അബുദാബിയില്‍ പ്രവാസി വനിതകള്‍ പ്രതീകാത്മക മതില്‍ തീര്‍ത്തു

അബുദാബി > ഇന്നലെകളുടെ ഇരുണ്ടകാലത്തേക്കുള്ള പിന്‍മടക്കമല്ല, കൂടുതല്‍ പ്രകാശിതമായ നാളെയിലേക്കുള്ള ചുവടുവെപ്പിലാണ് കേരളത്തിന്റെ സ്ത്രീത്വമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വനിതകള്‍ കേരളത്തില്‍ പടുത്തുയര്‍ത്തിയ ചരിത്രമതിലിനു ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിക്കൊണ്ട് അബുദാബിയിലെ പ്രവാസി വനിതകള്‍ പ്രതീകാത്മക മതില്‍ തീര്‍ത്തു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പ്രതീകാത്മക മതിലില്‍ നൂറുകണക്കിന് വനിതകള്‍ അണിചേര്‍ന്നു. വിവിധ സംഘടനാ പ്രതിനിധികള്‍, വീട്ടമ്മമാര്‍, ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, വീട്ടുജോലിക്കാര്‍, വിദ്യാര്‍ത്ഥിനികള്‍ തുടങ്ങി അബുദാബിയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മതിലിന്റെ ഭാഗമായി.
അബുദാബി ശക്തി തിയറ്റേഴ്സ് വനിതാ കണ്‍വീനര്‍ ഷമീന ഒമര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും, സ്ത്രീ സമത്വത്തിനായി നിലകൊള്ളുമെന്നും, കേരളത്തെ ഭ്രാന്താലയമാക്കാനുള്ള പരിശ്രമങ്ങളെ പ്രതിരോധിക്കുമെന്നും, മതനിരപേക്ഷത സംരക്ഷിക്കാന്‍ പോരാടുമെന്നും വനിതകള്‍ പ്രതിജ്ഞയെടുത്തു. എണ്‍പത്തിരണ്ട് വയസ്സ് പ്രായമുള്ള ഏറ്റവും മുതിര്‍ന്ന സ്ത്രീയായ കാഞ്ഞങ്ങാട്ടെ കമ്മാടുത്തു അമ്മയില്‍ നിന്ന് തുടങ്ങിയ മതിലിന്റെ അവസാന അറ്റത്തെ കണ്ണി കേരള സോഷ്യല്‍ സെന്റര്‍ വനിതാവിഭാഗം കണ്‍വീനര്‍ ഗീതാജയചന്ദ്രനായിരുന്നു. വനിതാ മതിലിനു സാക്ഷിയായി നൂറുകണക്കിനു പുരുഷന്‍മാരും സെന്ററിന്റെ ബാല്‍ക്കണിയിലും വരാന്തകളിലുമായി നിരന്നു നിന്നു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം അതിജീവനത്തിന്റേയും സമരോത്സുകതയുടേയും പ്രതീകമായിരുന്ന സൈമണ്‍ ബ്രിട്ടൊയുടെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം കണ്‍വീനര്‍ ഗീത ജയചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് അനിതാ റഫീഖ് (അബുദാബി ശക്തി തിയറ്റേഴ്സ്), റസിയ ഇഫ്തിഖാര്‍ (അല്‍ ഐന്‍ മലയാളി സമാജം), രാഖി രഞ്ജിത്ത് (യുവകലാസാഹിതി), സ്മിത ധനേഷ് (ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ്), ബിന്ദു ഷോബി, ഷമീന ഒമര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജോ. കണ്‍വീനര്‍മാരായ ഷൈനി ബാലചന്ദ്രന്‍ സ്വാഗതവും ജോ. കണ്‍വീനര്‍ ഷല്‍മ സുരേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വനിതകള്‍ അവതരിപ്പിച്ച സംഘഗാനവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി.









0 comments