പ്രൊഫ. സി ടി കുര്യൻ ; ജനപക്ഷ സാമ്പത്തികശാസ്‌ത്രത്തിന്റെ വക്താവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 01:47 AM | 0 min read

 

പ്രൊഫ. സി ടി കുര്യനെപ്പറ്റി ഏറെ കേൾക്കുകയും അദ്ദേഹത്തിന്റെ രചനകൾ വായിക്കുകയും ചെയ്‌തിരുന്നെങ്കിലും 2012ൽ ഡോ. ആർ വി ജി മേനോൻ മുഖേനയാണ്‌ ഞാൻ അദ്ദേഹത്തെ അടുത്തുപരിചയപ്പെടുന്നത്‌. അതാകട്ടെ അദ്ദേഹത്തിന്റെ ‘വെൽത്ത്‌ ആൻഡ്‌ ഇൽഫെയർ’ എന്ന ഗ്രന്ഥം മലയാളത്തിലേക്ക്‌ തർജമ ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു. അതിന്റെ തർജമ പൂർത്തിയാക്കുന്നത്‌ അദ്ദേഹത്തിന്റെ ബംഗളൂരുവിലെ വീട്ടിൽവച്ചായിരുന്നു. അന്ന്‌ തുടങ്ങിയ ബന്ധം ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്നു. അദ്ദേഹത്തിന്റെ അവസാന ഗ്രന്ഥമായ ‘ഇക്കണോമിക്‌സ്‌ ഓഫ്‌ റിയൽ ലൈഫ്‌’ തർജമ ചെയ്യാനും ഭാഗ്യമുണ്ടായി. ‘സമ്പത്തും ദാരിദ്ര്യവും’, ‘ജീവിതയാഥാർഥ്യങ്ങളുടെ അർഥശാസ്‌ത്രം’ എന്ന പേരുകളിൽ രണ്ടു ഗ്രന്ഥങ്ങളും കേരള ശാസ്‌ത്ര സാഹിത്യ പരിഷത്താണ്‌ പ്രസിദ്ധീകരിച്ചത്‌. രണ്ടാമത്തെ പുസ്‌തകത്തിന്റെ ആദ്യകോപ്പിയുമായി എറണാകുളത്ത്‌ പുത്തൻകുരിശിലെ താമസസ്ഥലത്ത്‌ പോയപ്പോഴാണ്‌ അദ്ദേഹത്തെ അവസാനമായി കണ്ടത്‌. അന്ന്‌ അദ്ദേഹത്തിനും ഭാര്യ സൂസി ടീച്ചർക്കുമൊപ്പം ഉച്ചഭക്ഷണം കഴിഞ്ഞാണ്‌ പിരിഞ്ഞത്‌.

തർജമയുമായി ബന്ധപ്പെട്ടും മറ്റ്‌ വിഷയങ്ങളെപ്പറ്റിയും പത്തുവർഷം അദ്ദേഹവുമായി നേരിട്ടും ഫോണിലും സംസാരിച്ചതിലൂടെ ഞാൻ അറിയാതെതന്നെ കുര്യൻ സാറിന്റെ ഒരു അനൗപചാരികവിദ്യാർഥിയായി മാറുകയായിരുന്നു. അതുവഴി നാലുപതിറ്റാണ്ടിലേറെ ഞാൻ മനസ്സിലാക്കിയ സാമ്പത്തികശാസ്‌ത്രത്തിന്റെ മറ്റൊരു ഭാഗം, ഒരു മനുഷ്യമുഖം കൂടുതൽ തെളിമയോടെ എനിക്ക്‌ ഉൾക്കൊള്ളാൻ കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും തലമുതിർന്ന സാമ്പത്തികശാസ്‌ത്രജ്ഞനായ സി ടി കുര്യൻ, 15 ഗ്രന്ഥങ്ങളുടെയും ഒട്ടേറെ ഗവേഷണപ്രബന്ധങ്ങളുടെയും കർത്താവാണ്‌. ഫ്രണ്ട്‌ലൈൻ ദ്വൈവാരികയിൽ കാലികപ്രസക്തമായ ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയും അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. ശ്രദ്ധേയനായ വിദ്യാഭ്യാസപ്രവർത്തകൻകൂടിയായിരുന്നു ഡോ. കുര്യൻ. ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച അശോക്‌മിത്ര വിദ്യാഭ്യാസ കമീഷനിൽ അംഗമായിരുന്നു. അക്കാലത്ത്‌ ആലുവയിൽ നടന്ന പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തത്‌ അദ്ദേഹമായിരുന്നു.

