Deshabhimani

പതറാത്ത പോരാളി; വധശ്രമം നേരിട്ടത് നിരവധി തവണ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2024, 11:49 AM | 0 min read

സ്വാതന്ത്ര്യാനന്തര തലമുറയുടെ ഭാഗമായിരുന്നപ്പോഴും ദേശീയ സമരത്തിന്റെ മൂല്യങ്ങളാണ് ബുദ്ധദേവ് ഭട്ടാചാര്യയെ നയിച്ചത്. സാധാരണക്കാരിലൊരാളായ, ആര്‍ക്കും സമീപിക്കാവുന്ന ബുദ്ധദേവിന്റെ വ്യക്തിത്വം എതിരാളികള്‍ക്കുപോലും സ്വീകാര്യനാക്കി. പതിനെട്ടര വര്‍ഷം മന്ത്രിപദത്തിലിരുന്നപ്പോഴും 11 വര്‍ഷം മുഖ്യമന്ത്രായിരുന്നപ്പോഴും ലളിത ജീവിതത്തില്‍ മാറ്റമുണ്ടായില്ല.

സാംസ്‌കാരിക സ്ഥാപനങ്ങളുടെ ശില്‍പിയായാണ് ബുദ്ധദേവ് അറിയപ്പെട്ടത്. സിനിമയും കവിതയും നാടകവുമൊക്കെ ഇഷ്ടമേഖഖലകൾ. പത്രപ്രവര്‍ത്തകരും എഴുത്തുകാരുമായി അടുത്ത സൗഹൃദം പുലര്‍ത്തി. സ്വന്തമായി കവിതയും നാടകങ്ങളുമെഴുതി. മികച്ച ലോക രചനകള്‍ ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്തു.

ബംഗാളില്‍ സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും അമരക്കാരനായ പ്രമോദ് ദാസ് ഗുപ്തയാണ് ഭരണരംഗത്തേക്ക് ബുദ്ധദേവിനെ കൊണ്ടുവന്നത്. സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി പശ്ചിമബംഗാളില്‍ അധികാരത്തിലെത്തിയ 1977ല്‍ തന്റെ മുപ്പത്തിമൂന്നാം വയസില്‍ ബുദ്ധദേവ് ഭട്ടാചാര്യയും നിയസഭയിലെത്തി. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന പ്രഫുല്ലകാന്തി ഘോഷിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യ അവസരത്തില്‍ തന്നെ വാർത്താവിനിമയ സാംസ്കാരിക വകുപ്പു മന്ത്രിയായി.

പ്രകാശ് കാരാട്ട്, ബിമന്‍ ബോസ്, സീതാറാം യെച്ചൂരി എന്നിവര്‍ക്കൊപ്പം

ദക്ഷിണകൊല്‍ക്കത്തയിലെ ചുവപ്പുകോട്ടയായ ജാദവ്പൂരില്‍ നിന്ന് മൂന്നു തവണ തുടര്‍ച്ചയായി ജയിച്ചു. ജ്യോതിബസു മന്ത്രിസഭയില്‍ 10 വര്‍ഷം വാര്‍ത്താവിനിമയ സാസ്‌കാരിക വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1996ല്‍ ആഭ്യന്തര മന്ത്രിയായി. 99 ജനുവരി മുതല്‍ 2000 നവംബര്‍ വരെ ഉപമുഖ്യമന്ത്രി. ജ്യോതിബസു ഒഴിഞ്ഞതിനെത്തുടര്‍ന്ന് 2000 നവംബര്‍ ആറിന് അൻപത്തിയാറാം വയസില്‍ ബുദ്ധദേവ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി.

ഗൂര്‍ഖാലാൻഡ് പ്രക്ഷോഭത്തെ നേരിടുന്നതിലും രാഷ്ട്രീയമായി പരിഹാരം കാണുന്നതിലും വഹിച്ച പങ്ക് ഭരണാധികാരിയെന്ന നിലയിലുള്ള വലിയ നേട്ടങ്ങളിലൊന്നാണ്. സാംസ്‌കാരിക മേഖലയിലെ സമഗ്രപരിവര്‍ത്തനവും പൊലീസ് വകുപ്പിനെ ജനകീയമാക്കലും എടുത്തുപറയേണ്ടവയാണ്.

