അങ്ങകലെ ജീവനുണ്ടോ

നവനീത് കൃഷ്ണൻ എസ്
Published on May 18, 2025, 12:00 AM | 3 min read
കെ2–-18 ബി (K2–-18b) എന്ന ‘സൂപ്പർ- ഭൂമി’യിൽ ജീവന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റിയാണ് ശാസ്‌ത്രലോകം ഇപ്പോൾ ചർച്ചചെയ്യുന്നത്. ലോകമെമ്പാടുമുള്ള ശാസ്ത്രകുതുകികളും സാധാരണക്കാരും അത്ഭുതത്തോടെയും ആവേശത്തോടെയുമാണ് ഇതിനോട് പ്രതികരിച്ചത്. നമ്മുടെ സൗരയൂഥത്തിനുമപ്പുറം പ്രകാശവർഷങ്ങൾക്കുമപ്പുറമുള്ള ഈ ഗ്രഹത്തിൽ ശരിക്കും ജീവനുണ്ടോ. ഭൂമിക്കുമപ്പുറം ജീവൻതേടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് വഴിത്തിരിവാകുമോ ഇത്.
പേരു വന്ന വഴി
K2–-18b. അക്കങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് ഒരു പേര്. K സൂചിപ്പിക്കുന്നത് കെപ്ലർ ബഹിരാകാശ ടെലിസ്കോപ് ഉപയോഗിച്ച് കണ്ടെത്തിയതെന്നാണ്. 2009 മാർച്ചിലാണ് കെപ്ലർ വിക്ഷേപിക്കുന്നത്. അന്യഗ്രഹങ്ങളെ കണ്ടെത്തുകയെന്നതാണ് ദൗത്യം. വിജയകരമായി ദൗത്യം മുന്നേറുമ്പോഴാണ് കെപ്ലറിന് തകരാർ ഉണ്ടായത്. നിശ്ചിത നക്ഷത്രത്തിലേക്ക് നോക്കിനിൽക്കാൻ സഹായിക്കുന്ന റിയാക്ഷൻ വീൽ തകരാറിലായതാണ് പ്രശ്നം. ഇതു ശരിയാക്കാനായില്ല. എന്നാൽ ടെലിസ്കോപ് ഉപയോഗിച്ച് ദൗത്യം പുതിയ രീതിയിൽ തുടരാൻ ശാസ്ത്രജ്ഞർക്കായി. അത് കെപ്ലറുടെ രണ്ടാം ദൗത്യമായി. ഇതുമുതലാണ് K2 എന്ന സൂചന ഉപയോഗിച്ചുതുടങ്ങിയത്. K2- കഴിഞ്ഞ് വരുന്ന സംഖ്യ നക്ഷത്രത്തെ സൂചിപ്പിക്കുന്നു. K2–-2 എന്നാൽ കെപ്ലറുടെ രണ്ടാം ദൗത്യത്തിൽ നിരീക്ഷിക്കപ്പെട്ട ഒരു നക്ഷത്രം എന്നാണ്. K2–-2, K2–-3, K2–-4, K2–-18 തുടങ്ങിയവയൊക്കെ വ്യത്യസ്ത നക്ഷത്രങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഓരോ നക്ഷത്രത്തിനുചുറ്റും നിരവധി ഗ്രഹങ്ങളുണ്ട്. ഇതിൽ ആദ്യം കണ്ടെത്തിയ ഗ്രഹത്തെ b എന്ന അക്ഷരംകൊണ്ട് സൂചിപ്പിക്കും. രണ്ടാമത് കണ്ടെത്തുന്ന ഗ്രഹം c എന്നും. തുടർന്ന് d, e, f... എന്നിങ്ങനെ ഉപയോഗിക്കും. a എന്ന അക്ഷരം ഉപയോഗിക്കാറില്ല. K2–-4b എന്നാൽ കെപ്ലറുടെ രണ്ടാം ദൗത്യത്തിൽ നിരീക്ഷിക്കപ്പെട്ട 4 എന്നു പേരുകൊടുത്ത നക്ഷത്രത്തിലെ ആദ്യഗ്രഹം എന്നാണർഥം.
കണ്ടെത്തൽ
2015ൽ കെപ്ലർ ടെലിസ്കോപ് 18ാമത്തെ നക്ഷത്രത്തെ പഠിക്കുമ്പോഴാണ് K2–-18b ഗ്രഹത്തെ കണ്ടെത്തുന്നത്. ഗ്രഹം നക്ഷത്രത്തിനുമുന്നിലൂടെ കടന്നുപോകുമ്പോൾ നക്ഷത്രത്തിൽനിന്നുവരുന്ന പ്രകാശത്തിൽ നേരിയ ഒരു കുറവുവരും. ഈ കുറവ് അളന്നാണ് ഗ്രഹത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. പിന്നീട് സ്പിറ്റ്സർ ടെലിസ്കോപ്, ഹബിൾ ടെലിസ്കോപ് തുടങ്ങിയവയും ഇതേ ഗ്രഹത്തെ നിരീക്ഷിച്ചു.
