പൽപക് പത്താം വാർഷികം ആഘോഷിച്ചു

കുവൈറ്റ് സിറ്റി > പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്), പത്താം വാർഷികം അബ്ബാസ്സിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽവെച്ച് ആഘോഷിച്ചു. 'ദശോത്സവ്’ എന്ന പരിപാടി പ്രശസ്ത സിനിമ സംവിധായകൻ ശ്യാമപ്രസാദ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ‘‘നാഗരികത എത്ര പുരോഗമിച്ചാലും ജനിച്ച നാടും ഗ്രാമവുമൊക്കെ ഒരിക്കലും മറക്കാനാകാത്ത ഗൃഹാതുരതയാണ്. ആ അർഥത്തിൽ പാലക്കാടുകാരൻ എന്നറിയപ്പെടുന്നത് സന്തോഷത്തോടെയാണ്’’ ‐ ശ്യാമപ്രസാദ് പറഞ്ഞു.
പ്രസിഡണ്ട് പി. എൻ. കുമാർ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ സുരേഷ് മാധവൻ സ്വാഗതമാശംസിച്ചു. ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ പൽപകിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ചാരിറ്റി സെക്രട്ടറി ജീവകാരുണ്യ പ്രവർത്തനങ്ങളെകുറിച്ചും സംസാരിച്ചു. രക്ഷാധികാരി ദിലി, ഉപദേശക സമിതിയംഗം അരവിന്ദാക്ഷൻ, പ്രവാസി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ, ലോക കേരള സഭാംഗം ഷറഫുദീൻ കണ്ണോത്ത്, ബഹറിൻ എക്സ്ചെഞ്ച് ജനറൽ മാനേജർ മാത്യു വർഗ്ഗീസ്, കല കുവൈറ്റ് പ്രസിഡണ്ട് ആർ. നാഗനാഥൻ, പൽപക് വനിതാവേദി കൺവീനർ അംബികാശിവപ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പത്താംവാർഷികത്തോടനുമന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീർ ശ്യാമപ്രസാദിനു നൽകിക്കൊണ്ട് സുവനീർക്കമ്മിറ്റി കൺവീനർ ജയൻ നമ്പ്യാർ പ്രകാശനം ചെയ്തു. ട്രഷറർ പ്രേംരാജ് നന്ദിയും പ്രകാശിപ്പിച്ചു.
ശോഭ പ്രേംരാജ്‌ന്റെ തിരക്കഥക്ക് പ്രേംരാജ് സംവിധാനം ചെയ്ത് പൽപക് അംഗങ്ങൾ അവതരിപ്പിച്ച 'നമ്മുടെ നാട് പാലക്കാട്' എന്ന നാടകം അവതരിപ്പിച്ചു. ഗായകരായ ബിജുനാരായണൻ, ദുർഗ്ഗ വിശ്വനാഥ് എന്നിവർ നയിച്ച ഗാനസന്ധ്യയിൽ മലയാളം, തമിഴ്, ഹിന്ദി, നാടൻ പാട്ടുകളും, സംഗീതലോകത്തുനിന്നും മണ്മറഞ്ഞ എം എസ് വിശ്വനാഥൻ, ദക്ഷിണാമൂർത്തിസ്വാമി, എം ജി രാധാകൃഷ്ണൻ, രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ, ഒ. എൻ. വി, ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ പാട്ടുകൾ കോർത്തിണക്കിയ 'സ്മരണാഞ്ജലി' വിഭാഗവും ഏറെ ഹൃദ്യമായിരുന്നു.









0 comments