അഭിനേതാക്കളും അണിയറപ്രവർത്തകരും മലയാളികൾ; കാനഡ കാത്തിരിക്കുന്നു, അരങ്ങിലെ അത്ഭുതത്തിനായി

Eternity drama
വെബ് ഡെസ്ക്

Published on Sep 02, 2025, 12:32 PM | 2 min read

ടൊറന്റോ: മലയാളികൾ അഭിനേതാക്കളും അണിയറപ്രവർത്തകരുമാകുന്ന നാടകം ഒഷാവയിൽ അരങ്ങേറാനൊരുങ്ങുന്നു. ബൈബിളിലെ ഒരേടിനെ ആസ്പദമാക്കിയുള്ള ‘ഇറ്റേണിറ്റി’ എന്ന നാടകം സെപ്തംബർ 13ന് ഇവൻറ് സെന്ററിലാണ് അവതരിപ്പിക്കുന്നത്. കാനഡയിലെ സീറോ മലബാർ രൂപതയുടെ പത്താം വാർഷികാഘോഷമായ സർഗസന്ധ്യയുടെ ഭാഗമായാണ് ‘ഇറ്റേണിറ്റി’ അരങ്ങേറുന്നത്. മലയാളിയും സിനിമാ-നാടകനടനുമായ ബിജു തയ്യിൽചിറയാണ് മുഖ്യ സംവിധായകൻ.


അരങ്ങിലെത്തും മുമ്പ്തന്നെ യൂണിവേഴ്സൽ റെക്കോഡ് ഫോറം [യുആർഎഫ്] ലോകറെക്കോഡിനായി നാടകത്തെ പരിഗണിക്കുമെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. അഭിനേതാക്കളുടെ എണ്ണം, സാമ്പത്തിക മുതൽമുടക്ക് എന്നീ കാര്യങ്ങളിലാണ് ‘ഇറ്റേണിറ്റി’ ലോകറെക്കോഡിന് പരിഗണിക്കപ്പെടുന്നത്. ഏകദേശം 65 ലക്ഷം രൂപയാണ് [75000 അമേരിക്കൻ ഡോളർ] മുതൽമുടക്ക്. ഒന്ന് മുതൽ 65വരെ പ്രായമുള്ള 350 പ്രധാന കഥാപാത്രങ്ങൾ വേദിയിലെത്തും.


Eternity drama crew


രണ്ട് വർഷത്തിലേറെയായി നടത്തിക്കൊണ്ടിരിക്കുന്ന കഠിനപരിശ്രമത്തിനൊടുവിലാണ് നാടകം അരങ്ങിലെത്തുന്നതെന്ന് ബിജു തയ്യിൽച്ചിറ പറഞ്ഞു. 350 അഭിനേതാക്കളെ കണ്ടെത്തുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. സിനിമാറ്റിക് ഡ്രാമ എന്ന സങ്കല്പത്തിൽ രംഗപടം ഒരുക്കാനുള്ള പ്രവർത്തനങ്ങൾ ഒരു വർഷത്തിലേറെയായി നടക്കുന്നു. ഇത്ര വലിയ ഒരു സംരംഭം മുന്നോട്ടു പോകാൻ സഹായിച്ചത് രൂപതാധ്യക്ഷൻ മാർ ജോസ് കല്ലിവേലിന്റെ പിന്തുണ കൊണ്ടാണെന്നും ബിജു പറഞ്ഞു.


‘താജ്മഹൽ’, ടെൻ കമാൻഡ്മെൻറ്സ്, ആർത്തബാൻ, അമ്മ, അക്കൽദാമ ഉൾപ്പെടെ കാണികളെ വിസ്മയിപ്പിച്ച നിരവധി നാടകങ്ങൾ ബിജു സംവിധാനം ചെയ്തിട്ടുണ്ട്. ഭരതൻ, എസ് പി പിള്ള, അടൂർ ഭാസി തുടങ്ങിയ മഹാരഥന്മാരുടെ പേരിലുള്ള അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള ബിജുവിന് ഗ്ലോബൽ ഇന്ത്യൻ ന്യൂസ്, എൻഎഎഫ്എ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.


Eternity drama canada crew.


ഷോബി തിലകൻ, കൊല്ലം തുളസി എന്നിവർ ഈ നാടകത്തിനുവേണ്ടി ശബ്ദം നൽകുന്നുണ്ട്. തെന്നിന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖൻ പളനിയാണ് വസ്ത്രാലങ്കാരം. ഒരേസമയം, മൂന്ന് സ്റ്റേജുകളിലായാണ് നാടകം അരങ്ങേറുക. 2:30 മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ 26 സീനുകളും അഞ്ച് നൃത്തങ്ങളുമുണ്ട്. ടൊറന്റോ, ഹാമിൽട്ടൺ, ഓഷവ, മിസ്സിസ്സാഗ എന്നീ ഇടവകകൂട്ടായ്മകളുടെ നേതൃത്വത്തിൽ മൂന്ന് കേന്ദ്രങ്ങളിലാണ് പരിശീലനം.


15 സംവിധായകരും 20 സഹസംവിധായകരും ബിജുവിനെ സഹായിക്കുന്നുണ്ട്. 50 മേയ്ക്കപ്പ് കലാകാരൻമാർ, 60 വസ്ത്രാലങ്കാരസഹായികൾ, 75 കലാസംവിധാനസഹായികൾ, 45 സാങ്കേതികവിദഗ്ധർ എന്നിവരുടെകൂടെ കഠിനാദ്ധ്വാനമാണ് ഈ നാടകം.


അസോസിയേറ്റ് ഡയറക്ടർ: സജി ജോർജ്, സെബി വർഗീസ്‌, മാനേജിംഗ് ഡയറക്ടർ: തോമസ്‌ വർഗീസ്‌, ശബ്ദസാങ്കേതികത: മാത്യൂസ് മാത്യൂസ്, തിരക്കഥ: മാത്യു ജോർജ്ജ്, സഹസംവിധായകൻ: സന്തോഷ്‌ ജോസഫ്, വസ്ത്രാലങ്കാരം: ബിന്ദു തോമസ്‌,കലാസംവിധാനം: വിനോജ് കുര്യൻ, സിബിച്ചൻ ജോസഫ്, ജയിംസ്, സ്റ്റേജ് ഡയറക്ടർമാർ: ടോമി, ജോയിസ്: സംവിധായകസഹായികൾ: രാജീവ്‌, ദേവസി, ജോസഫ് അക്കരപടിക്കൽ, സന്തോഷ്‌ ജോസഫ് എന്നിവരാണ്‌ അണിയറയിലെ മറ്റ് പ്രമുഖർ.



deshabhimani section

Related News

View More
0 comments
Sort by

Home