പൂപ്പാടങ്ങള്‍ ഒരുങ്ങി

മലയാളിയുടെ ഓണാഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പൂക്കളം. പണ്ട് വീട്ടുമുറ്റത്തു മാത്രമായിരുന്നു പൂക്കളം. ഇന്ന് ഓഫീസുകളിലും വിദ്യാലയങ്ങളിലും പൂക്കളമത്സരങ്ങള്‍ ആഘോഷങ്ങള്‍ക്ക് പൊലിമകൂട്ടുന്നു. വളരെ ചെറിയ ഇതളുകളും പെട്ടെന്ന് വാടാത്തതുമായ പൂവുകളാണ് പൂക്കളമത്സരത്തിനായി തെരയുന്നത്.
ഉദിച്ചുയരുന്ന സൂര്യശോഭയില്‍ തിളങ്ങുന്ന വീട്ടുമുറ്റത്തെ പൂക്കളങ്ങള്‍ ഉച്ചയോടെ വാടിത്തളര്‍ന്ന് പോകുന്നു. അടുത്തദിവസം പൂതേടി കുട്ടിപ്പട്ടാളത്തെ വീണ്ടും സജ്ജമാക്കാനെന്നവണ്ണം. എന്നാല്‍ മണ്ണിലും മഴയിലും മേയാന്‍ തൊടികളില്ല. കുട്ടികള്‍ക്കു സമയവുമില്ല. പറമ്പിലും തൊടികളിലും ചുറ്റുനടന്ന് നുള്ളിക്കൊണ്ടുവരുന്ന തുമ്പയും മുക്കുറ്റിയും കൃഷ്ണകിരീടവും കാക്കപ്പൂവും അപൂര്‍വമായി. കോണ്‍ക്രീറ്റ് മുറ്റങ്ങള്‍ക്കായുള്ള വെടിപ്പാക്കലില്‍ പുല്ലുവെട്ടിയുടെ ചരടില്‍ കുടുങ്ങി തുമ്പയും മുക്കുറ്റിയുമെല്ലാം എങ്ങോ പോയ്മറഞ്ഞു.
ഈ പൂക്കള്‍ പെട്ടെന്ന് വാടിപ്പോകുന്നതുകൊണ്ട് മത്സര പൂക്കളങ്ങള്‍ക്ക് ഉപയോഗിക്കാനുമാവില്ല. ഈ ചെറിയ പൂക്കള്‍ പറിക്കാനും പൂക്കളമിടാനും സമയമില്ലാതായതും ഈ പൂക്കളെ തേടാന്‍ ആളില്ലാതാക്കി. കിട്ടിയാല്‍തന്നെ ആവശ്യക്കാര്‍ കുറഞ്ഞു. പൂക്കളങ്ങളുടെ അര്‍ഥതലങ്ങളും മാറി. മത്സരാടിസ്ഥാനത്തില്‍ വിധികര്‍ത്താക്കളെ കാത്തിരിക്കുന്ന പൂക്കളങ്ങള്‍ക്കാണ് ഇന്ന് ഏറെ പ്രസക്തി. അതുകൊണ്ടുതന്നെ വാടിത്തളരാത്ത പൂക്കളാണ് ഏവര്‍ക്കും പ്രിയം. മാത്രമല്ല, പൂക്കളങ്ങളുടെ വര്‍ണരാജിയും കൃത്യതയും വടിവും ചിട്ടപ്പെടുത്താന്‍ ചെറിയ ഇതളുകളും സഹവര്‍ണങ്ങളിലുമുള്ള പെട്ടെന്ന് വാടിപ്പോകാത്ത പൂക്കളാണ് വേണ്ടത്. ഇതുതന്നെയാണ് ജമന്തിയും ചെണ്ടുമല്ലിയും വാടാമല്ലിയും കോഴിവാലനുമെല്ലാം പ്രചാരത്തിലാകാന്‍ കാരണം. അതുപോലെ കേരളത്തിലെ ചൂടുകൂടുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചെടികള്‍ ലഭ്യമായതും പൂക്കൃഷിയുടെ വ്യാപനത്തിനു സഹായകമായി.
ഓണാഘോഷങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത പൂക്കളങ്ങളിലേക്കുള്ള പൂവിനുവേണ്ടി ആരെയും ആശ്രയിക്കേണ്ട എന്നെങ്കിലും നാം ചിന്തിച്ചുതുടങ്ങിയെന്നതില്‍ ആശ്വസിക്കാം. മറുനാടന്‍ പൂക്കളെ ആശ്രയിക്കുന്ന പതിവിനു മാറ്റംവരുന്നുണ്ടോ?