നന്ദിഗ്രാമും വധശ്രമങ്ങളും

പശ്ചിമബംഗാള്‍ രഹസ്യാന്വേഷണ തലവനായിരുന്ന ദിലീപ് മിത്രയുടെ 2000ല്‍ പുറത്തിറക്കിയ "ഓപറേഷന്‍ ബ്ലാക്ക് സ്റ്റിലെറ്റോ, മൈ ഇയേഴ്‌സ് ഇന്‍ ഇന്റലിജന്‍സ്" എന്ന പുസ്തകത്തില്‍ ബുദ്ധദേവ് നിരവധി വധശ്രമങ്ങള്‍ നേരിട്ടതായി വിശദീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങളില്‍ അറിയുമെങ്കിലും പുറത്ത് കാര്യമായി ചര്‍ച്ചയാകാത്ത വിഷയം വര്‍ഷങ്ങള്‍ക്കു ശേഷമുള്ള വെളിപ്പെടുത്തലിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2001നും 2008നും ഇടയില്‍ ബുദ്ധദേവിനെതിരെ മൂന്ന് വധശ്രമങ്ങളുണ്ടായെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ യഥാസമയം മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയില്ലെന്നും പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഐഎസ്‌ഐയുടെ കൊല്‍ക്കത്തയിലെ സ്ലീപ്പര്‍ സെല്‍ അംഗമായി ആരോപിക്കപ്പെട്ട അബ്ദുള്ളയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രധാന വിവരങ്ങള്‍ ലഭിച്ചത്.

ജ്യോതിബസുവിനൊപ്പം

മിഡ്‌നാപൂര്‍ ജില്ലയുടെ കിഴക്കു പടിഞ്ഞാറന്‍ ഭാഗങ്ങള്‍, പുരുലിയ, ബങ്കുറ എന്നിവിടങ്ങളില്‍ മാവോയിസ്റ്റുകള്‍ ശക്തിപ്പെടുകയും പീപ്പീള്‍സ് വാര്‍ ഗ്രൂപ്പായി മാറുകയും ചെയ്ത വേളയിലാണ് മറ്റൊരു നീക്കം. മാവോയിസ്റ്റുകളും പീപ്പീള്‍സ് വാര്‍ ഗ്രൂപ്പും ബുദ്ധദേവിനെ മുഖ്യശത്രുവായി കണ്ടിരുന്നുവെന്നും ജംഗല്‍മഹല്‍ സന്ദര്‍ശിക്കുമ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ദിലീപ് മിത്ര പറയുന്നു. 2008 നവംബറില്‍ സാല്‍ബണില്‍ ജിന്താല്‍ സ്റ്റീല്‍ പ്ലാന്റിന്റെ കല്ലിടലിനുശേഷം മടങ്ങവെ കുഴിബോംബ് വെച്ച് അപായപ്പെടുത്താനും ശ്രമമുണ്ടായി. അന്ന് തലനാരിഴയ്ക്കാണ് ബുദ്ധദേവ് രക്ഷപെട്ടത്.

നന്ദിഗ്രാം സമരത്തിന്റെ മറവില്‍ ബുദ്ധദേവ് സര്‍ക്കാരിനെതിരെ മുഴുവന്‍ പ്രതിലോമ ശക്തികളും ഒന്നിച്ചുവന്നു. ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടായി. അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധം ബാധിച്ച മാധ്യമങ്ങളും പിന്തിരപ്പന്‍ ശക്തികള്‍ക്കൊപ്പം നിന്നു. സമരക്കാര്‍ക്കുനേരെ വെടിവെപ്പുണ്ടായത് മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നതും മറച്ചുവെക്കപ്പെട്ടു. ബംഗാളിലെ ഭരണത്തുടര്‍ച്ചയില്‍ വിറളി പൂണ്ട വിരുദ്ധശക്തികള്‍ രാജ്യാന്തരമായിത്തന്നെ വലിയ ഗൂഢാലോചന നടത്തിയതും ദിലീപ് മിത്രയുടെ വെളിപ്പെടുത്തലില്‍ സ്ഥിരീകരിക്കപ്പെടുകയായിരുന്നു.



deshabhimani section

Related News

0 comments
Sort by

Home