സിനിമാസംഗമവേദിയായി 'കല്യാണം' സ്വിച്ചോണ്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2017, 08:44 PM | 0 min read

തിരുവനന്തപുരം > നീണ്ട ഇടവേളയ്ക്കുശേഷം താരങ്ങളുടെ സംഗമവേദിയായി സിനിമയുടെ സ്വിച്ചോണ്‍. നടന്‍ മുകേഷിന്റെയും നടി സരിതയുടെയും മൂത്തമകന്‍ ശ്രാവണ്‍ (സണ്ണി) നായകനാകുന്ന ആദ്യ സിനിമ 'കല്യാണ'ത്തിന്റെ സ്വിച്ചോണ്‍ ചടങ്ങിലാണ് നീണ്ട ഇടവേളയ്ക്കുശേഷം സരിതയും മുകേഷും ഒരു വേദിയിലെത്തിയത്. 'വയ' ഫിലിംസും സത്യസായി ആര്‍ട്സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം രാജേഷ് നായരാണ്്. മുകേഷും ശ്രീനിവാസനും സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡബ് മാഷ് വീഡിയോകളിലൂടെ പ്രശസ്തയായ പുതുമുഖം വര്‍ഷയാണ് നായിക.

തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ തിങ്ങിനിറഞ്ഞ സിനിമാ പ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ചോണ്‍ നിര്‍വഹിച്ചു. സിനിമയുടെ തിരക്കഥ മന്ത്രി എ കെ ബാലന്‍ സംവിധായകന്‍ രാജേഷ് നായര്‍ക്ക് കൈമാറി.

മുകേഷും സരിതയും മകന്റെ കന്നി സിനിമയ്ക്ക് എല്ലാ ആശംസയും നേര്‍ന്നു. തന്റെ അച്ഛന്‍ ഒ മാധവനേക്കാള്‍ മകന്‍ ശ്രാവണ്‍ വലിയ അഭിനേതാകണമെന്നാണ് ആഗ്രഹമെന്ന് മുകേഷ് പറഞ്ഞു. മകന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് ആദ്യം യോജിപ്പില്ലായിരുന്നെങ്കിലും നല്ലൊരവസരം അവനെ തേടിയെത്തിയതില്‍ സന്തോഷമുണ്ടെന്ന് സരിത പറഞ്ഞു.

മധു, ശ്രീനിവാസന്‍, സംവിധായകന്‍ രാജേഷ് നായര്‍, മുകേഷിന്റെ അമ്മ വിജയകുമാരി, ഭാര്യ മേതില്‍ ദേവിക, സഹോദരിമാര്‍, സഹോദരി ഭര്‍ത്താവും നടനുമായ ഇ എ രാജേന്ദ്രന്‍, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജന്‍, ചലച്ചിത്രപ്രവര്‍ത്തകരായ രാഘവന്‍, മണിയന്‍പിള്ള രാജു, ഷാജി കൈലാസ്, കെ മധു, ആനി, മേനക, സുരേഷ്കുമാര്‍, രജപുത്ര രഞ്ജിത് തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home