ഓണക്കാലമായാല്‍ മുക്കിലും മൂലയിലും കാണുന്ന പൂക്കച്ചവടം വര്‍ഷങ്ങളായുള്ള പതിവുകാഴ്ചയാണ്. എന്നാല്‍ അടുത്തകാലത്തായി വഴിനീളെ പൂപ്പാടങ്ങളും പൂഗ്രാമങ്ങളും കണ്ടുതുടങ്ങുകയാണ്.
മുറ്റത്തും പറമ്പിലും ഓണപ്പൂക്കള്‍ ഒരുക്കുന്ന ഒട്ടേറെ വ്യക്തികളും കര്‍ഷക കൂട്ടായ്മകളും ഇന്ന് കേരളത്തിലുണ്ട്്. തൃശൂര്‍ ജില്ലയില്‍ ഓണവിപണിക്ക് പൂക്കള്‍ കൃഷിചെയ്യുന്ന ധാരാളം കര്‍ഷക കൂട്ടായ്മകളുണ്ട്. തൃശൂരില്‍ കാര്‍ഷിക സര്‍വകലാശാല കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2013ല്‍ തുടങ്ങിയ സംഘടിതമായ പൂകൃഷി തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ഓണക്കാലത്തെ പൂകൃഷിക്ക് പ്രചോദനമായി.
2013ല്‍ 200 കര്‍ഷകര്‍ക്ക് തൈകള്‍ നല്‍കിയായിരുന്നു തുടക്കം. മറ്റത്തൂര്‍, കുന്നംകുളം, കുട്ടനെല്ലൂര്‍, വരന്തരപ്പിള്ളി, പുതുക്കാട് എന്നിവിടങ്ങളില്‍ ഓണപൂകൃഷി സജീവമാണ്. മറ്റത്തൂരില്‍ ഇത്തവണ കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കുപുറമെ കുട്ടികളുടെ 12 ഗ്രൂപ്പും പൂകൃഷി ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്തില്‍ 22 വാര്‍ഡിലും പൂകൃഷിയുണ്ട്്. ഇത് ഒരു ഉദാഹരണം മാത്രം.
തൃശൂരില്‍ മാത്രമല്ല മറ്റു ജില്ലകളിലും ഇതുപോലെ ഓണത്തിനുവേണ്ടിയുള്ള പൂകൃഷി വ്യാപകമാണ്. ഓണത്തിന് ഒരു വട്ടിപ്പൂ പോലെ എറണാകുളത്തും മറ്റു സ്ഥലങ്ങളിലും നടന്ന പൂകൃഷിയും പ്രതീക്ഷ നല്‍കുന്നു. അതുപോലെ ഓണത്തിനു മാത്രമല്ലാതെ പൂകൃഷി വിജയകരമായി നടത്തുന്ന അനേകം കര്‍ഷകരും നമ്മുടെ സംസ്ഥാനത്തുണ്ട്.
വരുമാനമാര്‍ഗം എന്നതിലുപരി സാമൂഹ്യപ്രതിബദ്ധത എന്ന ഘടകംകൂടി ഇവരുടെ കൃഷിയില്‍ കാണാം. കേരളീയരുടെ സ്വന്തം 'ഓണം' എല്ലാംകൊണ്ടും സ്വന്തമാക്കണം. പരാശ്രയത്വം ഒഴിവാക്കാന്‍ ശരാശരി മലയാളി ആഗ്രഹിക്കുന്നു.
ഓണംകഴിഞ്ഞും പൂവിപണി
ഓണപ്പൂവിനു കൃഷിചെയ്യുന്നവര്‍ അത്തത്തിന് പൂവ് വിളവെടുക്കുന്ന രീതിയില്‍ കൃഷി ചിട്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഓണപ്പൂ കൃഷിക്കായി കലണ്ടര്‍ തയ്യാറാക്കി, കൃഷിരീതിയെക്കുറിച്ചുള്ള പരിശീലനവും, തൈ തയ്യാറാക്കാനുള്ള പരിശീലനവും കൃഷിയുടെ ഇടക്കാലങ്ങളില്‍ വേണ്ടത്ര മാര്‍ഗനിര്‍ദേശവും നല്‍കാന്‍ കൃഷിവകുപ്പും കൃഷിവിജ്ഞാനകേന്ദ്രവും കാര്‍ഷിക സര്‍വകലാശാലയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
അത്തത്തിന് രണ്ടുമാസം മുമ്പ് തൈകള്‍ നടാന്‍ മാത്രമേ ഓണവിപണിക്കുള്ള പൂക്കള്‍ തയ്യാറാക്കിക്കിട്ടുകയുള്ളു. വിത്തിട്ട് നടാന്‍ പാകമായ തൈകള്‍ ഉണ്ടായിക്കിട്ടാന്‍ ഒരുമാസം കണക്കാക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ഓണത്തിന് മൂന്നുമാസം മുമ്പുതന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങും. ഈ കാലയളവ് മറ്റു സീസണിലേക്കുള്ള പൂകൃഷികള്‍ക്കും ബാധകമാക്കാം.