ഒരു ചുവന്ന നക്ഷത്രമാണ് യഥാർഥത്തിൽ K2–-18. ഭൂമിയിൽനിന്ന് 124 പ്രകാശവർഷം അകലെ ചിങ്ങം രാശിയിൽ കാണപ്പെടുന്ന നക്ഷത്രം. ഇതിന്റെ ഹാബിറ്റബിൾ സോണിലാണ് K2–-18b എന്നതാണ് പ്രാധാന്യം. ജലം ദ്രാവകരൂപത്തിൽ നിലനിൽക്കാൻ കഴിയുന്ന ഇടമാണ് ഈ ഹാബിറ്റബിൾ സോൺ. K2–-18 നക്ഷത്രം വളരെ ചെറിയതോതിൽ മാത്രം ഊർജം പുറത്തുവിടുന്നുള്ളൂ. ഗ്രഹം വളരെ അടുത്തുനിന്നാണ് നക്ഷത്രത്തെ ചുറ്റുന്നത്. വെറും 33 ദിവസംകൊണ്ട് ഒരു തവണ നക്ഷത്രത്തെ ചുറ്റിവരും. ഭൂമിയിലെ ഒരു മാസത്തെ സമയം അവിടെ ഒരു വർഷത്തിന് തുല്യമാണ്. ഭൂമിയേക്കാൾ ഇരട്ടിയിലധികം വലിപ്പമുള്ളതാണ് ഈ ഗ്രഹം. അന്തരീക്ഷത്തിൽ ഹൈഡ്രജൻ വാതകം ധാരാളമുണ്ടത്രേ. മാത്രമല്ല ജലസമുദ്രവും ഇതിനുണ്ടാകാമെന്ന സൂചനയുണ്ട്. ഹൈഡ്രജൻ ധാരാളമായുള്ള അന്തരീക്ഷവും ഉപരിതലത്തിൽ ജലസമുദ്രവും. ഇങ്ങനെയുള്ള ഗ്രഹങ്ങളെ ഹൈസീയൻ (Hycean planet) എന്ന പേരിലാണ് വിളിക്കാറ്.
ജീവൻ എന്ന പ്രതിഭാസം
ജീവൻ എന്ന പ്രതിഭാസം ഒരു ഗ്രഹത്തിൽ ഉണ്ടെങ്കിൽ അത് ഉൽപ്പാദിപ്പിക്കുന്ന പലതരം രാസവസ്തുക്കളും അവിടെ കാണപ്പെടും. ജീവവർഗത്തിന്റെ സാന്നിധ്യം പല തരത്തിലുള്ള വാതകങ്ങളും രാസവസ്തുക്കളും സൃഷ്ടിക്കും.
അത്തരം രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞാൽ അവിടെ ജീവൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അനുമാനിക്കാം. ബയോ മാർക്കറുകൾ അല്ലെങ്കിൽ ബയോ സിഗ്നേച്ചറുകളെന്ന് ഇവയെ പറയും. ഒരു ഗ്രഹത്തിൽ ഓക്സിജനോ മീഥെയ്നോ കണ്ടെത്തിയാൽ അവിടെ ജീവനുണ്ടെന്ന് ഉറപ്പിക്കാനാവില്ല. ഇവയുടെ അളവ്, അവിടെയുള്ള മറ്റ് വാതകങ്ങൾ തുടങ്ങി നിരവധി സാഹചര്യങ്ങൾ ഒത്തുവന്നാലേ ജീവന്റെ സാന്നിധ്യം ഉറപ്പിക്കാനാകൂ. സ്പെക്ട്രോസ്കോപ്പി അഥവാ വർണരാജി വിശകലനമെന്ന ശാസ്ത്രശാഖയുടെ സഹായത്തോടെയാണ് പ്രപഞ്ച വസ്തുക്കളുടെ രാസഘടന വളരെ അകലെയിരുന്ന് കണ്ടെത്താനാവുന്നത്. K2-–-18b അടക്കമുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നത് ട്രാൻസിറ്റ് രീതിയിലാണ്. നക്ഷത്രത്തിന്റെ മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോൾ പ്രകാശത്തിൽ വരുന്ന കുറവിനെ അളന്നുള്ള കണ്ടെത്തൽ. ഈ സമയത്ത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലൂടെയാവും നക്ഷത്രത്തിലെ പ്രകാശം കടന്നുവരിക. അന്തരീക്ഷത്തിലുള്ള ഓരോ രാസവസ്തുവും ഈ പ്രകാശത്തിൽനിന്ന് നിശ്ചിത ഫ്രീക്വൻസികളുള്ള പ്രകാശത്തെ ആഗിരണം ചെയ്യും. ഇത് കണ്ടെത്തിയാൽ അന്തരീക്ഷത്തിൽ ഏതെല്ലാം രാസവസ്തുക്കൾ, ഏതെല്ലാം അളവിൽ ഉണ്ടെന്നുപോലും നമുക്ക് മനസ്സിലാക്കാനാവും.
തുടക്കം
തുടക്കത്തിൽ K2-–-18bൽ ഹൈഡ്രജന്റെയും ജലത്തിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നെങ്കിലും ഏതെങ്കിലും തരത്തിലുള്ള ശക്തമായ ബയോമാർക്കറുകൾ കാണാനായില്ല. 2023ൽ ജെയിംസ് വെബ് ടെലിസ്കോപ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിൽ മീഥെയ്നും കാർബൺ ഡയോക്സൈഡും കണ്ടെത്തി. ഒപ്പം ഡൈമെതൈൽ സൾഫൈഡിന്റെയും ഡൈമെതൈൽ ഡൈസൾഫൈഡിന്റെയും സാന്നിധ്യവും. ഇത് വഴിത്തിരിവായി. ഈ സൾഫർ സംയുക്തങ്ങൾ ജീവന്റെ സൂചനയാവാം, അല്ലാതിരിക്കാം. ഒരുപക്ഷേ മറ്റെന്തെങ്കിലും രാസപ്രവർത്തനങ്ങൾ വഴിയാകാം ഇവ ഉണ്ടാകുന്നത്. കൂടുതൽ പഠനങ്ങൾ പുരോഗമിക്കുകയാണ്. അകലെയുള്ള ജീവന്റെ സ്‌പന്ദനത്തിനായി കാത്തിരിക്കാം.









0 comments