ഭൂമിയുടെ കാന്തികവലയത്തിന് സംഭവിക്കുന്നത്

ഡോ. കുശല രാജേന്ദ്രൻ
Published on Feb 02, 2025, 11:29 AM | 3 min read
ഭൂമിയുടെ കാന്തികവലയത്തിന് സംഭവിക്കുന്ന ചില മാറ്റങ്ങളെപ്പറ്റി ധാരാളം വാർത്തകൾ ഇപ്പോൾ വരുന്നുണ്ട്. ഇവ പലതും അനാവശ്യമായ ആശങ്കയുണ്ടാക്കുന്നുമുണ്ട്. ഭൂമിയുടെ കാന്തികശക്തി അതിന്റെ ആന്തരികഘടനയിൽനിന്ന് രൂപപ്പെട്ടതാണ്. നിക്കൽ, ഇരുമ്പ് എന്നിവയാൽ നിർമിതമായ ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള ഖരരൂപത്തിലുള്ള ഉൾക്കാമ്പ് (inner core), അതിനെചുറ്റുന്ന പുറക്കാമ്പ് (outer core) എന്നിവയുടെ ഉയർന്ന താപനില, മർദം, അവയുടെ ഖര-ദ്രവ അവസ്ഥ എന്നിവചേർന്നാണ് ഭൂമിയുടെ കാന്തികമണ്ഡലം രൂപപ്പെട്ടിരിക്കുന്നത്.
3 പ്രതിഭാസങ്ങൾ
പല വൈദ്യുത സ്രോതസുകളിൽനിന്നുമുള്ള ശക്തികളുടെ ചലനാത്മകതയിലൂടെ സൃഷ്ടിക്കപ്പെടുന്ന കാന്തികകവചത്തിന്റെ ഘടന ഏകതാ രൂപമുള്ളതോ, സുസ്ഥിരമോ അല്ല. ഏതാണ്ട് 2000 കിലോമീറ്ററിലധികം ആഴത്തിൽ സൃഷ്ടിക്കപ്പെടുന്ന വൈദ്യുത സ്രോതസുകളുടെ പ്രവർത്തനങ്ങളുടെയും ചാഞ്ചാട്ടങ്ങളുടെയും ഫലമായി ഭൂമിയുടെ കാന്തികക്ഷേത്രത്തിൽ പലവിധമായ മാറ്റങ്ങൾ സംഭവിക്കുന്നു. കാന്തിക ഉത്തരധ്രുവത്തിന്റെ സ്ഥാനത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റമാണ് അതിലൊന്ന്. ദക്ഷിണ അറ്റ്‌ലാന്റിക് അനോമലി (SSA) എന്ന പ്രതിഭാസമാണ് മറ്റൊന്ന്. കാന്തിക വടക്കിന്റെയും തെക്കിന്റെയും സ്ഥാനങ്ങൾ പരസ്പരം മാറ്റപ്പെടുന്ന ജിയോമാഗ്നറ്റിക് റിവേഴ്സൽ എന്ന പ്രവണതയാണ് മൂന്നാമത്തേത്. അതിസങ്കീർണമായ ആന്തരികപ്രവർത്തനങ്ങളുടെ ഫലമായി സംഭവിക്കുന്ന ഈ പ്രതിഭാസങ്ങൾക്കു പരസ്പര ബന്ധമുണ്ടോയെന്ന് ശാസ്ത്രീയമായി വിശദീകരിക്കപ്പെട്ടിട്ടില്ല.