കേരളത്തില്‍ നവംബര്‍-ഡിസംബറില്‍ പൂരങ്ങളുടെയും വേലകളുടെയും സമയമാണ്. ഇതുതന്നെയാണ് ശബരിമല തീര്‍ഥാടനവേളയും. ഈ സമയങ്ങളില്‍ പൂക്കളുടെ ആവശ്യം ഏറിവരും. നമ്മുടെ കാലാവസ്ഥയില്‍ ചെണ്ടുമല്ലി കൃഷിചെയ്യാന്‍ കൂടുതല്‍ അനുയോജ്യമായ സമയമാണ് മഴ കുറവുള്ള സെപ്തംബര്‍മുതല്‍ ഫെബ്രുവരിവരെയുള്ള കാലം. അതായത് ഓണവിപണി കഴിഞ്ഞും പൂക്കളുടെ ആവശ്യം നിലനില്‍ക്കുന്നുണ്ട്. ഓണത്തിനു മാത്രമല്ല, പൂരങ്ങള്‍ക്കും വിരുന്നുസല്‍ക്കാരത്തിനുമായുള്ള ചെറുപൂക്കള്‍ കൃഷിചെയ്യാന്‍ താരതമ്യേന ചെലവുകുറവാണ്. കര്‍ഷക കൂട്ടായ്മകള്‍ക്കും വനിതാ കൂട്ടായ്മകള്‍ക്കും ഇത് ഏറ്റെടുക്കാം.
പൂക്കളത്തിനുവേണ്ടിയുള്ള വാടാമല്ലിയും കോഴിവാലനും ഈ രീതിയില്‍ത്തന്നെ തയ്യാറാക്കാം. എന്നാല്‍ വൈലറ്റ് നിറത്തിലുള്ള വാടാമല്ലിക്കായുള്ള ഒരുക്കങ്ങള്‍ രണ്ടാഴ്ച നേരത്തെതന്നെ തുടങ്ങണം.
ഈ ചെടികള്‍ എല്ലാംതന്നെ പൂവിട്ടുകഴിഞ്ഞാല്‍ ഒരുമാസം നിത്യവും പൂവ് തന്നുകൊണ്ടിരിക്കും. അതിനാല്‍ കൃഷിക്കായുള്ള തയ്യാറെടുപ്പുകള്‍ അല്‍പ്പം നേരത്തെതന്നെ ആകാമെന്നുള്ളതാണ് പ്രായോഗിക അനുഭവം.
പൂക്കളില്‍ പ്രധാനിയായ മറ്റൊന്നാണ് അരളി. റോസ്, പിങ്ക്, വെള്ള, കടുംചുവപ്പ് എന്നീ നിറങ്ങളില്‍ ഇവ കാണാറുണ്ട്. ചെമ്പരത്തിപോലെ നിത്യവും പൂ തരുന്ന ദീര്‍ഘകാല വിളയാണിത്. പണ്ട് തമിഴ്നാട്ടില്‍ മാത്രം കണ്ടിരുന്ന ഇവ ഇന്ന് ദേശീയപാതകളില്‍ ഇടവരമ്പുകളില്‍ പൂത്തുനില്‍ക്കുന്ന കാഴ്ച ഇമ്പമുള്ളതാണ്.
