അൽ റാബിയയിൽ 51 ഡിഗ്രി; കുവൈത്ത് ചുട്ടു പൊള്ളുന്നു

HEAT WARNING
വെബ് ഡെസ്ക്

Published on Jul 16, 2025, 08:45 PM | 1 min read

കുവൈത്ത് സിറ്റി : കുവൈത്തിൽ ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കഠിനമായ ചൂട് അൽ റാബിയയിൽ രേഖപ്പെടുത്തി. 51 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ജഹ്റ, അബ്ദലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും 50 ഡിഗ്രി വരെ താപനില ഉയർന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ വ്യപനമാണ് ഈ ചൂടിന് കാരണമെന്ന് വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി.


വടക്ക്–പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള വരണ്ട കാറ്റ് തീവ്രതയോടെ വീശുന്നതും തീരപ്രദേശങ്ങളിൽ കാറ്റിന്റെ ദിശ മാറി ഈർപ്പതലം ഉയരുന്നതിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ തീക്ഷണമായ ചൂടും രാത്രികളിൽ ചൂടോടുകൂടിയ കാലാവസ്ഥയും തുടരുമെന്ന് അധികൃതർ അറിയിച്ചു.


ശനിയാഴ്ച വരെ 50°C മുതൽ 52°C വരെ താപനില കയറാനാണ് സാധ്യത. വെള്ളിയാഴ്ച മുതൽ ഈർപ്പതലത്തിൽ കുറവുണ്ടാകുമെങ്കിലും അതിജീവനത്തിനും ആരോഗ്യത്തിന് വലിയ വെല്ലുവിളിയായ ഈ കാലാവസ്ഥയിൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.





deshabhimani section

Related News

View More
0 comments
Sort by

Home