രഞ്‌ജിയിൽ തിരിച്ചുവന്നു

അംതാർ
സാധ്യതകൾ അവസാനിച്ചുവെന്നു കരുതിയ നിമിഷത്തിൽനിന്ന‌് കേരളത്തിന്റെ ഉയിർപ്പ‌്. ഹിമാചൽപ്രദേശിനെതിരെ നാടകീയജയം കുറിച്ച‌് കേരളം രഞ‌്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാർട്ടറിലേക്ക‌് മുന്നേറി. അഞ്ചു വിക്കറ്റിനാണ‌് ജയം. കേരളത്തിന്റെ തുടർച്ചയായ രണ്ടാം ക്വാർട്ടർ പ്രവേശമാണിത‌്. 15ന‌് നടക്കുന്ന ക്വാർട്ടറിൽ ഗുജറാത്താണ‌് കേരളത്തിന്റെ എതിരാളികൾ. വയനാട്ടിലാണ‌് മത്സരം.
അവസാനദിനം 297 റണ്ണായിരുന്നു കേരളത്തിന്റെ ലക്ഷ്യം. ജയിച്ചാൽ മാത്രം ക്വാർട്ടർ. ഹിമാചലിനും ജയം അനിവാര്യം. അവർ രണ്ടാം ഇന്നിങ‌്സിൽ എട്ടിന‌് 285 റണ്ണെടുത്ത‌് ഡിക്ലയർ ചെയ‌്തു. കേരളത്തെ പെട്ടെന്നു പുറത്താക്കി ജയം കുറിക്കാമെന്ന‌് ഹിമാചൽ പ്രത്യാശിച്ചു. ഹിമാചലിന്റെ കണക്കുകൂട്ടലുകൾ പാടെ തെറ്റി. ബാറ്റിങ‌്നിരയിൽ അടിമുടി മാറി കേരളം തുടങ്ങി. ഓപ്പണറായി പി രാഹുലിനൊപ്പം വിനൂപ‌് മനോഹരൻ. തുടക്കംമുതൽ വിനൂപ‌് (96) ആഞ്ഞടിച്ചു. തുടർന്ന‌് ക്യാപ‌്റ്റൻ സച്ചിൻ ബേബിയും (92) സഞ‌്ജു സാംസണും (61*) ചേർന്ന‌് ജയം പൂർത്തിയാക്കി. 67 ഓവറിൽ കേരളം 299 റൺ അടിച്ചുകൂട്ടി. സ‌്കോർ: ഹിമാചൽ 297, 8–-285 ഡി.; കേരളം 286, 5–-299.
നാലാംദിനം വലിയ ലക്ഷ്യത്തിലേക്ക‌് ഇറങ്ങിയ കേരളത്തിന‌് തുടക്കം മികച്ചതായില്ല. ഒന്നാം ഇന്നിങ‌്സിലെ സെഞ്ചുറിക്കാരൻ പി രാഹുൽ 14 റണ്ണെടുത്ത‌് പുറത്തായി. സ്ഥാനക്കയറ്റം കിട്ടിയ വിനൂപ‌് ഒന്നാന്തരമായി ബാറ്റ‌് വീശി. രണ്ടാം വിക്കറ്റിൽ സിജോമോൻ ജോസഫായിരുന്നു (23) കൂട്ടാളി. 67 റണ്ണാണ‌് ഇരുവരും ചേർത്തത‌്.
സിജോമോൻ പുറത്തായശേഷമെത്തിയ സച്ചിൻ ബേബി ക്യാപ‌്റ്റന്റെ കളി കെട്ടഴിച്ചു. ഹിമാചൽ ക്യാപ‌്റ്റൻ പ്രശാന്ത‌് ചോപ്ര ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. 101 റണ്ണാണ‌് മൂന്നാം വിക്കറ്റിൽ പിറന്നത‌്. അർഹിച്ച സെഞ്ചുറിക്ക‌് നാലുറൺ അകലെ വിനൂപ‌് പുറത്തായി. 11 ബൗണ്ടറികളായിരുന്നു വിനൂപിന്റെ ഇന്നിങ‌്സിൽ. സ‌്കോർ 3–-206. മുഹമ്മദ‌് അസ‌്ഹറുദ്ദീൻ (0) റണ്ണെടുക്കുംമുമ്പ‌് പുറത്തായതോടെ കേരളം പരിഭ്രമിച്ചു.
പക്ഷേ, സഞ‌്ജുവിന്റെ വരവ‌് എല്ലാ ആശങ്കകളും മാറ്റി. സച്ചിൻ ബേബി ഒരറ്റത്ത‌് പിടിച്ചുനിൽക്കുകയും സഞ‌്ജു ആഞ്ഞടിക്കുകയും ചെയ‌്തതോടെ അസംഭവ്യമെന്നു കരുതിയത‌് കേരളം കൈപ്പടിയിലൊതുക്കി. ജയത്തിന‌് രണ്ടുറൺ അകലെവച്ച‌് സച്ചിൻ പുറത്തായെങ്കിലും സഞ‌്ജു ജയം പൂർത്തിയാക്കിയാണ‌് മടങ്ങിയത‌്. 134 പന്തിൽ 92 റണ്ണെടുത്ത സച്ചിന്റെ ഇന്നിങ‌്സിൽ ഒരു സിക‌്സറും എട്ടു ബൗണ്ടറികളും ഉൾപ്പെട്ടു. സഞ‌്ജു 53 പന്തിൽ 61 റണ്ണുമായി പുറത്താകാതെനിന്നു. രണ്ടു സിക‌്സും അഞ്ചു ബൗണ്ടറികളും സഞ‌്ജു നേടി. ഒന്നാം ഇന്നിങ‌്സിൽ സഞ‌്ജു അരസെഞ്ചുറി തികച്ചിരുന്നു.
ആദ്യമത്സരങ്ങളിൽ തിളങ്ങിയ ജലജ‌് സക‌്സേന പരിക്കുകാരണം ഹിമാചലിനെതിരെ കളിച്ചിരുന്നില്ല.
ഗ്രൂപ്പിൽ നാലു ജയമാണ‌് കേരളത്തിന‌്. മറ്റൊരു ടീമിനും നാലു ജയമില്ല. എട്ടു കളിയിൽ നാലു ജയവും ഒരു സമനിലയും മൂന്നു തോൽവിയും ഉൾപ്പെടെ 26 പോയിന്റാണ‌് കേരളത്തിന‌്. പട്ടികയിൽ നാലാംസ്ഥാനം.
കരുത്തരായ ബംഗാളും പഞ്ചാബും പുറത്തായി.









0 comments