ചെണ്ടുമല്ലികൃഷിക്ക് വ്യത്യസ്തങ്ങളായ തലങ്ങള്‍കൂടിയുണ്ട്. വെറും പൂവിനുവേണ്ടി മാത്രമല്ല, ചെണ്ടുമല്ലിയെ ഇന്ന് കണ്ടുവരുന്നത്. പച്ചക്കറിക്കൃഷിയില്‍ ഇടവിളയായി നട്ടുവളര്‍ത്തുന്ന ചെണ്ടുമല്ലി മണ്ണിലെ കീടങ്ങളെ തുരത്തും. ഇതിന്റെ വേരിലുള്ള രാസവസ്തുവാണ് നിമാവിരകളെ അകറ്റുന്നത്. മാത്രമല്ല ചെണ്ടുമല്ലിപ്പൂക്കള്‍ ചില കീടങ്ങളെ ആകര്‍ഷിച്ച് പ്രധാന വിളകളിലെ കീടശല്യം ഒരുപരിധിവരെ കുറയ്ക്കുന്നതിനുംസഹായിക്കുന്നു.
അതിനാല്‍ ഇപ്പോഴും വൈകിയിട്ടില്ല. ഇപ്പോള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയാല്‍ ഓണംകഴിഞ്ഞ് ഫെബ്രുവരിവരെയുള്ള 'ഉത്സവ പൂവിപണി' നമുക്ക് കൈയടക്കാം.
നാടന്‍ പൂക്കളെ സംരക്ഷിക്കാം
വംശനാശത്തിന്റെ വക്കില്‍നില്‍ക്കുമ്പോഴും നമ്മുടെ നാടന്‍ പൂക്കള്‍ ചിരിവിടര്‍ത്തിനില്‍ക്കുന്ന കാലമാണ് ഓണക്കാലം. തുമ്പപ്പൂതന്നെ ഓണപ്പൂക്കളില്‍ ഒന്നാമന്‍. ഇലക്കുമ്പിളില്‍ ചെറിയ കാക്കപ്പൂ പറിക്കുക ക്ളേശകരമാണെങ്കിലും അതായിരുന്നു പണ്ടത്തെ പൂക്കളത്തിന്റെ മാറ്റ്. പൂക്കളമിടുമ്പോള്‍ ഓടിപോയി പറിക്കുന്ന മൂക്കൂറ്റിയുടെ മനോഹാരിതയും ഒന്നുവേറെതന്നെ. ചെമ്പരത്തിയും ചെത്തിയും ഇന്നും വീടുകളില്‍ പൂവിടര്‍ത്തി നില്‍ക്കുന്നുണ്ട്. വഴിയോരങ്ങളില്‍പോലും അരളിയും പൂവിടര്‍ത്തി നില്‍ക്കുന്നത് ഓണക്കാലത്തും കാണാം. ശംഖുപുഷ്പവും മഞ്ഞകോളാമ്പിയും മന്ദാരവും കനകാംബരവും വീടുകളില്‍ ഇപ്പോഴുമുണ്ടെങ്കിലും കൃഷ്ണകീരീടം പൂവ് അപൂര്‍വമായി. പഴയകാലത്ത് പാടത്തും പറമ്പിലും കണ്ടിരുന്ന കണ്ണാന്തളിപൂക്കളെയും കാണാനില്ല.
ഓണപ്പൂക്കളങ്ങളിലെ ഓരോ പൂവിനും അതിന്റേതായ സ്ഥാനമുണ്ട്. പൂക്കളത്തിന,് പൂവുകള്‍ തേടി കാണാക്കുന്നുകളിലും എത്താക്കൊമ്പുകളിലും അലയുന്നത് കുരുന്നുകളായിരുന്നു. ഓരോ പൂവിനെയും ഓരോ ചെടിയെയും അടുത്തറിയാനും അവയുടെ ഔഷധഗുണങ്ങള്‍, മറ്റ് ഉപയോഗങ്ങള്‍ എന്നിവ പഠിക്കാനും അവര്‍ക്ക് ലഭിക്കുന്ന അസുലഭ അവസരം കൂടിയാണിത്. എന്നാല്‍ ഇന്ന് ആ അവസരം എത്രപേര്‍ക്ക് ലഭിക്കുന്നു എന്നും നാം ചിന്തിക്കണം.
ഇത് ഓണപൂകൃഷിയുടെ ചിട്ടവട്ടങ്ങള്‍
ഓണപ്പൂക്കള്‍ക്കുള്ള കൃഷിപ്പണികള്‍ ജൂണില്‍ ആരംഭിക്കുകയാണ് പതിവ്. ഇത് നമ്മുടെ കാലവര്‍ഷത്തിന്റെ പ്രാരംഭഘട്ടമാണ്്. ശക്തിയായ മഴയില്‍ തൈകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കരുത്തുള്ള തൈകള്‍ കുറഞ്ഞസമയംകൊണ്ട് തയ്യാറാക്കാനായി ചെലവുകുറഞ്ഞ ഒരു മഴമറയെങ്കിലും കരുതും.
