മെഡിറ്ററേനിയൻ കടലിൽ അപകടത്തിലായ ബോട്ടിൽ നിന്ന് 45 അഭയാർത്ഥികളെ രക്ഷപ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി : ഗ്രീക്ക് തീരത്തിന് സമീപം മെഡിറ്ററേനിയൻ കടലിൽ അപകടത്തിലായ ബോട്ടിൽ നിന്നുള്ള 45 അഭയാർത്ഥികളെ കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (കെഒടിസി) എണ്ണക്കപ്പലായ ബഹ്‌റ സുരക്ഷിതമായി രക്ഷപ്പെടുത്തി. പ്രാദേശിക വാർത്താ ഏജൻസി വഴിയാണ് കമ്പനിയുടെ ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷെയ്ഖ് ഖാലിദ് അഹമ്മദ് അൽ സബാഹ് വിവരം സ്ഥിരീകരിച്ചത്.
തിങ്കൾ വൈകിട്ട് നാലോടെ ഗ്രീസ് തീരത്തിൽ നിന്ന് ഏകദേശം അറുപതു നോട്ടിക്കൽ മൈൽ അകലെയുള്ള കടലിൽ ബോട്ട് അപകടത്തിലായതായി ഗ്രീക്ക് റസ്ക്യൂ സെന്റർ അറിയിച്ചതിനെ തുടർന്ന് സമീപത്ത് സർവീസ് നടത്തുകയായിരുന്ന ബഹ്‌റ കപ്പൽ അടിയന്തരമായി സ്ഥലത്തെത്തുകയായിരുന്നു. അപകടബോട്ടിലുണ്ടായിരുന്ന മുഴുവൻ പേരെയും കപ്പലിലേക്ക് സുരക്ഷിതമായി മാറ്റിയ ശേഷം എല്ലാ അവശ്യസൗകര്യങ്ങളും ഒരുക്കി. അഭയാർത്ഥികളുടെ ആരോഗ്യം തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് കപ്പൽ ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ എത്തി. ചൊവ്വ ഉച്ചയ്ക്ക് നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് അഭയാർത്ഥികളെ ഗ്രീക്ക് അധികാരികൾക്ക് കൈമാറിയത്. ഇത്തരം രക്ഷാപ്രവർത്തനങ്ങൾ കുവൈത്തിന്റെ കരുണയും മാനവികതയും ആഗോളതലത്തിൽ തെളിയിക്കുന്നതാണെന്നും ഷെയ്ഖ് ഖാലിദ് പറഞ്ഞു.
ജൂൺ 12-ന് ദാസ്മ എന്ന കപ്പൽ 40 അഭയാർത്ഥികളെ രക്ഷപ്പെടുത്തിയിരുന്നു. 2014 ജൂൺ 15-ന് അൽ സൽമി എന്ന വലിയ ക്രൂഡ് ഓയിൽ ടാങ്കർ ഇറ്റാലിയൻ തീരത്ത് നിന്ന് 536 അഭയാർത്ഥികളെ രക്ഷപ്പെടുത്തി.








0 comments