നൻകായിയുടെ മുന്നറിയിപ്പ്

ഡോ. കുശല രാജേന്ദ്രൻ
Published on May 04, 2025, 12:00 AM | 3 min read
ജപ്പാനിലെ നൻകായ് (Nankai) പ്രദേശത്ത് വിനാശകരമായ ഭൂകമ്പം ഉണ്ടാകുമെന്നും സുനാമികൾ സൃഷ്ടിക്കുമെന്നും അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. മൂന്നു ലക്ഷത്തോളം പേർ മരിച്ചേക്കാമെന്നുള്ള അമ്പരപ്പിക്കുന്ന വിവരവും റിപ്പോർട്ടിലുണ്ട്. പസഫിക് തീരത്തിനടുത്തുള്ള ഈ പ്രദേശം ലോകത്തെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള ഒന്നാണ്. ശരാശരി 100 മുതൽ 150 വർഷത്തിലൊരിക്കൽ ഈ പ്രദേശത്ത് വലിയ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട് എന്നതും റിപ്പോർട്ടിലെ മുന്നറിയിപ്പിനെ ഗൗരവകരമാക്കുന്നു.
അടിത്തട്ടിലെ വലിയ വിള്ളൽ
നാലു പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾക്കു മുകളിൽ സ്ഥിതിചെയ്യുന്ന ജപ്പാൻ, ലോകത്തെ ഭൂകമ്പപരമായി ഏറ്റവും സജീവമായ പ്രദേശങ്ങളിൽ ഒന്നാണ്. ജപ്പാനിലെ ഹോൺഷു ദ്വീപിലെ നൻകൈഡോ (Nankaido) മേഖലയ്‌ക്ക് തെക്ക്ഭാഗത്ത് കടലിന്റെ അടിത്തട്ടിലുള്ള ‘നൻകായ് ട്രെഞ്ച്' വൻ ഭൂകമ്പങ്ങൾക്ക് പേരുകേട്ട പ്രദേശംതന്നെയാണ്. ഏകദേശം 900 കിലോമീറ്റർ നീളത്തിൽ കടൽത്തീരത്തോട് ചേർന്നുകിടക്കുന്ന അടിത്തട്ടിലെ ഈ വലിയ വിള്ളൽ, അഥവാ മെഗാ ത്രസ്റ്റ്, വിനാശകരമായ ഭൂകമ്പങ്ങളുടെ ഉറവിടമാണ്. പ്ലേറ്റ് ടെക്റ്റോണിക്സ് സിദ്ധാന്തമനുസരിച്ച്, യുറേഷ്യൻ പ്ലേറ്റിന്റെ (അമൂറിയൻ പ്ലേറ്റ്) ഭാഗമായ ജപ്പാനും അതോടു ചേർന്നുകിടക്കുന്ന ഫിലിപ്പൈൻ കടൽ ഫലകവും തമ്മിലുരസി കൂടുതൽ സാന്ദ്രതയുള്ള ഫിലിപ്പൈൻ ഫലകം താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്ന പ്രദേശം, അഥവാ സബ്ഡക്‌ഷൻ മേഖലയാണ് നൻകായ് ട്രെഞ്ച്. അതിസങ്കീർണമായ ഈ പ്രദേശത്ത് ഫലകങ്ങളുടെ നീക്കം കൃത്യമായി കണക്കാക്കുക എളുപ്പമല്ല. എന്നിരുന്നാലും, ചില നൂതന സങ്കേതങ്ങളുപയോഗിച്ച് നൻകായ് ട്രെഞ്ചിലെ ഫലകനീക്കം ഒരുവർഷം ഏകദേശം 43 മില്ലിമീറ്റർ ആണെന്ന് കണക്കാക്കിയിട്ടുണ്ട്. പ്രദേശത്തിന്റെ സങ്കീർണതകൾകൊണ്ടാകാം ചില കണക്കുകൾ ഇതിൽനിന്ന് വ്യതിചലിക്കുന്നുണ്ട്. എന്തായാലും ഭൂവൽക്കപാളികളുടെ ചലനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന മർദം ഇടവിട്ടുണ്ടാകുന്ന വൻ ഭൂകമ്പങ്ങളായി പുറത്തേക്കുവരുന്ന കാഴ്‌ച കാണാം.

