ഖരീഫ് സീസൺ: സൗദി, യുഎഇയിൽനിന്ന് സലാലയിലേക്ക് ബസ് സർവീസ്

മസ്‌കത്ത്: ഖരീഫ് സീസണിന്റെ മനോഹാരിത ആസ്വദിക്കാൻ സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽനിന്ന് സലാലയിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. സൗദിയിലെ റിയാദ്, യുഎഇയിലെ ദുബായ് എന്നിവിടങ്ങളിൽ നിന്നാണ് അഞ്ചുമുതൽ സർവീസ് തുടങ്ങുക. സ്വകാര്യ ബസ് കമ്പനിയായ കഞ്ചരി സർവീസാണ് സർവീസ് നടത്തുക. നിലവിൽ മസ്‌കത്തിൽനിന്ന് ദുബായ്, സൗദി എന്നിവിടങ്ങളിലേക്ക് കഞ്ചരി സർവീസ് നടത്തുന്നുണ്ട്. മടക്ക ടിക്കറ്റ് അടക്കം ദുബായിൽനിന്ന് സലാലയിലേക്ക് ഒരാൾക്ക് 350 യുഎഇ ദിർഹമാണ് ഈടാക്കുക. ഒരു ഭാഗത്തേക്ക് മാത്രം 200 ദിർഹമാണ് നിരക്ക്. റിയാദിൽനിന്ന് മടക്ക ടിക്കറ്റ് അടക്കം 600 സൗദി റിയാലും ഒരു ഭാഗത്തേക്ക് 300 സൗദി റിയാലും ഈടാക്കും. ആദ്യ ആഴ്ചയിൽ ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ദുബായ് സർവീസ് ഉണ്ടാകും. പിന്നീട് ദിവസേനയുള്ള സർവീസ് ആരംഭിക്കും. റിയാദിൽനിന്ന് സലാലയിലേക്കുള്ള 2065 കിലോമീറ്റർ ഏകദേശം 23 മണിക്കൂറിൽ ഓടിയെത്താൻ കഴിയുമെന്നാണ് കരുതുന്നത്. ദുബായിൽനിന്ന് സലാലയിലേക്കുള്ള 1222 കിലോമീറ്റർ ദൂരം 13 മണിക്കൂറിൽ എത്തും. വിമാന യാത്രയ്ക്ക് പകരമായി റോഡ് വഴിയുള്ള യാത്രയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. ഖരീഫ് സീസണിൽ അപകട സാധ്യത ഏറെയുള്ള പാതകളിൽ ഒന്നാണ് മസ്‌കത്ത് സലാല. ഇതുവഴി പൊതുഗതാഗതം സാധ്യമായാൽ പാതയിലെ ദീർഘദൂര യാത്രകൾ ഒഴിവാക്കാൻ സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നവർക്ക് കഴിയും.









0 comments