പ്രവാസ ലോകത്തും വിഷു ഒരുക്കങ്ങൾ തകൃതി

മസ്‌കത്ത്: വിഷു വരവറിയിച്ചു കൊണ്ട് ഒമാനിൽ കൊന്ന പൂത്തത് കൗതുകമായി. മസ്‌കത്ത് നഗരത്തിൽ സ്റ്റാർ സിനിമാസിന്റെ പിറകിലാണ് നാട്ടിനെ അനുസ്മരിക്കും വിധം കൊന്ന പൂവിട്ട് നിന്നത്. നിറയെ പൂവിട്ട് നിൽക്കുന്ന മണലാരണ്യത്തിലെ കൊന്ന മരം കാണാനും അതിൽ നിന്ന് പൂക്കൾ ഒടിച്ചെടുക്കാനും ആളുകൾ എത്തി.
നിറയെ പൂത്ത കൊന്നമരം വൈകുന്നേരത്തോടെ ചില്ലകൾ മാത്രമായി. മാർച്ച് പകുതിയോടെയും ഏപ്രിൽ ആദ്യത്തിലുമാണ് ഒമാനിലെ ചില ഇടങ്ങളിൽ കൊന്ന പൂക്കാറുഉള്ളത്. വിഷു ദിനത്തിന് മുന്നേ പൂത്ത കൊന്നപ്പൂക്കളുടെ മനോഹാരിത പ്രവാസികളിൽ ഉത്സവ പ്രതീതി സൃഷ്ടിച്ചു.
നാട്ടിൽ നിന്ന് എത്തിക്കുന്ന കൊന്ന പൂവാണ് വിഷു കണിവെക്കാൻ ഉപയോഗിക്കുക. പ്ലാസ്റ്റിക് കൊന്നപൂവും വിപണിയിൽ ലഭിക്കുമെങ്കിലും കൂടിയ വിലകൊടുത്താലും ഒരു കുല കൊന്ന പൂവ് കണി തളികയിൽ ചേർത്തുവെക്കുന്നവരാണ് മലയാളികൾ. റെസ്റ്റോറന്റുകളിലും, ഹൈപ്പർ മാർക്കറ്റുകളിലെ ഫുഡ് കോർട്ടിലും വിഷു സദ്യയുടെ മുൻകൂട്ടിയുള്ള ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി.
രണ്ടര റിയാൽ മുതൽ നാലര റിയാൽ വരെയാണ് വിഷു സദ്യക്ക് വില ഇടക്കുന്നത്. മറ്റു കറികളുടെയും പായസത്തിന്റെയും എണ്ണത്തിനനുസരിച്ചു ആണ് വില നിശ്ചയിക്കുന്നത്. വിഷു എത്തുന്നത് പ്രവർത്തി ദിവസമാകയാൽ സദ്യ പാർസൽ തന്നെയാണ് പലരും ഓർഡർ ചെയ്തിരിക്കുന്നത് എന്നാണ് റെസ്റ്റോറന്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
വിഷു ആഘോഷവും സദ്യ ഒരുക്കലും വാരാന്ത്യ അവധിദിനങ്ങളിലാണ് ഉണ്ടാവുക. വിഷുവിന് സ്‌കൂളിനും അവധി ഇല്ലാത്തതിനാൽ കുട്ടി പട്ടാളങ്ങളും വീട്ടിൽ ഉണ്ടാവില്ല. സദ്യ ഒരുക്കാനും കണി ഒരുക്കാനുമുള്ള സാധനങ്ങൾ മാർക്കറ്റിൽ എത്തി കഴിഞ്ഞു. കണി വെള്ളരി, കടച്ചക്ക, മാങ്ങ, മുരിങ്ങ, നാളികേരം, പഴം, കോടി മുണ്ട്, മുല്ല, ജെമന്തി, തെച്ചി, നാട്ടിൽ നിന്ന് എത്തുന്ന വാഴ ഇലയടക്കം ഇവിടെ തയാറാണ്.
കുപ്പിവള, ചാന്ത്. പൊട്ട്, കണ്മഷി, എന്നിങ്ങനെ നിരവധി സൗന്ദര്യ വർദ്ധക വസ്തുക്കളും വിഷുവിന് വലിയ സ്റ്റോക്ക് എത്തിച്ചിട്ടുണ്ട്. വലിയ ഹൈപ്പർ മാർക്കറ്റുകളിൽ വിഷു സാധനങ്ങളുടെ പ്രത്യേക ഇടം ഒരുക്കിയാണ് വിഷുവിനെ വരവേൽക്കുന്നത്. എല്ലാം റെഡിമെയ്‌ഡ് ലളിത പാചക രീതികളിൽ തന്നെയാണ് പാലട, ശർക്കര, പൂവൻ പഴം, രസം മിക്സ്, പായസം മിക്സ്, പപ്പടം, നെയ്യ്, അച്ചാർ, ശർക്കര വരട്ടിയത്, കായവറുത്തത്, എല്ലാം കടൽ കടന്ന് വന്നിട്ടുണ്ട്.
പ്രത്യേക വിലകിഴിവും നൽകിയാണ് വിഷു വില്പന പൊടി പൊടിക്കുന്നത്. റെഡി മെയ്ഡ് വസ്ത്ര വിപണിയിലും വില്പന നടക്കുന്നുണ്ട്. മുണ്ടും ജുബയും, കേരള സാരിയും, പാവാടയും ബ്ലൗസും പട്ടു പാവാടയും കൊണ്ട് വിഷു തുണി വിൽപ്പന സജീവമാണ്. നാട്ടിൽ നിന്ന് വരുത്തിയത് ഉണ്ടെങ്കിൽ പോലും കടകളിൽ പോയി കുടുംബത്തിനും കുട്ടികൾക്കും കോടി എടുക്കുക എന്നത് മലയാളികളുടെ ശീലമാണ്.
ഫുഡ് കോർട്ടുകളിലും, റെസ്റ്റോറന്റുകളിലും പായസ വിൽപ്പനയും സജീവമായി ഉണ്ട്. സേമിയ പായസം, പ്രഥമൻ, പാൽ പായസം, അട പായസം എന്നിങ്ങനെ നീളുന്നു പായസ ലിസ്റ്റ്. ലിറ്ററിൽ ആണ് വില്പനക്ക് ഒരുക്കുന്നത്. വീട്ടിലേക്കും,സുഹൃത്തുക്കൾക്കും കൂടെ ജോലി ചെയ്യുന്നവർക്കും നൽകാനായി പായസം ഓർഡർ ചെയ്യുന്നവർ ഏറെയാണ്.









0 comments