നനവ് മാറുന്നതിന് മുമ്പ് അല്പംകുമ്മായം

നിങ്ങളുടെ വാഴയിലയുടെ നിറം വിളര്‍ച്ചബാധിച്ച പച്ചയാണോ? നെല്‍വയലില്‍ അവിടവിടെയായി കുറച്ചു‘ഭാഗത്ത് ക്ഷീണിച്ചും വളര്‍ച്ചകുറഞ്ഞും കാണുന്നുണ്ടോ? പച്ചക്കറിത്തോട്ടത്തില്‍ ചെടികള്‍ ഉണങ്ങിയും ചീഞ്ഞും രോഗബാധിതവുമാണോ? എങ്കില്‍ ശ്രദ്ധിക്കുക. ലക്ഷണങ്ങളെല്ലാം മണ്ണില്‍ പുളിരസം കൂടിയതിന്റേതുതന്നെ.
അമ്ള-ക്ഷാര അവസ്ഥ ഏഴില്‍ താഴെയുള്ള മണ്ണാണ് പുളിരസക്കാരി. പുളിരസം കൂടുമ്പോള്‍ മണ്ണില്‍നിന്ന് വിളകള്‍ക്ക് മിക്ക പോഷകമൂലകങ്ങളും, പ്രത്യേകിച്ച് കാത്സ്യം ലഭിക്കാതെപോകുന്നു. ഫലം അന്നജം ചെടിയുടെ മറ്റു പല ഭാഗത്തും കൊണ്ടുചെന്ന് ശേഖരിക്കുന്നതില്‍ തടസ്സം നേരിടുകയും വിളവ് കുറയുകയും ചെയ്യുന്നു.
ഇത്തരം മണ്ണില്‍ സസ്യങ്ങള്‍ക്ക് ശരിയായ വേരുപടലമോ വേരുകള്‍ക്ക് പൂര്‍ണവളര്‍ച്ചയോ ഉണ്ടാകുന്നില്ല. കുമ്മായം ചേര്‍ക്കുന്നതാണ് പുളിരസം കുറയ്ക്കുന്നതിനുള്ള ഏക പോംവഴി. ചുണ്ണാമ്പുകല്ല്, നീറ്റുകക്ക, കുമ്മായം, ഡോളമൈറ്റ് എന്നിവയിലേതും കുമ്മായവസ്തുവായി ഉപയോഗിക്കാം.
സംയോജിത വളപ്രയോഗത്തില്‍ കുമ്മായത്തിന് ഏറെ പ്രസക്തിയുണ്ട്. തുലാവര്‍ഷാരംഭമാണ് കുമ്മായം ചേര്‍ക്കാന്‍ ഏറ്റവും അനുയോജ്യം. ചേര്‍ത്തശേഷം മഴയുണ്ടായാല്‍ കുമ്മായം മണ്ണോടുചേര്‍ന്ന് പ്രവര്‍ത്തിക്കും. തരിവലുപ്പം കുറഞ്ഞ കുമ്മായം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കുമ്മായം ചേര്‍ത്ത് രണ്ടാഴ്ചയ്ക്കു ശേഷം മാത്രമേ രാസവളം പ്രയോഗിക്കാവൂ. നെല്‍വയലില്‍ വെള്ളം ഇറക്കിയശേഷം മാത്രമേ കുമ്മായം ചേര്‍ക്കാവൂ. 24 മണിക്കൂറിനുശേഷം വീണ്ടും വെള്ളം കയറ്റണം. പുളിരസത്തിന്റെ തോതനുസരിച്ച് പച്ചക്കറിക്കൃഷിയില്‍ ഏക്കറിന് 200 കിലോഗ്രാമും വാഴയൊന്നിന് അരക്കിലോഗ്രാമും തെങ്ങിന് ഒരുകിലോഗ്രാമുംവരെ കുമ്മായം ചേര്‍ക്കാം.
കുമ്മായം മണ്ണിലെ വായുസഞ്ചാരം കൂട്ടുകയും ജലനിര്‍ഗമനം സുഗമമാക്കുകയും ചെയ്യും. ചെടികള്‍ക്ക് വലിച്ചെടുക്കാന്‍പറ്റാത്ത രീതിയില്‍ മണ്ണിലടങ്ങിയ പോഷകങ്ങളെ ആഗിരണംചെയ്യാന്‍ സാധിക്കുന്ന രൂപത്തിലാക്കുന്നതിനുള്ള കഴിവ് കുമ്മായത്തിനുണ്ട്.
ജൈവവസ്തുക്കളുടെ വിഘടനം എളുപ്പമാക്കാനും സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം കൂട്ടാനും ഇതുവഴി സസ്യങ്ങള്‍ക്ക് നൈട്രജന്‍ കൂടുതല്‍ ലഭ്യമാക്കാനും കുമ്മായം മുന്നില്‍തന്നെ. പൊട്ടാസ്യത്തിന്റെ ആഗിരണതോത് കൂടുന്നതിനു പിന്നിലെ രഹസ്യം കുമ്മായത്തിലെ കാത്സ്യമാണ്. പുളിരസമുള്ള മണ്ണിലെ ഇരുമ്പിന്റെ രാസപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി ഫോസ്ഫറസിന്റെ ലഭ്യത കൂട്ടുന്നതിനും കുമ്മായം സഹായിക്കും.
(കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക)









0 comments