മുത്തലാഖ് ഭരണഘടനാവിരുദ്ധം

ന്യൂഡല്‍ഹി > മുസ്ളിംസമുദായത്തിലെ മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം സുപ്രീംകോടതി നിരോധിച്ചു. ചീഫ്ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ ഭൂരിപക്ഷ വിധി പ്രകാരമാണ് മുത്തലാഖ് ഭരണഘടനാവിരുദ്ധമായത്. ചീഫ്ജസ്റ്റിസ് ജെ എസ് ഖെഹര്‍, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ മുത്തലാഖ് മതാചാരത്തിന്റെ ഭാഗമാണെന്ന് വിധി പുറപ്പെടുവിച്ചപ്പോള്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, റോഹിന്റണ്‍ നരിമാന്‍, യു യു ലളിത് എന്നിവര്‍ ഈ ആചാരം 'പ്രത്യക്ഷമായി ഏകപക്ഷീയമായതിനാല്‍' ഭരണഘടനാവിരുദ്ധമാണെന്ന് നിലപാട് സ്വീകരിച്ചു. തുടര്‍ന്ന്, ഭരണഘടനാബെഞ്ച് 3:2 ഭൂരിപക്ഷത്തില്‍ മൂന്നുപ്രാവശ്യം തലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിരോധിക്കുകയായിരുന്നു. അഞ്ച് മതത്തില്‍പ്പെട്ട ജഡ്ജിമാരടങ്ങിയ ഭരണഘടനാബെഞ്ചിന്റേതാണ് ചരിത്രവിധി. ആറ് മാസത്തിനകം പാര്‍ലമെന്റ് പുതിയ നിയമനിര്‍മാണം നടത്തണമെന്നും വിധിയില്‍ നിര്‍ദേശിച്ചു.
മുത്തലാഖ് മതസ്വാതന്ത്യ്രം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ അവിഭാജ്യഘടകമാണെന്നായിരുന്നു ആദ്യം വിധി പ്രസ്താവിച്ച ചീഫ്ജസ്റ്റിസ് ജെ എസ് ഖെഹറിന്റെ നിരീക്ഷണം. 1400 കൊല്ലത്തിലേറെയായി ഒരു സമുദായം പിന്തുടരുന്ന ആചാരമെന്ന നിലയ്ക്ക് അത് മതപരമായ ആചാരത്തിന്റെ ഭാഗമാണ്. ഭരണഘടനയുടെ 14, 15, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്താനാകില്ല. ഇത് സംബന്ധിച്ച് ആറുമാസത്തിനകം നിയമം രൂപീകരിക്കാന്‍ പാര്‍ലമെന്റിനോട് നിര്‍ദേശിക്കാമെന്നും നിയമം പ്രാബല്യത്തില്‍ വരുംവരെ ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ച് മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്താമെന്നും ചീഫ്ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ജസ്റ്റിസ് അബ്ദുല്‍നസീര്‍ ചീഫ്ജസ്റ്റിസിന്റെ വിധിയെ ശരിവച്ചു.
ദീര്‍ഘകാലമായി പിന്തുടരുന്ന ആചാരമെന്ന പേരില്‍ മുത്തലാഖിനെ ഒരുകാരണവശാലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യത്യസ്ത വിധിന്യായത്തില്‍ ചൂണ്ടിക്കാണിച്ചു. മുത്തലാഖ് ഖുറാനിലെ പ്രമാണങ്ങള്‍ക്ക് എതിരാണെന്നും ഖുറാനില്‍ വിലക്കപ്പെട്ടത് ശരിഅത്ത് നിയമത്തില്‍ പ്രയോഗിക്കുന്നത് അനുചിതമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. പൊതുസദാചാരത്തിനും വ്യവസ്ഥയ്ക്കും ദോഷകരമായ ആചാരങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ളിം വനിതകള്‍ നീതിക്കായി കോടതിയെ സമീപിക്കുമ്പോള്‍ കൈയുംകെട്ടി ഇരിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാനും യു യു ലളിതും വിധിന്യായത്തില്‍ പരാമര്‍ശിച്ചു. ഒറ്റയടിക്ക് മൂന്നുതവണ തലാഖ് ചൊല്ലി പിരിയുന്നതിലൂടെ ദമ്പതികള്‍ തമ്മില്‍ സമവായത്തിനുള്ള സാധ്യതകള്‍ പൂര്‍ണമായും റദ്ദാക്കപ്പെടുന്നതായും ഏകപക്ഷീയമായി വിവാഹമോചനം നടക്കുന്നതിനാല്‍ അത് മൌലികാവകാവശങ്ങളുടെ ലംഘനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ചീഫ് ജസ്റ്റീസ് ജെ എസ് ഖെഹര്‍ തന്നെയാണ് ഭൂരിപഷം തീരുമാനം പ്രകാരം മുത്തലാഖ് നിരോധിച്ചതായി പ്രഖ്യാപിച്ചത്.
മുത്തലാഖിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് സൈറാ ബാനു, ആഫ്രീന്‍ റഹ്മാന്‍, ഇസ്രത് ജഹാന്‍, ഗുല്‍ഷന്‍ പര്‍വീണ്‍, ആതിയ സാബ്രി തുടങ്ങിയവരുടെയും ചില സാമൂഹ്യസംഘടനകളുടെയും ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ ബെഞ്ചാണ്് വിഷയം ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.
മുത്തലാഖിന്റെ ഭരണഘടനാപരമായ സാധുതയാണ് പരിശോധിക്കുന്നതെന്ന് അറിയിച്ച ബെഞ്ച് ബഹുഭാര്യത്വം, നിക്കാഹ് ഹലാല തുടങ്ങിയ വിഷയങ്ങള്‍ പിന്നീട് പരിഗണിക്കാമെന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തിയാല്‍ മുസ്ളിം സമുദായത്തിലെ വിവാഹവും വിവാഹമോചനവും നിയന്ത്രിക്കാന്‍ പുതിയ നിയമം രൂപീകരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. ബാഹ്യമായ ഇടപെടലിലൂടെ മതപരമായ ആചാരങ്ങളില്‍ മാറ്റംവരുത്തുന്നത് നിയമവിരുദ്ധമാണെന്ന വാദമാണ് മുസ്ളിം വ്യക്തിനിയമബോര്‍ഡ് മുന്നോട്ടുവച്ചത്.
സ്വാഗതംചെയ്യുന്നു: സിപിഐ എം
ന്യൂഡല്‍ഹി > ഏകപക്ഷീയവും ഉടനടിയുള്ളതുമായ മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്നു കണ്ടെത്തിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷവിധി സ്വാഗതം ചെയ്യുന്നതായി സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. വിധി പൂര്‍ണമായി പഠിച്ചശേഷം വിശദമായ പ്രതികരണം നടത്തുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.









0 comments