കാന്തിക ധ്രുവങ്ങളുടെ ചാഞ്ചാട്ടം|
ഭൂമിയുടെ മധ്യത്തിലൂടെ, തെക്കു-വടക്കു ദിശയിലുള്ള സാങ്കൽപ്പികമായ ഒരു കൂറ്റൻ കാന്തത്തിനു സമാനമാണ് ഭൂമിയുടെ കാന്തികവലയം. ഭൂമധ്യരേഖമുതൽ ധ്രുവങ്ങൾവരെയുള്ള കാന്തികശക്തി സാങ്കൽപ്പികമായ ഇത്തരമൊരു ഭീമാകാരൻ കാന്തത്തിലൂടെ സൃഷ്ടിച്ചെടുക്കാവുന്നതാണ്. ഈ സാങ്കൽപ്പിക കാന്തം ഭൂമിയുടെ പ്രതലത്തെ ഖണ്ഡിക്കുന്ന രണ്ടു ബിന്ദുക്കളാണ് ഉത്തര- ദക്ഷിണ കാന്തികധ്രുവങ്ങൾ. ഇവ ഭൂമിശാസ്ത്രപരമായ ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽനിന്ന് വ്യത്യസ്തമാണ്. ഒരു മാഗ്നറ്റിക് കോമ്പസുമായി സഞ്ചരിക്കുന്നയാൾ കാന്തികധ്രുവങ്ങളിലെത്തുമ്പോൾ സൂചി ലംബമാകുന്നു. എന്നാൽ കാന്തിക ധ്രുവങ്ങളുടെ സ്ഥാനങ്ങൾക്ക് സ്ഥിരതയില്ല. അവ കാലാകാലങ്ങളിൽ കിഴക്ക്-പടിഞ്ഞാറു ദിശകളിൽ ചലിച്ചുകൊണ്ടിരിക്കുന്നു. അന്തർലീനമായ അസ്ഥിരതയാൽ ദീർഘകാല മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൂ കാന്തശക്തിയുടെ പ്രത്യേകതയാണ് ധ്രുവങ്ങളുടെ ഇത്തരത്തിലുള്ള ചാഞ്ചാട്ടം. 1600-നും 1900-നും ഇടയിലുള്ള 300 വർഷങ്ങളിൽ, കാന്തിക ഉത്തരധ്രുവം പ്രതിവർഷം 9.6 കിലോമീറ്റർ വേഗതയിൽ നീങ്ങിയിട്ടുണ്ട്. കാന്തികക്ഷേത്രഭൂപടങ്ങളും അവയിൽ കാലക്രമേണ വരുന്ന മാറ്റങ്ങളും വിശകലനം ചെയ്യുന്നതിലൂടെ, കാനഡയ്ക്ക് കീഴിലുള്ള പ്രവാഹചംക്രമണരീതിയിലെ മാറ്റവും, അതുമൂലം കാന്തശക്തിയിൽ ദുർബലമാകുന്ന പ്രദേശത്തെയും കണ്ടെത്താനായിട്ടുണ്ട്. ധ്രുവം സൈബീരിയയിലേക്ക് മാറാൻ കാരണമാകുന്നതും ഈ ദൗർബല്യമാണ്. കഴിഞ്ഞ 5 വർഷത്തിനിടെ കാന്തിക ഉത്തരധ്രുവം പ്രതിവർഷം ഏകദേശം 40 കിലോമീറ്റർ വേഗത്തിൽ കാനഡയിൽനിന്ന് റഷ്യൻ ഭാഗത്തേക്ക് നീങ്ങികൊണ്ടിരിക്കുന്നു. എന്താണ് ഇതുകൊണ്ടുള്ള പ്രത്യാഘാതങ്ങൾ? ഭൂമിയുടെ കാന്തിക ഡാറ്റയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന നാവിഗേഷൻ സംവിധാനങ്ങൾ ഈ മാറ്റവുമായി പൊരുത്തപ്പെടേണ്ടതുണ്ട്.
സൈനിക, സിവിലിയൻ വിമാനങ്ങൾ, കപ്പലുകൾ, അന്തർവാഹിനികൾ, ജിപിഎസ് യൂണിറ്റുകൾ തുടങ്ങിയ എല്ലാ സംവിധാനങ്ങളുടെയും നാവിഗേഷൻ നടക്കുന്നത് വേൾഡ് മാഗ്നറ്റിക് മോഡൽ (WMM) എന്നറിയപ്പെടുന്ന കാന്തികക്ഷേത്ര ഭൂപടം ഉപയോഗിച്ചാണ്. 5 വർഷത്തിലൊരിക്കൽ, യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനും (NOAA) ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയും ചേർന്ന് ഈ ഭൂപടം പുതുക്കും. ഇത്തരം കരുതലുകൾ ഉള്ളതുകൊണ്ട് കാന്തിക ധ്രുവത്തിന്റെ ചാഞ്ചാട്ടങ്ങൾ നമ്മുടെ ദൈനംദിനജീവിതത്തിൽ ഒരു പ്രത്യാഘാതവും ഉണ്ടാക്കുന്നില്ല. മാഗ്നറ്റിക് കോമ്പസുമായി സഞ്ചരിക്കുന്നയാൾ സ്ഥാനചലനം സംഭവിച്ച കാന്തികധ്രുവത്തിൽത്തന്നെയെത്തും. ഭൂമിശാസ്ത്രപരമായ ധ്രുവങ്ങളിൽനിന്നുള്ള അകലം കണക്കാക്കി ലക്ഷ്യം കാണുക പ്രയാസമുള്ള കാര്യമല്ല.
