മുൻഗാമികൾക്ക്‌ പ്രിയങ്കരൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 10:46 PM | 0 min read

 

പി സുന്ദരയ്യ, ബി ടി രണദിവെ, ഇ എം എസ്‌, ഹർകിഷൻ സിങ് സുർജിത്‌ തുടങ്ങി ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളുടെ ശിക്ഷണത്തിലൂടെയാണ്‌ സീതാറാം യെച്ചൂരി മികച്ച കമ്യൂണിസ്‌റ്റായി മാറിയത്‌. അതിനുമുമ്പുതന്നെ സിപിഐ എമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ പി സുന്ദരയ്യയുമായി കുടുംബപരമായ സൗഹൃദം സീതാറാമിന്‌ ഉണ്ടായിരുന്നു. ഒരുവേള, സീതാറാം നക്സലാകുമോ എന്ന്‌ ഭയന്ന മുത്തശ്ശി, അതിൽനിന്ന്‌ പിന്തിരിപ്പിക്കാൻ സുന്ദരയ്യയുടെ സഹായം തേടുന്നുണ്ട്‌. 1978ൽ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സുന്ദരയ്യ പിന്നീട്‌ ഡൽഹിയിൽ എത്തുമ്പോൾ പലപ്പോഴും യെച്ചൂരിയുടെ വീട്ടിലാണ്‌ തങ്ങിയിരുന്നത്‌.

ഹർകിഷൻ സിങ്‌ സുർജിത്തിനൊപ്പം ചെക്കോസ്ലോവാക്യ കമ്യൂണിസ്‌റ്റ്‌ പാർടി നേതാവ്‌ റുഡോൾബ്‌ ഹേഗൻലാർട്ടിനെ സ്വീകരിക്കുന്നു
 

സുന്ദരയ്യയ്‌ക്കുശേഷം ജനറൽ സെക്രട്ടറിയായ ഇ എം എസിന്റെ കാലത്താണ്‌ യെച്ചൂരി പാർടി കേന്ദ്രകമ്മിറ്റിയിലെത്തുന്നത്‌. 1984ൽ ക്ഷണിതാവായും അടുത്തവർഷം 12–-ാംപാർടി കോൺഗ്രസിൽ പൂർണ അംഗവുമായി. കേന്ദ്ര കമ്മിറ്റിയിലെടുക്കാൻ തീരുമാനിച്ചതറിഞ്ഞപ്പോൾ തനിക്ക് അതിന്‌ പ്രാപ്തിയായിട്ടില്ലെന്ന് ഇ എം എസിനെ കണ്ട്‌ പറഞ്ഞിരുന്നു. എന്നാൽ, പാർടി തീരുമാനം അംഗീകരിക്കാൻ അംഗം ബാധ്യസ്ഥനാണ് എന്നായിരുന്നു ഇ എം എസിന്റെ മറുപടി. അല്ലാത്തപക്ഷം പാർടി വിട്ടുപോകുകയേ വഴിയുള്ളൂ. ഇവർക്കുപുറമെ ബി ടി ആർ, ഹർകിഷൻ സിങ് സുർജിത്, ബസവ പുന്നയ്യ, ജ്യോതിബസു തുടങ്ങിയ നേതാക്കളെല്ലാം വളരെ സ്വാഭാവികമായ രീതിയിൽ താനടക്കമുള്ള പുതിയ തലമുറയെ വളർത്തിയെടുത്തതിനെക്കുറിച്ച്‌ യെച്ചൂരി പറഞ്ഞിട്ടുണ്ട്‌. ഈ നേതാക്കളുടെ മാർഗനിർദേശങ്ങളാണ് പാർടി കേഡറാക്കി ഉയർത്തിയതെന്നും അദ്ദേഹം പറയുമായിരുന്നു. 

കൊൽക്കത്തയിൽ നടന്ന പന്ത്രണ്ടാം പാർടി കോൺഗ്രസിൽ ഇ എം എസിനൊപ്പം

1987ലെ റഷ്യൻ ശൈത്യകാലത്ത്‌ മോസ്‌കോയിൽ നടന്ന ലോക കമ്യൂണിസ്‌റ്റ്‌ സമ്മേളനത്തിൽ ഇ എം എസിനും സുർജിത്തിനുമൊപ്പം പങ്കെടുക്കുമ്പോൾ സീതാറാം യെച്ചൂരിക്ക്‌ 34 വയസ്സ് മാത്രം.  ലോക വൈരുധ്യങ്ങൾ സംബന്ധിച്ച ഗോർബച്ചേവിന്റെ വീക്ഷണങ്ങളോടുള്ള വിയോജിപ്പ്‌ അന്ന്‌ ഇവർ അദ്ദേഹത്തോട്‌ നേരിട്ട്‌ പറഞ്ഞു. പിന്നെയും നിരവധി സാർവദേശീയ വേദികളിൽ സിപിഐ എം പ്രതിനിധിയായിരുന്നു യെച്ചൂരി. ഏത്‌ വിഷയവും പഠിക്കാൻ സമർഥനായിരുന്ന സീതാറാമിനെ മികച്ച സൈദ്ധാന്തികനും എഴുത്തുകാരനുമായി വളർത്തുന്നതിലും മുതിർന്ന നേതാക്കൾ ശ്രദ്ധിച്ചു. ഹിന്ദുത്വ എന്ന ഫാസിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രത്തെയും അതിന്റെ അടിസ്ഥാനത്തിലുള്ള ഹിന്ദുരാഷ്‌ട്രവാദത്തെയും തുറന്നുകാട്ടുന്ന ആദ്യ ആധികാരിക രചനകളിൽ സീതാറാം യെച്ചൂരിയുടെ കൃതികളും ഉൾപ്പെടും. ഗണിതവും സംഗീതവുമടക്കമുള്ള വിഷയങ്ങളും അദ്ദേഹത്തിന്റെ വായനയിൽ ഉൾപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home