ഉയരുന്നത് ‘ഹൈടെക്ക് ധർമാശുപത്രി’

‘ആർദ്രം’ പദ്ധതിയിൽ കിഫ്‌ബി 68.72 കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന ഇരിട്ടി താലൂക്ക് ആശുപത്രി

സ്വന്തം ലേഖകൻ
Published on Nov 16, 2025, 02:15 AM | 1 min read
ഇരിട്ടി
താലൂക്കാശുപത്രിക്കായി ‘ആർദ്രം’ പദ്ധതിയിൽ കിഫ്‌ബി 68.72 കോടി രൂപയുടെ ഫണ്ടുപയോഗിച്ച് സംസ്ഥാന സർക്കാർ നിർമിക്കുന്ന ആറു നിലക്കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. കെഎസ്‌ഇബിക്കാണ് മേൽനോട്ടച്ചുമതല. എട്ടായിരം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് കെട്ടിടനിർമാണം. നാല് ഓപ്പറേഷൻ തിയറ്റർ, പതിനൊന്ന് പേ വാർഡുകൾ, ജനറൽ വാർഡുകൾ, മോർച്ചറി, ക്യാന്റീൻ, മാലന്യസംസ്കരണപ്ലാന്റ്, ലിഫ്‌റ്റ്, സൗരോർജപ്ലാന്റ് എന്നിവയുണ്ടാവും. പഴയ ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയ സ്ഥലത്താണ് പുതിയ കെട്ടിട സമുച്ചയ നിർമാണം. അടുത്തവർഷം നിർമാണം പൂർത്തീകരിക്കാമെന്ന വ്യവസ്ഥയിലാണ് കരാർ. കെട്ടിടം നിർമിക്കുന്ന സ്ഥലത്തിന്റെ ഒരുഭാഗം ഏറെ താഴ്‌ചയുള്ളതിനാൽ സുരക്ഷാഭിത്തി നിർമാണത്തിന് സമയം കൂടുതൽ വേണ്ടിവന്നു. കോൺക്രീറ്റ് പില്ലറിൽ തീർത്ത കൂറ്റൻ സുരക്ഷാ ഭിത്തിയാണ് ഒരു ഭാഗത്ത് നിർമിച്ചത്. 1957ൽ ഇരിട്ടി നേരംപോക്ക് റോഡിൽ പ്രവർത്തനം തുടങ്ങിയ പ്രാഥമിക ആരോഗ്യകേന്ദ്രമാണ് എൽഡിഎഫ് സർക്കാർ താലൂക്കാശുപത്രിയാക്കി മാറ്റിയത്. ഇരിട്ടി ഹൈസ്കൂൾ പരിസരത്ത് കെ ഇ ദാമോദരൻ വാഴുന്നവരുടെ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്താണ് നിലവിലെ താലൂക്കാശുപത്രി പ്രവർത്തിക്കുന്നത്. പുതിയ ആറുനിലക്കെട്ടിടം പണിയുന്നതും ആശുപത്രിക്ക് സമീപത്തെ സ്ഥലത്താണ്.









0 comments