മഴയില്‍നിന്നു സംരക്ഷണം കിട്ടുന്ന രീതിയിലുള്ള മഴമറയിലോ, പോളിഹൌസിലോ പച്ചക്കറികള്‍ ഉണ്ടാക്കുന്നതുപോലെ പ്രോട്രേകളില്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കാവുന്നതാണ്. പ്രോട്രേകള്‍ നിറയ്ക്കുന്നതിനായി ചകിരിച്ചോര്‍ കമ്പോസ്റ്റ്, വെര്‍മിക്കുലൈറ്റ്, പെര്‍ലൈറ്റ് എന്ന മിശ്രിതം 4:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തി ഉപയോഗിക്കാം. പ്രേട്രേയിലെ ഓരോ കുഴിയിലും ഒരു വീത്തുവീതം ഇട്ടുകൊടുത്ത് മിശ്രിതംകൊണ്ടുമൂടി ഈര്‍പ്പം നില്‍ക്കുംവിധം നനച്ചാല്‍ മതിയാകും.
വിത്ത് മുളച്ചുപൊന്തി ഒരാഴ്ചയ്ക്കുശേഷം വളര്‍ച്ച കൂട്ടുന്നതിനായി 19:19:19 എന്ന വെള്ളത്തില്‍ അലിയുന്നതും ഇലയില്‍ തളിച്ചുകൊടുക്കുന്നതുമായ വളക്കൂട്ട് ഒരു ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ആഴ്ചയില്‍ രണ്ടുതവണ തളിച്ചുകൊടുക്കാം. തൈകളുടെ വളര്‍ച്ചയ്ക്കനുസരിച്ച് ഇത് രണ്ടു ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കൂട്ടാവുന്നതുമാണ്.
നാടന്‍ വിത്തിനങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ ചെടിക്ക് രണ്ടര-മൂന്ന് അടി ഉയരവും ചെറിയ പൂക്കള്‍ ഉളളവയുമാകും. എന്നാല്‍ അത്യുല്‍പ്പാദനശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങള്‍ ഒന്നര-രണ്ടടി മാത്രം ഉയരം വരുന്നവയുമാണ്. പൂക്കളുടെ ഇതളുകള്‍ കൂടുതലും വലുപ്പമുള്ളവയും തൂക്കംകൂടിയവയും ആകും. ഇത് ഓറഞ്ച്, സ്വര്‍ണവര്‍ണം, മഞ്ഞ, വെള്ള തുടങ്ങി വിവിധ നിറങ്ങളില്‍ കാണാറുണ്ട്.
ഏതുതന്നെയായാലും നമ്മുടെ മണ്ണില്‍ പുളിരസം കൂടുതലായതിനാല്‍ വാട്ടരോഗം മഴക്കാലകൃഷിയില്‍ പ്രശ്നംതന്നെയാണ്. കാര്‍ഷിക സര്‍വകലാശാലയില്‍ നടക്കുന്ന പഠനങ്ങള്‍ പുത്തന്‍ ഇനങ്ങളും ഒട്ടുതൈകളും ഗുണമേന്മകൂടിയ നടീല്‍വസ്തുക്കളും കര്‍ഷകരിലേക്കെത്തിക്കാന്‍ സഹായിക്കണമെന്ന സൂചന നല്‍കുന്നുണ്ട്.
നല്ല സൂര്യപ്രകാശമുള്ളതും വെള്ളക്കെട്ട് ഇല്ലാത്തതുമായ സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കാന്‍. തണല്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ചെടികളില്‍ വളര്‍ച്ച കാണുമെങ്കിലും പൂക്കള്‍ കുറവാകും. അതിനാല്‍ മഴക്കാല കൃഷിയില്‍ തുറസ്സായ സ്ഥലങ്ങള്‍ തന്നെ തെരഞ്ഞെടുക്കണം.
