കുവൈറ്റിൽ സുരക്ഷാ പരിശോധനയിൽ 200ലേറെപ്പേർ പിടിയിൽ

കുവൈറ്റ് സിറ്റി > കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന സുരക്ഷാ പരിശോധനയിൽ 200ലേറെ വരുന്ന നിയമ ലംഘകർ പിടിലായതായി സുരക്ഷാ വിഭാഗം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം തലവൻ മേജർ ജനറൽ ഇബ്രാഹിം അൽതരാഹിന്റെ നിർദ്ദേശാനുസരണം രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടന്ന പരിശോധനയിലാണ് ഇത്രയും പേരുടെ അറസ്റ്റുണ്ടായത്. മയക്കുമരുന്ന് കേസുകളിൽ പ്രതികളായവർ, മറ്റു വിവിധ ക്രിമിനൽ കേസുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ടവർ തുടങ്ങിയവർ അറസ്റ്റിലായവരിൽ ഉൾപ്പെടും.
ഈ ക്യാമ്പയിന്റെ ഭാഗമായി നടന്ന വാഹന പരിശോധനയിൽ നിരവധി വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ മിക്കതും കളവ് പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വയാണ് എന്നും സുരക്ഷാ ഏജൻസി അറീയിച്ചു. വരും ദിവസങ്ങളും രാജ്യത്തെ നിയമ ലംഘകരെ കണ്ടെത്താനുള്ള സുരക്ഷാ പരിശോധന തുടരുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. പൊതു മാപ്പ് കാലാവധി അവസാനിക്കുന്ന ഏപ്രിൽ ഇരുപത്തി രണ്ടിന് ശേഷം രാജ്യത്താകമാനം സുരക്ഷാ പരിശോധന ശക്തമാക്കുമെന്ന മുന്നറിയിപ്പു ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മതിയായ താമസ രേഖകളില്ലാതെ കുവൈറ്റിൽ തങ്ങുന്ന ഇന്ത്യക്കാരോട് പൊതു മാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ താമസ രേഖകൾ ശരിയാക്കുകയോ ചെയ്യണമെന്ന് ഇന്ത്യൻ എംബസിയും ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടുണ്ട്.

0 comments