സമത ഓസ്ട്രേലിയ നാടകോത്സവം ജൂൺ 7ന്

samatha nadakam
വെബ് ഡെസ്ക്

Published on May 27, 2025, 03:16 PM | 1 min read

മെൽബൺ : മെൽബണിലെ സാംസ്‌കാരിക സംഘടനയായ സമത ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന ജനകീയ നാടകോത്സവം "IHNA പീപ്പിൾസ് തിയറ്റർ ഫെസ്റ്റ് 2025" ജൂൺ 7 വൈകിട്ട് 5 മുതൽ മെൽബണിലെ ബോക്സ്ഹിൽ ടൗൺഹാളിൽ നടക്കും. മാധവിക്കുട്ടിയുടെ കഥ ‘ഒഴിവി’നെ ഏകപാത്രനാടകമായി കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച ബീന ആർ ചന്ദ്രൻ അരങ്ങിലെത്തിക്കും. ഒറ്റ ഞാവൽമരം എന്ന നാടകം ആറങ്ങോട്ടുകര ശ്രീജയാണ് രചിച്ചത്‌. നാരായണനാണ് സംവിധാനം. ഫാസിൽ റസാഖ് സംവിധാനം ചെയ്ത 'തടവ്' എന്ന ചിത്രത്തിലെ ഗീത എന്ന ടീച്ചറെ അവതരിപ്പിച്ചതിനാണ് ബീന ആർ ചന്ദ്രന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.


ജയപ്രകാശ് കുളൂർ രചിച്ച കൂനൻ എന്ന ഏകപാത്രനാടകം നാടക-സിനിമ താരം മഞ്ജുളൻ വേദിയിലെത്തിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായി രണ്ടായിരത്തിലധികം വേദികളിൽ അവതരിപ്പിച്ച് റെക്കോർഡുകളിൽ ഇടം നേടിയിട്ടുള്ള "കൂനൻ" ആദ്യമായിട്ടാണ് ഓസ്ട്രേലിയയിൽ അവതരിപ്പിക്കുന്നത്. എൻ പ്രഭാകരൻ രചിച്ച പ്രശസ്ത നാടകം പുലിജന്മം ഗിരീഷ് അവനൂരിന്റെ സംവിധാനത്തിൽ സമതയുടെ കലാകാരന്മാർ അരങ്ങിലെത്തിക്കും.


12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ഒപ്പം ചെറിയ കുട്ടികൾക്കായി സൗജന്യ ബേബി സിറ്റിംഗ് സംവിധാനവും പരിപാടി നടക്കുന്ന ടൗൺഹാളിൽ സംഘാടകർ ഒരുക്കുന്നുണ്ട്. നാടകോത്സവത്തോടനുബന്ധിച്ചു വരയരങ്ങ്, രുചിയരങ്ങ്, കളിയരങ്ങ്, വായനയരങ്ങ് എന്നിവയും ഒരുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ ടിക്കറ്റുകൾ സമതയുടെ വെബ്‌സൈറ്റിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Home