ദക്ഷിണ അറ്റ്‌ലാന്റിക് അനോമലി
തെക്കേ അമേരിക്കമുതൽ തെക്കുപടിഞ്ഞാറൻ ആഫ്രിക്ക വരെ വ്യാപിച്ചുകിടക്കുന്ന ദക്ഷിണ അറ്റ്‌ലാന്റിക് അനോമലിയാണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്ന മറ്റൊരു വിഷയം. ഈ അസ്വാഭാവികതയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത് കാന്തികക്ഷേത്രത്തിലെ ‘കുഴി' എന്നാണ്. ഭൂമിയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ കാന്തികക്ഷേത്രത്തിന് ശക്തി കുറവാണ്. വർഷങ്ങളായി നിലകൊള്ളുന്നതെങ്കിലും അടുത്തകാലത്തായി ഇവിടെ ചില മാറ്റങ്ങൾ ഉണ്ടാകുന്നത് ബഹിരാകാശ ഏജൻസിയായ നാസയെ ആശങ്കയിലാക്കുന്നു. ഭൂമിയുടെ സ്വാഭാവിക കാന്തികവലയത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബഹിരാകാശനിലയങ്ങളുടെ പ്രവർത്തങ്ങളെ ഈ പ്രതിഭാസം ബാധിക്കാനുള്ള സാധ്യതയുള്ളതായി അവർ പറയുന്നു. സൂര്യനിൽനിന്ന് പ്രസരിക്കുന്ന ഉയർന്നനിലയിലുള്ള ഊർജ പ്രോട്ടോണുകൾ ഈ കാന്തിക ദുർബലമായ പ്രദേശത്തേക്ക് തുളച്ചുകയറിയാൽ നിലയങ്ങളിലെ സങ്കീർണമായ ഇലക്ട്രോണിക് സർക്യൂട്ടുകൾ തകരാറിലായേക്കും. വികസിക്കുകയും 2 വ്യത്യസ്ത മേഖലകളായി വിഭജിക്കുവാനൊരുങ്ങുകയും ചെയ്യുകയാണ് ഈ കാന്തിക ദുർബലമായ പ്രദേശം. ആഫ്രിക്കയ്ക്ക് താഴെ ഏകദേശം 2900 കിലോമീറ്റർ താഴെ സ്ഥിതിചെയ്യുന്ന പാറകൾ കൂടുതൽ ദ്രവരൂപത്തിലുള്ള ഭൂഗർഭ സവിശേഷതയാണ് ഈ അസ്വാഭാവികത രൂപപ്പെടുത്തുന്നതെന്ന് ഭൗമശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. ഏതായാലും കാന്തികമണ്ഡലത്തെപ്പറ്റി ഗവേഷണം നടത്തുന്നവരുടെ ശ്രദ്ധാകേന്ദ്രമാണിത്. ദക്ഷിണ അറ്റ്‌ലാന്റിക് അനോമലി പ്രതിഭാസം വലുതാകുന്നതോടെ അതിന്റെ സ്വാധീന മണ്ഡലം കൂടുതൽ വിശാലമാകും. കാന്തികക്ഷേത്രം ദുർബലമാകുന്നതോടെ സൂര്യനിൽനിന്നുള്ള കണികാവികിരണം ഭൂമിയുടെ ഉപരിതലത്തോട് കൂടുതൽ അടുക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ കോമ്പസുകൾ ഉപയോഗിച്ചുള്ള നാവിഗേഷൻ തകരാറിലാകാനും ഉപഗ്രഹങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടാനും സാധ്യതയുണ്ട്.