മുൻകാല ഭൂകമ്പങ്ങൾ
കഴിഞ്ഞ 1300 വർഷത്തിനിടയിൽ കുറഞ്ഞത് 12 ഭൂകമ്പമെങ്കിലും നൻകായ് മെഗാ ത്രസ്റ്റിൽ ഉണ്ടായിട്ടുണ്ട്. 1707 ഒക്ടോബർ 28-ലെ 8.6, 1854 ഡിസംബർ 23-ലെ 8.0, 31 മണിക്കൂറിനുശേഷം ഉണ്ടായ 8.0 തീവ്രതയുള്ള മറ്റൊരു ചലനം... ഇങ്ങനെ പോകുന്നു കണക്കുകൾ. ഈ ഭൂകമ്പങ്ങൾ ആയിരക്കണക്കിനു മരണങ്ങളും മുപ്പതിനായിര-ത്തിലധികം വീടുകളും ഉൾപ്പെടെ വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായി. ചിലയിടങ്ങളിൽ സുനാമിതിരമാലകൾ 20 മീറ്ററിലധികം ഉയരത്തിൽ എത്തി. ചരിത്രപരമായ ഭൂകമ്പങ്ങളെത്തുടർന്ന് നൻകായ് മെഗാ ത്രസ്റ്റ് ഉപരിതലം അഞ്ചു വിള്ളലുകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇവ എയിൽ തുടങ്ങി ഇ-യിൽ അവസാനിക്കുന്നു. ഒരു ഭൂകമ്പത്തിലെ ഭ്രംശനം ഇതിൽ ഏതെങ്കിലും ഒരു ഭാഗത്താകാം ഉണ്ടാകുന്നത്. ഇവിടത്തെ ഭൂകമ്പ ആവർത്തന ഇടവേളകൾ സാധാരണയായി 100–150 വർഷങ്ങളാണെന്നും കണക്കാക്കിയിരുന്നു. അപ്പോൾ ഒരു ഭൂകമ്പത്തിനുശേഷം പിന്നിട്ടകാലം കണക്കാക്കി ഓരോ പ്രത്യേക സെഗ്‌മെന്റിൽ അടുത്ത ഭൂകമ്പത്തിന് സമയമായിരിക്കുന്നു എന്ന് കണക്കാക്കാം.
പ്രവചനം സാധ്യമോ
ആവർത്തന ചരിത്രവും മുൻകാല ഭൂകമ്പങ്ങളെ അടിസ്ഥാനമാക്കി സെഗ്‌മെന്റുകളെ വേർതിരിക്കാനുള്ള അവസരവുമാണ് ഭാവി ഭൂകമ്പങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ എളുപ്പമാക്കുന്നത്. പ്രവചനം എന്നാൽ, എപ്പോൾ, എവിടെ, എത്ര വലുത് എന്ന കൃത്യമായ മുന്നറിയിപ്പല്ല. അത്തരമൊരു പ്രവചനവും ജനങ്ങളെ മാറ്റിപ്പാർപ്പിക്കലുമൊന്നും ഇപ്പോഴും ലോകത്തെവിടെയും പ്രാവർത്തികമായിട്ടില്ല. എന്നാൽ, നൻകായ് പോലുള്ള സ്ഥലങ്ങളിൽ മുൻകാല ചരിത്രം അടിസ്ഥാനമാക്കി ഏതു സെഗ്‌മെന്റുകളിലാണ് ഭൂകമ്പം ആസന്നമായിരിക്കുന്നതെന്ന് കണക്കാക്കാനാകും. നൻകായിൽ ചിലപ്പോഴെങ്കിലും ഭ്രംശനങ്ങൾ സെഗ്മെന്റിന്റെ അതിരുകൾ ലംഘിക്കാറുണ്ട്. അതായത്, സമീപത്തുള്ള രണ്ടു സെഗ്മെന്റുകൾ (ഉദാഹരണത്തിന് എ, ബി) ഒരേ സമയത്തോ ഒരു ചെറിയ ഇടവേളയ്ക്കുശേഷമോ ചലിക്കാം. എയിൽ സംഭവിക്കുന്ന വലിയ ഭൂചലനം അവിടെ അടിഞ്ഞുകൂടിയിരിക്കുന്ന മർദം പുറത്തുവിടുമ്പോൾ തൊട്ടടുത്ത ബി മർദം വർധിച്ച അവസ്ഥയിലാകുന്നതാണ് ഇതിനു കാരണം. 1854 ഡിസംബർ 23-ലെ ഭൂകമ്പം നടന്ന് 31 മണിക്കൂർ കഴിഞ്ഞ് മറ്റൊരു വൻ ഭൂകമ്പമുണ്ടായത് ഇത്തരം പ്രതിഭാസത്തിനു തെളിവാണ്.

