ഷാർജ ഇന്ത്യൻ അസോസിയേഷൻ കൗൺസിലിംഗ് ആരംഭിച്ചു

ഷാർജ: കുടുംബങ്ങളിലെ തർക്കം പരിഹരിക്കാൻ കൗൺസിലിംഗ് സേവനവുമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ. ആഗസ്ത് ആദ്യ ആഴ്ച മുതൽ ആഴ്ച തോറും കൗൺസിലിംഗ് സെഷനുകൾ ആരംഭിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. അസോസിയേഷന്റെ കീഴിലുള്ള രണ്ട് സ്കൂളുകളിൽ നിന്നുള്ള കൗൺസിലർമാരെ പാനലിന്റെ ഭാഗമാക്കിയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. എല്ലാ ശനിയാഴ്ചയും കൗൺസിലിംഗ് സെഷൻ ഉണ്ടായിരിക്കും. നടപടികൾ രഹസ്യമായി സൂക്ഷിക്കും. ഇന്ത്യൻ കോൺസുലേറ്റുമായും ഷാർജയിലെ വിവിധ വകുപ്പുകളുമായും സഹകരിച്ചാണ് സെഷനുകൾ നടത്തുന്നത്.
കൗൺസിലിംഗ് ആവശ്യമുള്ള വ്യക്തികൾ ഐഎഎസ് അംഗങ്ങളുമായോ റിസപ്ഷൻ ഡെസ്കുമായോ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്തവരെ കൗൺസിലിങ്ങിനുള്ള സമയം അറിയിക്കുകയും അസോസിയേഷൻ ഓഫീസിലെ ഒരു പ്രത്യേക സ്ഥലത്ത് സ്വകാര്യമായി ഓരോ കേസും കൈകാര്യം ചെയ്യുകയും ചെയ്യും. ജോലി സംബന്ധമായ തർക്കങ്ങൾ, ഗാർഹിക പീഡനം, കുട്ടികളുടെ സംരക്ഷണ കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് കൗൺസലിംഗ് നടക്കുക. പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്യും.
ഷാർജ പൊലീസിന്റെ കമ്മ്യൂണിറ്റി പ്രിവന്റ്റ്റീവ് ആൻഡ് പ്രൊട്ടക്ഷൻ വകുപ്പിലെ ഉദ്യോഗസ്ഥരുമായി അസോസിയേഷൻ നേതാക്കൾ ഷാർജയിലെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. മേജർ നസീർ ബിൻ അഹമ്മദ്, ക്യാപ്റ്റൻ ഗാനിമ എസ്സ, ഇൻസ്പെക്ടർ അവാദ് മുഹമ്മദ് എന്നിവർ പൊലീസ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.









0 comments