ഒമാനിലെ വലിയ ചുവർചിത്രം അനാച്ഛാദനം ചെയ്തു

paint in oman
avatar
റഫീഖ്‌ പറമ്പത്ത്‌

Published on Jul 04, 2025, 11:56 AM | 1 min read

മസ്‌കത്ത്‌ :ഒമാനിലെ വലിയ ചുവർചിത്രം മുസന്ദം വിലായത്തിൽ അനാച്ഛാദനം ചെയ്തു. ഗവർണറേറ്റിന്റെ പ്രവേശന കവാടത്തിലെ പർവതമുഖത്താണ്‌ ചിത്രം. 70 മീറ്റർ നീളവും 14 മീറ്റർ ഉയരവുമുള്ള ചിത്രം ഒമാനി കലാകാരനായ അബ്‌ദുൾ അസീസ് അൽ ഷെഹിയാണ്‌ ഒരുക്കിയത്‌. മുസന്ദത്തെ നിർവചിക്കുന്ന സമ്പന്ന സമുദ്ര ആവാസവ്യവസ്ഥയെ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ 40 ദിവസത്തിലാണ്‌ നിർമിച്ചത്‌. ഡോൾഫിനുകൾ, പവിഴപ്പുറ്റുകൾ, ഡൈവിങ്‌ രംഗങ്ങൾ, തദ്ദേശീയ സമുദ്ര ജീവികൾ എന്നിവ ഉൾപ്പൈടുന്ന കലാസൃഷ്ടി ഒരുക്കാൻ 500ൽ അധികം സ്‌പ്രേ പെയിന്റ് ക്യാനുകൾ ഉപയോഗിച്ചു. മുസന്ദത്തിന്റെ സമുദ്ര പരിസ്ഥിതിയുടെ ഭംഗി പ്രതിഫലിപ്പിക്കുന്നതും ഗവർണറേറ്റിന്റെ ദൃശ്യ ഐഡന്റിറ്റി വർധിപ്പിക്കാൻ സംഭാവന നൽകുന്നതുമായ ഈ കലാസൃഷ്ടിയിൽ അഭിമാനിക്കുന്നതായി മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സയ്യിദ് അൽ ബുസൈദി പറഞ്ഞു.


വിനോദസഞ്ചാരത്തെ സേവിക്കുന്നതിൽ കലയെ ഉപയോഗപ്പെടുത്തുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഗവർണറേറ്റിലെ യുവാക്കൾക്ക് നവീകരിക്കാനും മികവ് പുലർത്താനും വാതിലുകൾ തുറക്കുകയും ചെയ്യുന്നു. വരാനിരിക്കുന്ന മുസന്ദം ശൈത്യകാല പരിപാടികളുടെ ഭാഗമായി ഗവർണറേറ്റ് ഗ്രാഫിറ്റി ആർട്ട് ഫെസ്റ്റിവലിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. മുസന്ദത്തിന്റെ പരിസ്ഥിതിയും പൈതൃകവും അവരുടെ ക്യാൻവാസായി ഉപയോഗിച്ച് പൊതു ഇടങ്ങളെ ഔട്ട്ഡോർ ഗ്യാലറികളാക്കി മാറ്റുന്നതിന് പ്രാദേശിക, അന്തർദേശീയ കലാകാരന്മാരെ ഫെസ്റ്റിവൽ ഒരുമിച്ച് കൊണ്ടുവരും. സെപ്തംബറിൽ നടക്കാനിരിക്കുന്ന മുസന്ദം ഇന്റർനാഷണൽ ഡൈവിങ്‌ ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങൾ ഈ സംരംഭം പൂർത്തീകരിക്കുന്നു. സർഗാത്മകത, പൈതൃകം, പരിസ്ഥിതി അവബോധം എന്നിവ സംയോജിക്കുന്ന സ്ഥലമായി ഗവർണറേറ്റിനെ സ്ഥാപിക്കാനുള്ള വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ സംരംഭം. താമസക്കാർക്കും സന്ദർശകർക്കും പുതിയ അനുഭവങ്ങൾ നൽകുന്നതിലൂടെയും പ്രകൃതിദൃശ്യങ്ങളെ സംരക്ഷിക്കുന്നതിലൂടെയും സുസ്ഥിര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home