ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹം ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെയും വിവിധ അസോസിയേഷനുകളുടെയും നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ. സീഫിൽ ഇന്ത്യൻ എംബസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അംബസാഡർ വിനോദ് കെ ജേക്കബ് ദേശീയ പതാക ഉയർത്തി. മഹാത്മഗാന്ധിയുടെ പ്രതിമയിൽ പുഷ്പങ്ങൾ അർപ്പിച്ചാണ് പരിപാടി തുടങ്ങിയത്. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു. ബഹ്‌ഹൈറിൽ എത്തിയ ഹിമാചൽ പ്രദേശിൽ നിന്നുള്ള സാംസ്‌കാരിക സംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇസ ടൗൺ കാമ്പസ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഇരു കാമ്പസുകളിലെയും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. സ്‌കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ ദേശീയ പതാക ഉയർത്തി.
സെക്രട്ടറി വി രാജപാണ്ഡ്യൻ, അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗം ബോണി ജോസഫ്, പ്രിൻസിപ്പൽ വിആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാരായ ജി സതീഷ്, ജോസ് തോമസ്, പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു. സ്‌കൂൾ ബാൻഡും വിദ്യാർഥികളും ദേശസ്‌നേഹ ഗാനം ആലപിച്ചു. വിദ്യാർത്ഥികൾ നൃത്തങ്ങളും അവതരിപ്പിച്ചു.
സിബിഎസ്ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ഗൾഫ് സഹോദയ അവാർഡുകൾ ചടങ്ങിൽ സമ്മാനിച്ചു. ആന്റെജി ജോൺ (ഹ്യുമാനിറ്റീസ്), ഹൈഫ മുഹമ്മദ് ഷിറാസ് (സയൻസ്), ശ്രീപ്രഹ്ലാദ് മുകുന്ദൻ (സയൻസ്), സയ്യിദ് അസീല മാഹീൻ (കൊമേഴ്‌സ്), ആദിത്യൻ വി നായർ എന്നിവർക്കാണ് പുരസ്‌കാരം സമ്മാനിച്ചത്. ബഹ്‌റൈൻ ജനറൽ സ്‌പോർട്‌സ് അതോറിറ്റി ആതിഥേയത്വം വഹിച്ച ഇന്റർനാഷണൽ സ്‌കൂൾ സ്‌പോർട്‌സ് ഫെഡറേഷൻ ഗെയിംസിൽ പങ്കെടുത്ത ബാഡ്മിന്റൺ കളിക്കാരെയും സ്‌കൂൾ ആദരിച്ചു.
അനന്തപത്മനാഭൻ സുധീരൻ, അലൻ ഈപ്പൻ തോമസ്, ശ്രീപത്മിനി സുധീരൻ എന്നീ കായികതാരങ്ങളെ അവരുടെ നേട്ടങ്ങൾക്ക് ആദരിച്ചു. ബഹ്‌റൈൻ പുരുഷ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ബാസിൽ അബ്ദുൾ ഹക്കിം, ബഹ്‌റൈൻ വനിതാ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പൂർവ്വജ ജഗദീഷ ബാബു, ജാൻസി ടിഎം എന്നിവരെയും ആദരിച്ചു. 25 സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾക്ക് മികവിനുള്ള സർട്ടിഫിക്കറ്റുകളും 15 ബാൻഡ് വിദ്യാർത്ഥികൾക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകളും ലഭിച്ചു. ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ രൂപകൽപ്പന ചെയ്ത ജോഹാൻ ജോൺസൺ ടൈറ്റസിനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസും വിദ്യാർത്ഥിനി റിക്ക മേരി റോയിയും റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തി. ബഹ്‌റൈൻ കേരളിയ സമാജം 76 -ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. സമാജത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പാതാക ഉയർത്തുകയും റിപ്പബ്ലിക് ദിന ആശംസ അറിയിക്കുകയും ചെയ്തു. സമാജം ട്രഷറർ ദേവദാസ് കുന്നത്ത്, മുതിർന്ന സമാജം അംഗങ്ങൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.









0 comments