വേലിതന്നെ വിളവുതിന്നുന്ന സാഹചര്യം; ഗില്ലൻബാ വില്ലനോ

ഡോ. സന്ദീപ് പത്മനാഭൻ
Published on Jan 26, 2025, 12:48 AM | 2 min read
കഴിഞ്ഞയാഴ്ചയാണ് പുണെയിൽ അമ്പതോളംപേരെ ബാധിച്ച അജ്ഞാത രോഗം അപൂർവങ്ങളിൽ അപൂർവമായ ഗില്ലൻബാ സിൻഡ്രോം (Guillain -Barr Syndrome) ആണെന്ന് സ്ഥിരീകരിച്ചത്. മനുഷ്യരുടെ രോഗപ്രതിരോധശക്തി സ്വന്തം നാഡീവ്യൂഹത്തെ തന്നെ ‘അബദ്ധവശാൽ’ ആക്രമിക്കുന്ന ഗുരുതര അവസ്ഥയാണിത്. വേലിതന്നെ വിളവുതിന്നുന്ന അനിതര സാധാരണ സാഹചര്യം. നാഡീവ്യവസ്ഥയെ ബാധിക്കുന്നതായതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടസാധ്യത കൂടുതലാണ്. വൈറസോ ബാക്ടീരിയയോ കാരണമുണ്ടാകുന്ന അണുബാധയ്ക്ക് പിന്നാലെയാണ് പൊതുവേ ഈ രോഗമുണ്ടാകുന്നത്.
ആദ്യം കാലുകളിലെയും പിന്നീട് ഉടലിലെയും പേശികളെ രോഗം തളർത്തുന്നു. മുഖത്തെ പേശികൾ ചലിപ്പിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകാം. ഒരു നൂറ്റാണ്ടുമുമ്പേ വൈദ്യശാസ്ത്രലോകം കണ്ടെത്തിയ രോഗമാണിത്.
ചരിത്രം
1916ൽ ഫ്രഞ്ച് ഡോക്ടർമാരായ ജോർജസ്ഗിലിയൻ, ജീൻ അലക്സാണ്ടറെബാ, ആന്ദ്രേസ്ട്രോൾ എന്നിവരാണ് ഈ രോഗം കണ്ടുപിടിക്കുന്നത്. അങ്ങനെയാണ് രോഗത്തിന് ഗില്ലൻബാ സിൻഡ്രോം എന്ന പേര് വന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് സൈനികരെ കൂട്ടത്തോടെ ബാധിച്ചപ്പോഴാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 20–-ാം നൂറ്റാണ്ടിൽ ഈ രോഗം ചികിത്സിച്ച് ഭേദമാക്കാനുള്ള കഴിവ് ശാസ്ത്രം നേടിയെടുത്തു.
കാരണവും ലക്ഷണവും
പേശികളിലെ ബലക്ഷയമാണ് ആദ്യ ലക്ഷണം. കാലുകളിൽനിന്ന് തുടങ്ങി ശരീരത്തിന്റെ മേൽഭാഗത്തേക്കും പിന്നീട് കൈകളെയും മുഖത്തെയും ബാധിക്കാം. നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. കൈകാലുകളിൽ ആരെങ്കിലും സ്പർശിച്ചാലും തിരിച്ചറിയാൻ കഴിയില്ല. രോഗം ഗുരുതരമായാൽ നെഞ്ചിലെ പേശികൾ തളരുകയും ശ്വാസമെടുക്കാൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യാറുണ്ട്. സംസാരിക്കാനും ഭക്ഷണം ചവച്ചിറക്കാനും ബുദ്ധിമുട്ടുണ്ടാകാം. ലക്ഷണങ്ങൾ ഏതാനും ആഴ്ചകൾ നീണ്ടുനിൽക്കും. എത്രയും വേഗം ചികിത്സ തേടിയാൽ പൂർണമായും മാറ്റിയെടുക്കാം. ഗില്ലൻബാരോഗത്തിന്റെ കൃത്യമായ കാരണം എന്തെന്ന് കണ്ടെത്താനായിട്ടില്ല. പൊതുവേ ഏതെങ്കിലുമൊരു അണുബാധയുടെ പിന്തുടർച്ചയായായാണ് രോഗമുണ്ടാകുന്നത്. ഭക്ഷ്യവിഷബാധ, സാധാരണ പകർച്ചപ്പനികൾ, ഹെർപീസ് വൈറസുകൾ, സിക വൈറസ് ബാധ എന്നിവയുടെ അനന്തരഫലമായി ഈ രോഗം കണ്ടുവരാറുണ്ട്.