സീസ്മിക് ഗ്യാപ്
നൻകായ് ട്രെഞ്ചിലേതുപോലെ വിഭജിക്കപ്പെട്ട ഒരുപ്ലേറ്റ് അതിർത്തിയിൽ ചില ഭാഗങ്ങൾ ഭൂകമ്പമുക്തമായി ദീർഘകാലം തുടരാം. സീസ്മിക് ഗ്യാപ് (Seismic Gap ) എന്നറിയപ്പെടുന്ന അത്തരം ഭാഗങ്ങൾ ഭാവിയിൽ ഭൂകമ്പങ്ങൾ സൃഷ്ടിച്ചേക്കാം എന്നത് ഒരു സ്വാഭാവിക നിഗമനമാണ്. ജാപ്പനീസ് ഏജൻസികൾ ഭയപ്പെടുന്നതുപോലെ, നൻകായ് ട്രെഞ്ചിലും അത്തരം ‘ഗ്യാപ്പുകൾ' ഉണ്ട്. അവയിൽ മർദം ഏറിവരുന്നു. അവ വേറിട്ടോ ഒരുമിച്ചോ അടുത്ത ഭൂകമ്പത്തിൽ ചലിച്ചേക്കാം. രണ്ടാമത്തെ അവസ്ഥയ്ക്കുള്ള സാധ്യതയാണ് ഇപ്പോൾ ജപ്പാൻ ഭൂകമ്പപഠനകേന്ദ്രങ്ങൾ മുന്നിൽ കാണുന്നത്. അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു.
ഇന്ത്യയിലെ പ്രസക്തി
ജപ്പാനിലെ നിരീക്ഷണങ്ങൾക്ക് ലോകത്തിന്റെ മറ്റു പ്രദേശങ്ങളിൽ എന്താണ് പ്രസക്തി. ഇന്ത്യ-–- യുറേഷ്യ ഫലകങ്ങൾക്കിടയിലുള്ള അതിർത്തിയായ ഹിമാലയത്തിനും ഇത്തരത്തിൽ വിവിധ സെഗ്മെന്റുകളുണ്ട്. അവയിൽ ചിലത് വലിയ ഭൂകമ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 1950 അസം, 1934 ബിഹാർ, 1905 ഹിമാചൽഭൂകമ്പങ്ങൾ എന്നിവ ഹിമാലയത്തിന്റെ 400 മുതൽ 500 കിലോമീറ്റർവരെ നീളമുള്ള ഭാഗങ്ങളെ ബാധിച്ചു. ചില സെഗ്മെന്റുകൾ അനക്കമില്ലാതെ നിലനിൽക്കുന്നു. അവ ഭാവിയിൽ ഭൂകമ്പസാധ്യത കൂടുതലുള്ളവയായി കണക്കാക്കുന്നു. ഇത്തരം സെഗ്മെന്റുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏകദേശം 600 കിലോമീറ്റർ നീളമുള്ള ഘർവാൾ–കുമവൂൺ അടങ്ങുന്ന പ്രദേശമാണ്. സയൻസ് ജേർണലിൽ 2001ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അടുത്ത ഭൂകമ്പം ഉണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള പ്രദേശമാണ് ഇതെന്ന് പറയുന്നു.








0 comments