മണ്ണിലെ പുളിരസം കുറയ്ക്കുന്നതിനായി സെന്റിന് രണ്ടു കിലോഗ്രാം എന്ന തോതില്‍ കുമ്മായം/ഡോളോമൈറ്റ് ചേര്‍ക്കാം. തൈകള്‍ നടുന്നതിന് ഒരാഴ്ച മുമ്പ് കുമ്മായമിട്ട് പുളിരസം ക്രമീകരിക്കേണ്ടതാണ്. വെള്ളക്കെട്ടില്ലാതിരിക്കാന്‍ വരമ്പുകള്‍ അഥവാ ഏരികള്‍ എടുത്ത് ജൈവവളം സെന്റൊന്നിന് 80 കിലോഗ്രാം എന്ന തോതില്‍ ചേര്‍ത്തുകൊടുക്കണം. കൃഷിയിടത്തിലെ ഇടച്ചാലുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ടെങ്കില്‍ ബ്ളീച്ചിങ് പൌഡര്‍ ചെറിയ കിഴികളിലാക്കി അവിടവിടെയായി ഇട്ടുകൊടുക്കുന്നത് നല്ലതാണ്.
ഇങ്ങനെ ഒരാഴ്ചമുമ്പ് കുമ്മായമിട്ട് പാകപ്പെടുത്തി ജൈവവളമിട്ട വരമ്പുകളില്‍ ഒരുമാസം പ്രായമായ ചെണ്ടുമല്ലി തൈകള്‍ നടും. തൈകള്‍ വേരുപിടിച്ച് പുതിയ ഇലകള്‍ വരുന്നതോടെ 19:19:19 എന്ന തോതില്‍ ഇലയില്‍ തളിക്കാവുന്ന വളക്കൂട്ടുകള്‍ സ്പ്രേയര്‍ ഉപയോഗിച്ച് തളിക്കാം. ആഴ്ചയില്‍ രണ്ടുതവണ ഈ രീതിയില്‍ രണ്ടു ഗ്രാം വളം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കൊടുക്കുന്നത് പൂക്കള്‍ യഥാസമയം ഉണ്ടാകുന്നതിന് സഹായിക്കും. കൂടാതെ തൈ നട്ടുകഴിഞ്ഞാല്‍ 10 ദിവസം ഇടവിട്ട് നാലുതവണ ഖരരൂപത്തിലുള്ള ജൈവവളക്കൂട്ടുകള്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്നത് നല്ലതുതന്നെ. ശക്തിയായ മഴയില്‍ വരമ്പിലെ മണ്ണ് ഒലിച്ചുപോകുമെന്നതിനാല്‍ രണ്ടാഴ്ച ഇടവിട്ട് വരമ്പില്‍ മണ്ണ് കയറ്റിക്കൊടുക്കാം. ഇതിനുമുമ്പായി കളകള്‍ നീക്കംചെയ്യാനും വളം ചേര്‍ത്തുകൊടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
ഹൈബ്രിഡ് ഇനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും സൂക്ഷ്മ മൂലകങ്ങളുടെ കുറവുമൂലം രോഗമെന്ന് തോന്നിപ്പിക്കുന്ന ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്. ഇതിനായി ബോറോണ്‍, സിങ്ക്, മഗ്നീഷ്യം തുടങ്ങി സൂക്ഷ്മ മൂലകങ്ങളടങ്ങിയ വളക്കൂട്ടുകള്‍ ഇലയില്‍ സ്പ്രേയര്‍ ഉപയോഗിച്ച് തളിക്കാം.
ചെടികളില്‍ കായികവളര്‍ച്ച ഉണ്ടായിട്ടും പൂമൊട്ടുകള്‍ വരാന്‍ ബുദ്ധിമുട്ട് കാണിക്കുന്ന അവസരങ്ങളില്‍ പൊട്ടാസ്യം മൂലകം അടങ്ങിയ വളക്കൂട്ടുകള്‍ ഇതുപോലെ ഇലയില്‍ തളിച്ചുകൊടുക്കാം. സാധാരണ 45-50 ദിവസമാകുമ്പോഴേക്കും പൂമൊട്ടുകള്‍ വിരിഞ്ഞുവരാറുണ്ട്്. കൃത്യമായ പരിചരണവും സൂര്യപ്രകാശവും ഉണ്ടെങ്കില്‍ അത്തത്തലേന്നുതന്നെ പൂക്കള്‍ പറിച്ചുതുടങ്ങാം. പൂമൊട്ട് വിരിയുന്നതോടെ ചെടികള്‍ മറിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെടികള്‍ കമ്പുവച്ച് കെട്ടുകയോ കയറിട്ട് വലിച്ചുകെട്ടിയോ താങ്ങിനിര്‍ത്തേണ്ടതാണ്.
(കേരള കാര്‍ഷിക സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)









0 comments