സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധവുമായി ദുബായ് പൊലീസിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോം

ദുബായ് : സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം (സിഐഡി) പുതിയ വിദ്യാഭ്യാസ ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള തന്ത്രങ്ങൾ, തട്ടിപ്പ് രീതികൾ തിരിച്ചറിയൽ, അവ ഒഴിവാക്കാനുള്ള വഴികൾ എന്നിവയെപ്പറ്റിയുള്ള വിവരങ്ങളാണ് നൽകുന്നത്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ അവബോധം പ്രധാനമാണെന്ന് ക്രിമിനൽ കാര്യങ്ങളുടെ ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഹാരിബ് അൽ ഷംസി പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തിരിച്ചറിയാനും സമയബന്ധിതമായി നടപടിയെടുക്കാനും പ്ലാറ്റ്‌ഫോം സഹായിക്കുമെന്ന് സൈബർ കുറ്റകൃത്യ വകുപ്പ് ഡയറക്ടർ മേജർ അബ്ദുല്ല അൽ ഷെഹി പറഞ്ഞു. സൈബർ സുരക്ഷാ അടിസ്ഥാനകാര്യങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള മാർഗനിർദ്ദേശങ്ങൾ, ഫിഷിങ് ശ്രമങ്ങൾ തിരിച്ചറിയാനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇത് നൽകുന്നു. സംശയാസ്പദമായ ലിങ്കുകളെക്കുറിച്ച് ജാഗ്രത പാലിക്കുക, ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, ഡേറ്റ പതിവായി ബായ്ക്കപ്പ് ചെയ്യുക എന്നിവ ചെയ്യണമെന്ന് പ്ലാറ്റ്‌ഫോമിലെ വിവരങ്ങളിൽ പറയുന്നു.
ഫോണുകൾ, കംപ്യൂട്ടറുകൾ, സ്മാർട്ട് ഉപകരണങ്ങൾ എന്നിവ സുരക്ഷിതമാക്കുന്നതിനും ബ്രൗസിങ് രീതികൾ, അക്കൗണ്ട് സംരക്ഷണം, ഓൺലൈൻ തട്ടിപ്പ് ഒഴിവാക്കാനുള്ള തന്ത്രങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാറ്റ്‌ഫോം സഹായിക്കുന്നു. ഫോൺ തട്ടിപ്പുകൾ, ഡീപ്‌ഫേക്കുകൾ, ഫിഷിങ്, എസ്എംഎസ് തട്ടിപ്പുകൾ, വോയിസ് കോളുകൾ, ക്യുആർ കോഡുകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ ഭീഷണികളെക്കുറിച്ചും പ്ലാറ്റ്‌ഫോം ബോധവൽക്കരണം നടത്തുന്നുണ്ട്.









0 comments