ഇന്ത്യൻ സ്‌കൂൾ തരംഗ് 2017ഗ്രാൻഡ് ഫിനാലെ ഇന്ന് ആര്യഭട്ട, ജെ.സി ബോസ് ഹൌസുകൾ മുന്നിൽ

മനാമ > ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ കലോത്സവമായ ബഹറിനിലെ ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിന്റെ അഞ്ചാം ദിനമായ ബുധാനാഴ്ച അരങ്ങേറിയ പാശ്ചാത്യ നൃത്തം കാണികളിൽ ഏറെ ആവേശം പകർന്നു. ഓവറോൾ ചാമ്പ്യൻ ഷിപ്പിനായി നാലു ഹൗസുകളും ഇഞ്ചോടിഞ്ചു പോരാട്ടം തുടരുകയാണ്. ആര്യഭട്ട ഹൗസും ജെ.സി ബോസ് ഹൗസുമാണ് പോയന്റ് നിലയിൽ മുന്നിട്ടു നിൽക്കുന്നത്.
അഞ്ചാം ദിനത്തിൽ ആര്യഭട്ട ഹൌസ് 1086 പോയിന്റുമായി വാർഷിക കലോത്സവത്തിൽ ലീഡ് നിലനിർത്തുന്നു. സ്കൂളിലെ അഞ്ച് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 1064 പോയിന്റോടെ ജെ.സി ബോസ് ഹൗസ് രണ്ടാം സ്ഥാനത്തു നിൽക്കുന്നു. മൂന്നാം സ്ഥാനത്ത് 1049 പോയിന്റോടെ സി.വി രാമൻ ഹൗസും നാലാം സ്ഥാനത്തു 1021 പോയിന്റുമായി വിക്രം സാരാഭായ് ഹൌസ് ഹൗസും എത്തിനിൽക്കുന്നു . ഭരതനാട്യം ബി ലെവലിