കരാർ പ്രവർത്തനം നിയന്ത്രിക്കൽ; ദുബായിൽ പുതിയ നിയമം പുറപ്പെടുവിച്ചു

dubai
വെബ് ഡെസ്ക്

Published on Jul 15, 2025, 01:25 PM | 1 min read

ദുബായ് : ദുബായിലെ കരാർ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമം പുറപ്പെടുവിച്ച്‌ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എമിറേറ്റിലെ നിർമാണ മേഖലയിലെ നിയന്ത്രണം മെച്ചപ്പെടുത്താനുള്ള പ്രധാന ചുവടുവയ്‌പ്പായിരിക്കും നിയമം. 2025ലെ നിയമം നമ്പർ (7) കരാറുകാരുടെ വർഗീകരണം, മേൽനോട്ടം, ഉത്തരവാദിത്വം എന്നിവയ്ക്കായി ഏകീകൃത ചട്ടക്കൂട് അവതരിപ്പിക്കുന്നു. സുസ്ഥിര വളർച്ചയെ പിന്തുണയ്ക്കാനും ദുബായുടെ ദീർഘകാല വികസന പദ്ധതിയുമായും ലോകത്തെ മികച്ച രീതികളുമായും പൊരുത്തപ്പെടാനും ഇതിലൂടെ ലക്ഷ്യമിടുന്നു.


കരാർ പ്രവർത്തനം നിയന്ത്രിക്കാനും വികസിപ്പിക്കാനുമുള്ള കമ്മിറ്റിയുടെ സൃഷ്ടിയാണ് നിയമത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്‌. ദുബായ് മുനിസിപ്പാലിറ്റി പ്രതിനിധി അധ്യക്ഷനും ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള പ്രതിനിധികൾ അംഗങ്ങളായും ഉൾപ്പെടുന്ന കമ്മിറ്റി നിയമം നടപ്പാക്കാൻ മേൽനോട്ടം വഹിക്കും. കൂടാതെ, തർക്കങ്ങൾ പരിഹരിക്കുകയും മേഖലയ്ക്കായി ഭാവി നയമാറ്റങ്ങൾ നിർദേശിക്കുകയും ചെയ്യും. ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്നവയടക്കം ദുബായിലെ എല്ലാ കരാറുകാർക്കും നിയമം ബാധകമാണ്. എക്സിക്യൂട്ടീവ് കൗൺസിൽ വ്യക്തമാക്കിയ മറ്റ് പ്രവർത്തനംപോലെ വിമാനത്താവളവുമായി ബന്ധപ്പെട്ട പദ്ധതികളും ഒഴിവാക്കിയിട്ടുണ്ട്‌.


കരാർ പ്രവർത്തനം കൈകാര്യം ചെയ്യാനായി ദുബായ് മുനിസിപ്പാലിറ്റി സംയോജിത ഇലക്‌ട്രോണിക് സംവിധാനം ആരംഭിക്കും. ‘ഇൻവെസ്റ്റ് ഇൻ ദുബായു’മായി ബന്ധിപ്പിച്ചിരിക്കുന്ന ഈ പ്ലാറ്റ്‌ഫോം കേന്ദ്ര രജിസ്ട്രിയായി പ്രവർത്തിക്കും. പ്രൊഫഷണൽ കോംപിറ്റൻസി സർട്ടിഫിക്കറ്റുകളും നൽകും. കരാറുകാർ അംഗീകൃത വർഗീകരണം കർശനമായി പാലിക്കണം. മുൻകൂർ അനുമതിയില്ലാതെ ജോലി ഉപകരാർ നൽകാനോ ശേഷികവിയാനോ പാടില്ല.


നിയമത്തിലെ വ്യവസ്ഥയും അനുബന്ധ തീരുമാനവും ലംഘിച്ചാലുള്ള പിഴ 1000 മുതൽ ഒരുലക്ഷംവരെ ദിർഹമാണ്‌. ഒരു വർഷത്തിൽ ആവർത്തിച്ചുള്ള ലംഘനത്തിന്‌ ഇരട്ടി പിഴ ഈടാക്കും. പരമാവധി രണ്ടുലക്ഷം ദിർഹംവരെ പിഴയായി ഈടാക്കാം. കൂടാതെ, കരാർ പ്രവർത്തനങ്ങളിൽനിന്ന് ഒരുവർഷംവരെ സസ്‌പെൻഷൻ, വർഗീകരണം തരംതാഴ്‌ത്തൽ, രജിസ്ട്രിയിൽനിന്ന് നീക്കം ചെയ്യൽ, വാണിജ്യ ലൈസൻസ്‌ റദ്ദാക്കൽ, സാങ്കേതിക ജീവനക്കാരുടെ സസ്‌പെൻഷൻ എന്നീ നടപടികളും എടുക്കാം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരും.



deshabhimani section

Related News

View More
0 comments
Sort by

Home