ലുബാന്‍ ചുഴലിക്കാറ്റ് കരുത്താര്‍ജ്ജിക്കുന്നു; അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

മനാമ > അറബി കടലില്‍ രൂപം കൊണ്ട ലുബാന്‍ ചുഴലിക്കാറ്റ് കാറ്റഗറി ഒന്നായി ശക്തി പ്രാപിച്ചു. ഒമാനിലെ സലാലയില്‍ നിന്നും 700 കിലോമീറ്റര്‍ അകലെ തെക്ക് പടിഞ്ഞാറ് അറബി കടലില്‍ കേന്ദ്രീകരിച്ച കാറ്റിന് മണിക്കൂറില്‍ 119 മുതല്‍ 137 കിലോമീറ്റര്‍ വരെ വേഗമുണ്ട്. അടുത്ത 48 മണിക്കൂറില്‍ കാറ്റ് കൂടുതല്‍ വേഗം കൈവരിച്ച കാറ്റഗറി രണ്ടിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റി അറിയിച്ചു.
ഏറ്റവും പുതിയ കാലാവസ്ഥ ചാര്‍ട്ടുകളും ഉപഗ്രഹ ചിത്രങ്ങളും പ്രകാരം ദോഫാര്‍ ഗവര്‍ണറേറ്റ് തീരവും യെമനും ലക്ഷ്യമാക്കി പടിഞ്ഞാറോട്ടാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. ശനിയാഴ്ച വൈകിട്ടോടെ ദോഫര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടും. തിരമാലകള്‍ ആറു മുതല്‍ എട്ടു മീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
ഇപ്പോള്‍ കാറ്റിന്റെ കൂടിയ വേഗം മണിക്കൂറില്‍ 137 കിലോമീറ്റര്‍ വരെയാണ്. 125 മുതല്‍ 164 കിലോമീറ്റര്‍ വേഗമുള്ള കാറ്റ് കാറ്റഗറി രണ്ടിലാണ് ഉള്‍പ്പെടുക. തീരത്തോട് അടുക്കാറാകുമ്പോള്‍ കാറ്റഗറി രണ്ടിലാകാനാണ് സാധ്യത. തീരത്തോട് അടുക്കുന്ന കാറ്റിന്റെ ശക്തി അറേബ്യന്‍ മരുഭൂമിയില്‍നിന്നുള്ള ചുടുവാതങ്ങള്‍ കാരണം കുറയാനും സാധ്യതയേറെയാണ്.
ലുബാന്‍ തീരത്തോട് അടുത്ത പാശ്ചാത്തലത്തില്‍ ദോഫര്‍ മേഖലയില്‍ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി നല്‍കി. ആവശ്യമെങ്കില്‍ ഇവ ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കും. ദോഫറിലെ തഖാഹ്, മിര്‍ബാത്ത് കൊട്ടാരങ്ങള്‍ ഞായറാഴ്ചവരെ അടച്ചിടും. സന്ദര്‍ശകരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റിന്റെ പരോക്ഷമായ പ്രതിഫലനം മേഖലയില്‍ അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
കാറ്റിന്റെ വേഗം അടിസ്ഥാനമാക്കിയാണ് ഉഷ്ണമേഖല ചുഴലിക്കാറ്റുകളെ തരം തിരിക്കുന്നത്. ഏറ്റവും കൂടിയ വേഗം കാറ്റഗറി അഞ്ചാണ്. കാറ്റിന് മണിക്കൂറില്‍ 165 മുതല്‍ 224 കിലോമീറ്റര്‍ വരെ വേഗമുള്ളവ കാറ്റഗറി മൂന്നിലും 225 മുതല്‍ 279 കിലോമീറ്റര്‍ വരെ വേഗത്തിലുള്ളവ കാറ്റഗറി നാലിലും പെടും. വെള്ളപ്പൊക്കവും വന്‍ നാശവുമാണ് കാറ്റഗറി മൂന്നും നാലും സൃഷ്ടിക്കുക. മണിക്കൂറില്‍ 280 കിലോമീറ്ററിനു മുകളില്‍ വരുന്ന കാറ്റിനെ കാറ്റഗറി അഞ്ചിലാണ് പെടുത്തുക. സര്‍വ നാശം വിതക്കുന്ന ഈ കൊടുംകാറ്റ് അറബികടലില്‍ നിരവധി തവണ രൂപപ്പെട്ടിട്ടുണ്ട്. 2007ല്‍ ഒമാനില്‍ വിശീയിടിച്ച ഗോനു ചുഴലിക്കാറ്റ് കാറ്റഗറി അഞ്ചില്‍പട്ടതായിരുന്നു. 2014ല്‍ ഒമാനില്‍ എത്തിയ നിലോഫര്‍ ചുഴലിക്കാറ്റും കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെട്ടതാണ്.
വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്ര ഭാഗമായ അറബികടലില്‍ 2015ല്‍ രൂപപ്പെട്ട ചാപാല ചുഴലിക്കാറ്റിനു ശേഷം ഇതുവവെര കാറ്റഗറി അഞ്ചില്‍പെട്ട കൊടുംകാറ്റ് രൂപപ്പെട്ടില്ല. യെമന്‍ ദ്വീപായ സൊകോര്‍ട്ടയിലും ഏദന്‍ ഉള്‍ക്കടലല്‍ തീരങ്ങളിലുമാണ് ചപാല നാശം വിതച്ചത്. ഈവര്‍ഷം ആദ്യത്തെ കാറ്റഗറി അഞ്ച് കൊടുംകാറ്റ് രൂപപ്പെട്ടത് ആസ്ട്രേലിയന്‍ മേഖലയിലാണ്. മാര്‍ച്ചില്‍ വീശിയ മാര്‍കസ് വടക്കന്‍ ആസ്ട്രേലിയായിലും പടിഞ്ഞാറന്‍ ആസ്ട്രേലിയായിലെ കിംബേര്‍ലി മേഖലയിലും കനത്ത നാശം വിതച്ചു. കഴക്കന്‍ പസഫിക്കില്‍ ഈവര്‍ഷം രൂപപ്പെട്ട ലാനെ, വലാക്ക എന്നീ ചുഴലിക്കാറ്റുകള്‍ക്ക് കാറ്റഗറി അഞ്ചിലാണ് സ്ഥാനം.









0 comments