ദരിദ്രരുടെ പക്ഷത്ത്‌
എഴുത്തിലെ ലാളിത്യവും ഉള്ളടക്കത്തിലെ ദരിദ്ര പക്ഷപാതിത്വവുമാണ്‌ സി ടി കുര്യനെ വേറിട്ട സാമ്പത്തിക ശാസ്‌ത്രജ്ഞനാക്കുന്നത്‌. ചിരപരിചിതമായ നവ ക്ലാസിക്കൽ സിദ്ധാന്തങ്ങളുടെ ചട്ടക്കൂടിൽനിന്ന്‌ സാമ്പത്തികശാസ്‌ത്രത്തെ മോചിപ്പിക്കാൻ നടത്തിയ ശ്രമം മാത്രമല്ല, സാമ്പത്തികശാസ്‌ത്ര പഠനശാഖയിൽ പുതിയൊരു ജനപക്ഷസമീപനം ഉയർത്തിക്കൊണ്ടുവരുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്‌. ഈ പൊതുനിലപാടിൽ ഇന്ത്യൻ സമ്പദ്‌ഘടനയിലുണ്ടായ മാറ്റങ്ങളെ വിലയിരുത്തുന്ന ഈടുറ്റ ഗ്രന്ഥങ്ങളാണ്‌ അദ്ദേഹത്തിന്റെ പ്രധാന സംഭാവന.

ഇത്തരം നിലപാടുകളും അതിനനുസൃതമായ പരിപാടികളും ഔന്നത്യത്തിലെത്തുന്നത്‌ അവസാന ഗ്രന്ഥങ്ങളായ വെൽത്ത്‌ ആൻഡ്‌ ഇൽഫെയർ, ഇക്കണോമിക്‌സ്‌ ഓഫ്‌ റിയൽ ലൈഫ്‌ എന്നിവയിലാണ്‌. ഔപചാരികവും ലാഭാധിഷ്‌ഠിതവുമായ കമ്പോളയുക്തിയിൽനിന്ന്‌ വ്യത്യസ്‌തമായി, അനൗപചാരികവും ജനകീയവുമായ പ്രാദേശികയുക്തിയുടെ നിലപാടുതറയിൽ ഉറച്ചുനിന്ന്‌ ജീവിതപ്രശ്‌നങ്ങളെ അപഗ്രഥിക്കാനാണ്‌ ഡോ. കുര്യൻ ഇവയിൽ ശ്രമിച്ചിട്ടുള്ളത്‌. ഉൽപ്പാദകരും ഉപഭോക്താക്കളും എന്ന നിലയിൽ കമ്പോളത്തെ രണ്ടുതട്ടാക്കി പകുത്തുകൊണ്ടുള്ളതും ചോദന–-പ്രദാന സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ നവ ക്ലാസിക്കൽ അപഗ്രഥനത്തിന്റെ പരിമിതികളെ അദ്ദേഹം ഓരോന്നായി ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതിനേക്കാളുപരി, മൂന്നുപതിറ്റാണ്ടായി നടപ്പാക്കിവരുന്ന നവഉദാര നയങ്ങൾ ഇന്ത്യൻ സമ്പദ്‌ഘടനയിലും ജനജീവിതത്തിലും വരുത്തിയ മാറ്റങ്ങളുടെ വസ്‌തുനിഷ്‌ഠമായ വിലയിരുത്തലുകൾകൂടിയാണ്‌ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ. ഗ്ലോബൽ ക്യാപിറ്റലിസം ആൻഡ്‌ ദി ഇന്ത്യൻ ഇക്കോണമി (1994) എന്ന ചെറിയ ഗ്രന്ഥം ഇതുസംബന്ധിച്ച വലിയ കാര്യങ്ങൾ പ്രതിപാദിക്കുന്നതാണ്‌. ദാരിദ്ര്യത്താൽ വലയം ചെയ്യപ്പെട്ട സമ്പത്തിന്റെ തുരുത്തുകൾ നിറഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ ജീവിതയാഥാർഥ്യങ്ങളുടെ അർഥശാസ്‌ത്രം എന്തെന്ന്‌ ഡോ. കുര്യൻ അദ്ദേഹത്തിന്റെ പുസ്‌തകങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നമുക്ക്‌ കാണിച്ചുതരികയായിരുന്നു.

(കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മുൻ പ്രസിഡന്റാണ്‌ ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home