ഒരു മാസ ശമ്പളം: മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കല കുവൈറ്റും

കുവൈറ്റ് സിറ്റി > പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായ് ഒരു മാസ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കല കുവൈറ്റ്. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായ കല കുവൈറ്റ് അംഗങ്ങളുടെയും സഹയാത്രികരുടെയും വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച് കൊടുക്കും. ഒന്നിച്ചോ, മൂന്ന് ദിവസത്തെ ശമ്പളം വീതം 10 തവണ വരെയുള്ള ഗഡുക്കളായോ അയച്ചു കൊടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കല കുവൈറ്റ് ഇത് വരെ 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ബാക്കിയുള്ള തുക അടുത്ത ദിവസങ്ങളില്‍ കൈമാറും. അതിന് പുറമെയാണ് ഒരു മാസ ശമ്പളം ശേഖരിച്ച് അയച്ചു കൊടുക്കുന്നത്.
ലോകത്ത് എല്ലായിടത്തുമുള്ള മലയാളികള്‍ ഒന്നിച്ചു നിന്നാല്‍ ഏത് പ്രതിസന്ധിയേയും കേരളത്തിന് മറികടക്കാമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് കല കുവൈറ്റ് ഇതിന് തയ്യാറെടുക്കുന്നത്. കൂടുതല്‍ അംഗങ്ങളെയും താല്‍പര്യമുള്ള പൊതുജനങ്ങളെയും ഇതിന്റെ ഭാഗമാക്കാനുള്ള പ്രവര്‍ത്തനമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും കല കുവൈറ്റ് പ്രസിഡന്റ് ആര്‍ നാഗനാഥന്‍, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ പറഞ്ഞു.









0 comments