കുവൈത്തിൽ ആകെ ജനസംഖ്യ അഞ്ചു ദശലക്ഷം കടന്നു; ഇന്ത്യക്കാരുടെ എണ്ണം 10 ലക്ഷം പിന്നിട്ടു

കുവൈത്ത് സിറ്റി : രാജ്യത്തിന്റെ ജനസംഖ്യ ചരിത്രത്തിൽ ആദ്യമായി അഞ്ചു ദശലക്ഷം കടന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കി. 2025ന്റെ ആദ്യ പകുതിയോടെയാണ് മൊത്തം ജനസംഖ്യ 50,98,000 ആയി ഉയർന്നത്. ഇതിൽ 15,50,000 പേർ സ്വദേശികളും 35,47,000 പ്രവാസികളുമാണ്.
പ്രവാസികളിൽ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ – 10,36,000 പേർ. ഇത് മൊത്തം ജനസംഖ്യയുടെ 20 ശതമാനവും പ്രവാസികളുടെ എണ്ണം നോക്കുമ്പോൾ 29 ശതമാനവുമാണ്. ഈജിപ്തുകാർ (6,61,318) രണ്ടാം സ്ഥാനത്തും ബംഗ്‌ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയവയും പിന്നീട് വരുന്നു. പ്രായം അടിസ്ഥാനമാക്കിയുള്ള കണക്കെടുക്കുമ്പോൾ 15 വയസ്സിനു താഴെയുള്ളവർ 17 ശതമാനവും, 15–64 വയസ്സുള്ളവർ 80 ശതമാനവും, 65 വയസ്സിന് മുകളിലുള്ളവർ 3 ശതമാനവുമാണ്. ലിംഗാനുപാതത്തിൽ പുരുഷന്മാർ 61 ശതമാനവും (30.9 ലക്ഷം), സ്ത്രീകൾ 39 ശതമാനവുമാണ് (20 ലക്ഷം).
തൊഴിൽ മേഖലയിൽ 22,83,000 പേരുണ്ട്. ഇതിൽ 5,19,989 സർക്കാർ മേഖലയിലും 17,63,000 പേർ സ്വകാര്യ മേഖലയിലുമാണ്. സർക്കാർ മേഖലയിലെ ജോലികളിൽ 75.57 ശതമാനവും സ്വദേശികൾക്കാണ്. പ്രവാസികളിൽ ഈജിപ്തുകാർക്ക് 7.2 ശതമാനവും ഇന്ത്യക്കാർക്ക് 4.51 ശതമാനവുമാണ് ഈ മേഖലയിലെ പങ്കാളിത്തം.
സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളിൽ ഇന്ത്യക്കാർക്കാണ് മുൻതൂക്കം. 31.2 ശതമാനം. ഈജിപ്തുകാർക്ക് 24.8 ശതമാനവും പങ്കുണ്ട്. ഗാർഹിക തൊഴിൽ മേഖലയിലും ഇന്ത്യക്കാർ തന്നെ മുന്നിൽ 8,22,794 പേരിൽ 41.3 ശതമാനവും ഇന്ത്യക്കാരാണ്. ഫിലിപ്പീൻസ് 17.9 ശതമാനവും ശ്രീലങ്കക്കാർ 17.6 ശതമാനവുമാണ്.









0 comments