എംബാപ്പെ ഏറ്റവും മൂല്യമുള്ള കളിക്കാരൻ

ലോസൻ
യൂറോപ്പിലെ അഞ്ച‌് ലീഗുകളിൽ ഇപ്പോൾ ഏറ്റവും മൂല്യമുള്ള കളിക്കാരൻ കിലിയൻ എംബാപ്പെ. കായികരംഗത്തെക്കുറിച്ച‌് പഠനം നടത്തുന്ന രാജ്യാന്തര കേന്ദ്രമായ സിഐഇഎസിന്റെ റിപ്പോർട്ടിലാണ‌് എംബാപ്പെ ഒന്നാമതെത്തിയത‌്. സ്വിറ്റ‌്സർലൻഡാണ‌് സിഐഇഎസിന്റെ ആസ്ഥാനം. യൂറോപ്പിലെ ലീഗുകൾ അവർ നിരന്തരം നിരീക്ഷിക്കുന്നു.
എംബാപ്പെയ‌്ക്ക‌് നിലവിൽ 2165 ലക്ഷം യൂറോയാണ‌് സിഐഇഎസ‌് കൽപ്പിക്കുന്ന മൂല്യം. ടോട്ടനം ഹോത‌്സ‌്പറിന്റെ ഹാരി കെയ‌്ൻ രണ്ടാമത‌്. 1973 ലക്ഷം യൂറോ. പിഎസ‌്ജിയിൽ എംബാപ്പെയ‌്ക്ക‌് ഒപ്പമുള്ള നെയ‌്മർ മൂന്നാമത‌്. 1970. മുഹമ്മദ‌് സലായും ഫിലിപ്പെ കുടീന്യോയും നാലും അഞ്ചും സ്ഥാനത്ത‌്. ലയണൽ മെസി ആറാമതാണ‌്. റഹീം സ‌്റ്റെർലിങ‌്, റൊമേലു ലുക്കാക്കു, ഒൺട്വോയ‌്‌ൻ ഗ്രീസ‌്‌മാൻ, പാവ‌്‌ലോ ഡിബാല എന്നിവർ യഥാക്രമം പിന്നീട‌്. യുവന്റസിന്റെ താരം ക്രിസ‌്റ്റ്യാനോ റൊണാൾഡോ പത്തു പേരുടെ പട്ടികയിൽ ഇല്ല.
മധ്യനിരക്കാരിൽ ഡെലെ ആല്ലിയാണ‌് മുന്നിൽ. ആല്ലിക്ക‌് 1643 ലക്ഷം യൂറോയാണ‌് മൂല്യം. കെവിൻ ദബ്രയ‌്നും പോൾ പോഗ‌്ബയും രണ്ടും മൂന്നും സ്ഥാനത്ത‌്. എൻ ഗോളോ കാന്റെയാണ‌് നാലാമത‌്. പ്രതിരോധത്തിൽ ഒന്നാമതെത്തിയത‌് സാമുവൽ ഉംറ്റിറ്റി.
ഗോൾകീപ്പർമാരിൽ മാഞ്ചസ‌്റ്റർ സിറ്റിയുടെ ബ്രസീലിയൻ കളിക്കാരൻ എഡേഴ‌്സൺ മൊറെയ‌്സ‌് മുന്നിൽ. മാഞ്ചസ‌്റ്റർ യുണൈറ്റഡിനെതിരെ സിറ്റി നേടിയ 3–-1 വിജയത്തിൽ എഡേഴ‌്സൺ മികച്ച പ്രകടനം കാഴ‌്ചവച്ചു. സ‌്പെയ‌്നിന്റെ ഒന്നാം നമ്പർ ഗോളിയും മാഞ്ചസ‌്റ്റർ യുണൈറ്റഡിന്റെ വിശ്വസ‌്തനുമായ ഡേവിഡ‌് ഡെഗെയ ഗോളിമാരുടെ പട്ടികയിൽ പുറത്തായി.








0 comments