ജിയോമാഗ്നറ്റിക് റിവേഴ്സൽ|
ഭൂമിയുടെ കാന്തികധ്രുവങ്ങൾ വടക്ക് തെക്കും തിരിച്ചും മാറുന്ന പ്രതിഭാസമാണ് ‘ഭൂകാന്തിക വിപരീത' പ്രതിഭാസം (magnetic reversal). കഴിഞ്ഞ 20 ദശലക്ഷം വർഷങ്ങളായി ഭൂമിയുടെ കാന്തികക്ഷേത്രം ഓരോ 2 ലക്ഷം മുതൽ 3 ലക്ഷം വർഷങ്ങൾ കൂടുമ്പോഴും ഇത് സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സമയക്രമം പാലിക്കാതെ ഇത് 83 ദശലക്ഷം വർഷങ്ങൾക്കിടയിൽ ഏകദേശം 183 തവണ ഉണ്ടായിട്ടുണ്ട്. ഭൂമിയുടെ പുറംകാമ്പിലെ ലോഹവസ്തുക്കളുടെ ചലനം മൂലമുണ്ടാകുന്ന മാറ്റങ്ങളാണ് കാന്തികക്ഷേത്രത്തിന്റെ ധ്രുവതയിൽ പൂർണമായ വിപരീത സ്ഥിതിയുണ്ടാക്കുന്നത്. ഏറ്റവും അവസാനത്തെ പൂർണമായ റിവേഴ്സൽ 7.8 ലക്ഷം വർഷങ്ങൾക്ക് മുമ്പായിരുന്നു. ഏകദേശം 42,000 വർഷങ്ങൾക്ക് മുമ്പ് അപൂർണവും ഹ്രസ്വകാലംമാത്രം നീണ്ടുനിന്നതുമായ ഒരു റിവേഴ്സൽ സംഭവിച്ചു. 1960-കളിൽ ഫ്രാൻസിലെ ക്ലെർമോണ്ട്-ഫെറാണ്ടിനടുത്തുള്ള ലാഷാംപ്‌സ് (Laschamp) ലാവാ പ്രവാഹങ്ങളിൽ കണ്ടെത്തിയ ഭൂകാന്തിക വൈകല്യങ്ങളിൽനിന്നാണ് ഇതിനുള്ള തെളിവുകൾ കണ്ടെത്തിയത്.
സാധാരണ സ്ഥിതിയിൽനിന്ന് വിപരീതദിശയിലേക്കുള്ള മാറ്റം നടക്കാൻ ഏകദേശം 250 വർഷം വേണ്ടിവന്നപ്പോൾ വിപരീതദിശയിലുള്ള കാന്തികക്ഷേത്രം ഏകദേശം 440 വർഷം ആ നിലയിൽ തുടർന്നു. പരിവർത്തന സമയത്ത്, ഭൂമിയുടെ കാന്തികക്ഷേത്രത്തിന്റെ ശക്തിയിൽ 5% മുതൽ 25% വരെ കുറവുവന്നതായി കണക്കാക്കുന്നു. ഭൂകാന്തികക്ഷേത്ര ശക്തിയിലെ ഈ കുറവ് കൂടുതൽ കോസ്മിക് കിരണങ്ങൾ ഭൂമിയിൽ എത്തുന്നതിനും കാരണമായി. ഇതുമൂലം ചില ജീവജാലങ്ങൾക്കു വംശനാശമുണ്ടായതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
കാന്തികക്ഷേത്രത്തിൽ നടക്കുന്ന മാറ്റങ്ങൾ രേഖപ്പെടുത്താനും അതുമൂലം വേണ്ടിവരുന്ന തിരുത്തലുകൾ നടത്താനുമുള്ള സങ്കേതങ്ങൾ നിലവിലുണ്ട്. ഇത്തരത്തിലുള്ള ദീർഘകാല മാറ്റങ്ങൾ മനുഷ്യനോ, മറ്റു ജീവജാലങ്ങൾക്കോ അപകടങ്ങൾ സൃഷ്ടിക്കുന്നതല്ല.
(പ്രമുഖ ഭൗമശാസ്‌ത്ര ഗവേഷകയും
ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
റിട്ട. പ്രൊഫസറുമാണ് ലേഖിക)









0 comments