍, ഏരൂര്‍ എന്നീ പഞ്ചായത്തുകളില്‍ തെരഞ്ഞെടുത്ത അഞ്ച് കര്‍ഷകരുടെ കൃഷിയിടത്തില്‍ (10 സെന്റ്) പരീക്ഷിക്കുകയുണ്ടായി. ശുപാര്‍ശചെയ്ത വളപ്രയോഗത്തോടൊപ്പം ഈ പോഷകമിശ്രിതം പത്രപോഷണത്തിലൂടെ നല്‍കിയപ്പോള്‍ നല്ല വിളവു ലഭിച്ചു.
കൊല്ലം ജില്ലയിലെ പരിശോധിച്ച 85 ശതമാനം മണ്ണുസാമ്പിളിലും അമ്ളത കൂടുതലാണെന്നു കണ്ടെത്തിയിരുന്നു. ലഭ്യമായ ഫോസ്ഫറസിന്റെ അളവ് 63 ശതമാനം സാമ്പിളിലും കൂടുതലാണ്. 40 ശതമാനം സാമ്പിളില്‍ പൊട്ടാസ്യം ലഭ്യത കുറവാണെന്നും കണ്ടെത്തി. സൂക്ഷ്മമൂലകങ്ങളായ ബോറോണ്‍, കോപ്പര്‍, സിങ്ക് തുടങ്ങിയ മൂലകങ്ങളും 46 ശതമാനം, 43 ശതമാനം, 26 ശതമാനം സാമ്പിളുകളിലും കുറവാണെന്നും കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍ തുടങ്ങിയ ദ്വിതീയ മൂലകങ്ങളും കുറവാണെന്നും കണ്ടെത്തി (75, 98, 51 ശതമാനം ക്രമത്തില്‍).
കാത്സ്യം അടങ്ങാത്ത ഈ പോഷകമിശ്രിതം ശുപാര്‍ശചെയ്ത വളപ്രയോഗത്തോടൊപ്പം പത്രപോഷണത്തിലൂടെ നല്‍കിയപ്പോള്‍ വന്‍ വിളവാണ് ലഭിച്ചത്. ഈ മിശ്രിതം നാലുതവണയാണ് തളിച്ചത്.
ഉപയോഗരീതി:
1. പത്തു ഗ്രാം സമ്പൂര്‍ണ കെഎയു മള്‍ട്ടിമിക്സ്”ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി രണ്ടാം മാസത്തില്‍ (അര ലിറ്റര്‍ വെള്ളം ഒരു വാഴയ്ക്ക്) തളിച്ചുകൊടുക്കുക.
2. പത്തു ഗ്രാം സമ്പൂര്‍ണ കെഎയു മള്‍ട്ടിമിക്സ്”ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി 4, 6, 8 മാസം (ഒരുലിറ്റര്‍ വെള്ളം ഒരു വാഴയ്ക്ക്) പ്രായമാവുമ്പോള്‍ തളിച്ചുകൊടുക്കുക.
പ്രസ്തുത സാങ്കേതികവിദ്യ ഉപയോഗിച്ചപ്പോള്‍ വാഴയുടെ വിളവ് ഗണ്യമായി വര്‍ധിച്ചു. വിളവില്‍ (16.62 ടണ്‍/ഹെ) 22.57 ശതമാനം വര്‍ധന രേഖപ്പെടുത്തി. വളരെ കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്നതിനാലും ഇലകളിലൂടെ ചെടികള്‍ക്ക് ലഭ്യമാക്കുന്നതിനാലും വാഴയുടെ സംയോജിത വളപ്രയോഗത്തില്‍ ഈ പോഷകമിശ്രിതംകൂടി ഉള്‍പ്പെടുത്തിയാല്‍ പ്രകൃതിസൌഹാര്‍ദ രീതിയില്‍തന്നെ വന്‍ വിളവു നേടാമെന്നു തെളിയിക്കുകയാണ് കൊല്ലം കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ഈ മുന്‍നിര പ്രദര്‍ശനം. മണ്ണിലൂടെ സൂക്ഷ്മ മൂലക/പോഷക മിശ്രിതങ്ങള്‍ നല്‍കുമ്പോള്‍ വിള അതിനെ കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല. പലതരത്തിലൂടെ വളങ്ങളിലെ പോഷകങ്ങള്‍ നഷ്ടപ്പെടാനും കാരണമാകുന്നു. മാത്രമല്ല, വളരെ ചെറിയ അളവിലേ സൂക്ഷ്മമൂലകങ്ങള്‍ ചെടികള്‍ക്ക് ആവശ്യമുള്ളൂ. അതിനാല്‍ ഇവ പത്രപോഷണത്തിലൂടെ നല്‍കുന്നതാണ് ഉത്തമം.മണ്ണിന്റെ അവസ്ഥ പരിശോധനയിലൂടെ മനസ്സിലാക്കിയശേഷം വിദഗ്ധരുടെ ഉപദേശപ്രകാരം മാത്രം വളപ്രയോഗം നടത്തുക.









0 comments