ഖാരിഫ് സീസൺ: ദോഫാറിൽ പരിശോധന ശക്തം

മസ്‌കത്ത് : ഖാരിഫ് സീസണിനോടനുബന്ധിച്ച് ദോഫാർ വിലായത്തിലെ കച്ചവടക്കാരും വിതരണക്കാരും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഗവർണറേറ്റിലെ ചന്തകളിലായി ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ആകെ 19,582 പരിശോധന സന്ദർശനം നടത്തിയതായി ആക്‌ടിങ് ഡയറക്‌ടർ ജനറൽ ഡോ. തായ് ബിൻ സലേം അൽ ജുനൈബി സ്ഥിരീകരിച്ചു.
ന്യായവും സുരക്ഷിതവുമായ വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കാനായി രൂപകൽപ്പന ചെയ്ത സമഗ്ര നിയന്ത്രണ പദ്ധതിയുടെ ഭാഗമായി വിവിധ വാണിജ്യ സ്ഥാപനങ്ങൾക്കായി 14,317 നിരീക്ഷണ സന്ദർശനം നടത്തി. ഇതേ കാലയളവിൽ 555 പരാതി ലഭിച്ചു. പരാതിയിൽ 97 ശതമാനം എന്ന പരിഹാര നിരക്കുണ്ട്. കൂടാതെ, 214 റിപ്പോർട്ടുകൾ 99 ശതമാനം എന്ന ഉയർന്ന കാര്യക്ഷമത നിരക്കിൽ കൈകാര്യം ചെയ്തതായും അൽ ജുനൈബി പറഞ്ഞു.
ജൂൺ 21ന് ആരംഭിച്ച് സെപ്തംബർ 20 വരെ നീണ്ടുനിൽക്കുന്നതാണ് ഈ വർഷത്തെ ഖരീഫ് സീസൺ. പച്ചപ്പുനിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ സന്ദർശകരെ പ്രദേശത്തേക്ക് സ്വാഗതം ചെയ്യുന്നു. ലോകോത്തര നിലവാരത്തിലുള്ള നിരവധി പരിപാടികളാണ് ദോഫാറിൽ സജ്ജീകരിച്ചിട്ടുള്ളത്. ‘ഭൂതകാലത്തിന്റെ തിരിച്ചുവരവ്' എന്ന പ്രമേയത്തിൽ പരമ്പരാഗത ഒമാനി ജീവിതത്തിന്റെ വശങ്ങൾ ഉൾക്കൊള്ളുന്ന പരിപാടികൾ ഇത്തവണയുണ്ട്. ഇറ്റിൻ സ്‌ക്വയറാണ് പരിപാടികളുടെ കേന്ദ്രം.
കുട്ടികൾക്കായി രൂപകൽപ്പന ചെയ്‌ത മിനി ആഗോള ഗ്രാമം "വേൾഡ് ഫോർ കിഡ്‌സ്’ ആണ് പ്രധാന ആകർഷണങ്ങളിലൊന്ന്. പ്രാദേശികവും അന്തർദേശീയവുമായ തെരുവ് ഭക്ഷണങ്ങൾ സജ്ജീകരിച്ച ഇടങ്ങൾ വലിയ പ്രത്യേകതയാണ്. രാജകൊട്ടാരങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് യക്ഷിക്കഥയുടെ ലോകം പെൺകുട്ടികൾക്ക് ആസ്വദിക്കാനാകുന്ന ഫാന്റസി ഇടമായ "പ്രിൻസസ് പാലസ്’ ഉണ്ട്. കലാ-കരകൗശല സ്റ്റേഷനുകൾ, തീം ഫോട്ടോ കോർണറുകൾ, തത്സമയ ഷോകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
തത്സമയ സംഗീതം അന്തരീക്ഷത്തിൽ നിറയുന്ന മ്യൂസിക്കൽ വാക്ക്‌വേ, ആഴത്തിലുള്ള ദൃശ്യാനുഭവങ്ങൾ സൃഷ്ടിക്കുന്ന കാർണിവൽ ഓഫ് ഇല്യൂമിനേറ്റഡ് കാർട്‌സ്, വേൾഡ് ഓഫ് ലൈറ്റ്‌സ്, നാടകം, കഥപറച്ചിൽ, പഠനം എന്നിവ ലയിപ്പിക്കുന്ന ബാൻഡ് ആൻഡ് ബോക്‌സ് പ്രകടനങ്ങൾ എന്നിവയും ഉൾപ്പെടുന്നു. കഴിഞ്ഞ ഖരീഫ് സീസണിൽ 10.48 ലക്ഷം സന്ദർശകർ എത്തിയിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഒമ്പതു ശതമാനം വർധനയാണിത്.









0 comments