ഒറ്റലാപ്പിൽ ശാലിനി

അനീഷ‌് ബാലൻ
മൂഡബിദ്രി (മംഗളൂരു )
അന്തർസർവകലാശാല മീറ്റിലെ മൂന്നാംദിനത്തിൽ വി കെ ശാലിനി നേടിക്കൊടുത്ത ഏകസ്വർണമുൾപ്പെടെ രണ്ട‌് മെഡലിന്റെ ആശ്വാസത്തിൽ കേരളം. വനിതകളുടെ 400 മീറ്റിൽ 54.21 സെക്കൻഡ‌് സമയത്തിൽ ശാലിനി സ്വർണമണിഞ്ഞു.
മൂന്നാംദിനം 88 പോയിന്റുമായി മംഗളൂരു സർവകലാശാല ഒന്നാമത് തുടർന്നു. 41 പോയിേന്റാടെ എംജി സർവകലാശാല രണ്ടാമതും 34 പോയിന്റുമായി പഞ്ചാബി സർവകലാശാല മൂന്നാമതും നിൽക്കുന്നു. വനിതകളിൽ 35 പോയിന്റുമായി എംജിയാണ് ഒന്നാമത്‌്.
തലേദിവസം നടന്ന 400 മീറ്റർ ഹർഡിൽസിൽ വെള്ളിയിലേക്ക‌് തള്ളിവിട്ട ഭാരതിയാർ സർവകലാശാലയുടെ വിത്യയോടുള്ള മധുരപ്രതികാരംകൂടിയായി ശാലിനിക്കിത‌്. വിത്യ മൂന്നാമതായാണ‌് ഫിനിഷ‌് ചെയ‌്തത‌്. എംജിയുടെതന്നെ ജെറിൻ ജോസഫിനാണ‌് വെള്ളി. പാലാ അൽഫോൻസ കോളേജിലെ പൊളിറ്റക്കൽ സയൻസ് രണ്ടാംവർഷ പിജി വിദ്യാർഥിനിയായ ജെറിൻ കഴിഞ്ഞ മീറ്റിൽ 400 മീറ്റർ ഹർഡിൽസിൽ വെള്ളിയും 400 മീറ്ററിൽ വെങ്കലവും നേടിയിരുന്നു.
പുരുഷന്മാരുടെ 400 മീറ്ററിൽ 47.68 സെക്കൻഡിൽ ഓടി മദ്രാസ് സർവകലാശാലയുടെ ആർ രാജേഷ് സ്വർണം നേടി. മംഗളൂരു സർവകലാശാലയുടെ രോഹൻ ഡി കുമാറിനാണ് വെള്ളി.
വനിതകളുടെ 400 മീറ്റർ ഫൈനലിനിറങ്ങിയ എട്ട‌് വനിതകളിൽ അഞ്ചുപേരും മലയാളികളായിരുന്നു. രണ്ട‌് മെഡലുകൾ കേരളത്തിന‌് കിട്ടി. ശാലിനിയും ജെറിനും കുതിച്ചപ്പോൾ കലിക്കറ്റിന്റെ ഷഹർബാന സിദ്ദിഖ‌്, യു വി ശ്രുതി രാജ‌്, കേരളയുടെ അബിഗെയിൽ ആരോഗ്യനാഥ് എന്നിവർക്ക‌് മെഡൽ മേഖലയിൽ ഇടംനേടാനായില്ല.
പുരുഷന്മാരുടെ ട്രിപിൾ ജമ്പിൽ മുംബൈ സർവകലാശാലയുടെ ജെയ് ഷാ മീറ്റ‌് റെക്കോഡോടെയാണ‌് സ്വർണമണിഞ്ഞത‌്. മംഗളൂരുവിന്റെ മലയാളിതാരം ശ്രീജിത‌് മോഹൻ കുറിച്ച 16.05 മീറ്ററിന്റെ റെക്കോഡാണ് 16.36 മീറ്റർ ചാടി ജെയ് ഷാ തകർത്തത്. വെള്ളി നേടിയ മംഗളൂരുവിന്റെ പ്രവീൺ 16.05 ചാടി പഴയ മീറ്റ് റെക്കോഡിനൊപ്പമെത്തി. പുരുഷവിഭാഗം 20 കി.മീ നടത്തത്തിൽ റോത്തക് മഹർഷി ദയാനന്ദ‌് സർവകലാശാലയിലെ രവിന സ്വർണം നേടി. പുരുഷന്മാരുടെ ഡിസ‌്കസ് ത്രോയിൽ ശിവാജി സർവകലാശാലയുടെ ബെനേക കൃതികും (52.59 മി.) വനിതകളുടെ ജാവലിൻ ത്രോയിൽ മംഗളൂരുവിന്റെ പൂനം റാണിയും മീറ്റ‌്റെക്കോഡോടെ സ്വർണം നേടി.
മീറ്റിന്റെ നാലാംദിനമായ ചൊവ്വാഴ‌്ച പുരുഷവിഭാഗം 1500 മീറ്ററിൽ മെഡൽ ഉറപ്പിക്കാൻ കേരള സർവകലാശാലയുടെ അഭിനന്ദ് സുന്ദരേശനും വനിതകളിൽ എംജിയുടെ അനുമോൾ തമ്പിയും കലിക്കറ്റിന്റെ സി ബബിതയും ട്രാക്കിലിറങ്ങും. 5000 മീറ്ററിൽ സെക്കൻഡിന്റെ വ്യത്യാസത്തിൽ വഴുതിപ്പോയ സ്വർണം 1500ലൂടെ തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ‌് അഭിനന്ദ‌്.
ട്രിപ്പിൾ ജമ്പിൽ എംജിയുടെ അലീന ജോസും ലിസ്ബത്ത് കരോളിൻ ജോസഫുമിറങ്ങും. ഹെപ‌്റ്റാത്തലത്തിൽ എംജിയുടെ വി ഒ നിമ്മിയും ഹൈജമ്പിൽ ജിയോ ജോസും കേരളത്തിലെ മെഡൽപട്ടിക കൂട്ടാൻ കെൽപ്പുള്ളവരാണ‌്.നാലാംദിനം പത്ത് ഫൈനലുകളാണ് നടക്കുക. പുരുഷ-–-വനിത വിഭാഗം 10000 മീ., 1500 മീ., പുരുഷ വിഭാഗം പോൾവാൾട്ട്, 110 മീ. ഹർഡിൽസ്, ജാവലിൻ ത്രോ എന്നിവയും വനിതകളുടെ 100 മീ. ഹർഡിൽസ്, ട്രിപ്പിൾ ജമ്പ‌്,ഷോട‌്പുട്ട‌് എന്നിവയും നടക്കും.









0 comments