പ്രതിവിധിയും രോഗമുക്തിയും
പേശികളുടെ കരുത്തും പ്രതികരണശേഷിയും വിലയിരുത്തിയാണ് ഡോക്ടർമാർ രോഗസാധ്യത കണ്ടെത്തുന്നത്. ലംബാർപഞ്ചർ, നെർവ്കണ്ടക്ഷൻ സ്റ്റഡി, ഇലക്ട്രോ മയോഗ്രഫി തുടങ്ങിയ പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം. ഗാംഗ്ലിയോസൈഡ് ആന്റിബോഡി ടെസ്റ്റുകളും രോഗനിർണയത്തിന് ഉപയോഗിക്കുന്നു.
ലക്ഷണം കണ്ടാലുടൻ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിരീക്ഷിക്കണം. ശ്വാസസംബന്ധവും ഹൃദയസംബന്ധവുമായ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്ന് കൃത്യമായി വിലയിരുത്തണം. വീണ്ടും അണുബാധകൾ ഉണ്ടാകാതിരിക്കാനും രക്തം കട്ടപിടിക്കാതിരിക്കാനും ശ്രദ്ധിക്കണം.
ഗില്ലൻബാരോഗത്തിന് കൃത്യമായ ഒരു ചികിത്സയില്ല. ഇൻട്രാവീനസ് ഇമ്യൂണോ ഗ്ലോബുലിൻ തെറാപ്പിയും പ്ലാസ്മ മാറ്റിവയ്ക്കലുമാണ് പൊതുവേ അവലംബിക്കുന്നത്. രോഗപ്രതിരോധ സംവിധാനം നാഡീകോശങ്ങളെ ആക്രമിക്കുന്നത് തടയാൻ ഇവ സഹായിക്കും. മിക്ക രോഗികൾക്കും രോഗം പൂർണമായും ഭേദമാകാറുണ്ട്. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ ശാരീരിക വൈകല്യമുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.
ശുചിത്വം പ്രധാനം
വ്യക്തിശുചിത്വവും പരിസരശുചിത്വവും പ്രധാനമാണ്. അണുബാധ പരമാവധി ഒഴിവാക്കണം. ഭക്ഷണ വസ്‌തുക്കൾ വൃത്തിയുള്ള അന്തരീക്ഷത്തിൽ കൈകാര്യം ചെയ്യണം. പ്രതിരോധ കുത്തിവയ്പുകൾ എടുക്കാൻ മടിക്കരുത്.
ശ്വാസസംബന്ധമോ ഉദരസംബന്ധമോ ആയ രോഗങ്ങൾ ഉണ്ടായാൽ എത്രയും വേഗം ചികിത്സ തേടണം. വയറിളക്കം, പനി, കനത്തചുമ എന്നിവ സാധാരണയിൽ കൂടുതൽ സമയം വിട്ടുമാറാതിരുന്നാലും ചികിത്സ തേടണം. ചുറ്റുമുള്ള കുടിവെള്ളസ്രോതസ്സുകൾ ശുദ്ധമാണെന്ന് ഉറപ്പാക്കണം.
(കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ന്യൂറോളജി & എപിലെപ്സി മാനേജ്മെന്റ് സീനിയർ
കൺസൽട്ടന്റാണ് ലേഖകൻ)









0 comments