ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഉജ്വല തുടക്കം

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇസ ടൗൺ കാമ്പസിൽ ഉജ്വല തുടക്കം. സ്‌കൂളിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികളാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാഭ്യാസ ആസൂത്രണ, ലൈസൻസിംഗ് അസി. അണ്ടർ സെക്രട്ടറി ഡോ. സന സെയ്ദ് അബ്ദുല്ല അൽ ഹദ്ദാദ്, ഇന്ത്യൻ അംബാസഡർ ഡോ. വിനോദ് കെ ജേക്കബ്, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഡയറക്ടർ ലുലുവ ഗസൻ അൽ മെഹന്ന എന്നിവർ പങ്കെടുത്തു. ബിസിനസ് പ്രമുഖരായ ലാൽചന്ദ് ഗജരിയ, ബാബു കേവൽറാം, നെവിൻ മെഗ്ചിയാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് അധ്യക്ഷനായിരുന്നു.
പ്ലാറ്റിനം ജൂബിലി സംഘാടക സമിതി ചെയർമാൻ പ്രിൻസ് എസ് നടരാജൻ, ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. ആലേഖ് പെയിന്റിംഗ് മത്സരം, വിദ്യാഭ്യാസ കോൺക്ലേവ്, സംഗീത കച്ചേരി, സാഹിത്യോത്സവം, നൃത്ത പ്രകടനം, ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം എന്നിവയും സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ടുള്ള പ്രധാന പദ്ധതികളും പരിപാടിയുടെ ഭാഗമായി നടക്കും. പ്ലാറ്റിനം ജൂബിലി ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു. പതിനൊന്നാം ക്ലാസ് വിദ്യാർഥി ജോഹാൻ ജോൺസൺ ടൈറ്റസാണ് ലോഗോ രൂപകൽപ്പന ചെയ്തത്. സ്‌കൂളിന്റെ 75 വർഷത്തെ ചരിത്ര യാത്രയെക്കുറിച്ചുള്ള വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ മാധവ് മനോഹർ, ജോനാഥൻ എബ്രഹാം ദിൽസൺ എന്നിവരാണ് വിഡിയോ ഒരുക്കിയത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി തന്മയ് രാജേഷ് വിവരണം നിർവഹിച്ചു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി ഗോർഡൻ ഗോഡ്വിൻ എടച്ചേരിൽ ലോഗോ ആനിമേഷൻ ഒരുക്കി. പൂർവ്വ വിദ്യാർത്ഥിനി ബീന ബാബു നൃത്തസംവിധാനം നിർവഹിച്ച ഫ്‌ളാഷ് മോബ് ആകർഷകമായി.
ജൂനിയർ കാമ്പസിലെ കുട്ടികൾ അറബിക് നൃത്ത പ്രകടനത്തിലൂടെ മനം കവർന്നു. സ്‌കൂളിന്റെ സമ്പന്നമായ പൈതൃകത്തിന് ആദരവുമായി ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ രചിച്ച ഗാനം സ്റ്റാഫ് അവതരിപ്പിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രാർത്ഥനാ നൃത്തത്തിലൂടെയാണ് സാംസ്‌കാരിക പരിപാടികൾ തുടങ്ങിയത്. തുടർന്ന് ദേശീയ ഗാനാലാപനവും ഖുർആൻ പാരായണവും നടന്നു. പ്രിൻസിപ്പൽ വിആർ പളനിസ്വാമി, സെക്രട്ടറി വി രാജപാണ്ഡ്യൻ എന്നിവർ സംസാരിച്ചു. ധന്യ സുമേഷ്,പ്രജീഷ ആനന്ദ്, സുമി മേരി ജോർജ്, കവിത ഗോപകുമാർ എന്നിവരുടെ മാർഗനിർദേശത്തിൽ ഹെഡ്‌ബോയ് ഷാൻ ഡയമണ്ട് ലൂയിസ്, ഹെഡ്‌ഗേൾ അബിഗെയിൽ എല്ലിസ് ഷിബു, ഇവാന റേച്ചൽ ബിനു എന്നിവർ അവതാരകരായി. സ്‌കൂൾ സെക്രട്ടറി വി രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, മറ്റു ഭരണസമിതി അംഗങ്ങൾ, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ, വ്യവസായ പ്രമുഖർ, കമ്മ്യൂണിറ്റി നേതാക്കൾ, മുൻ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.









0 comments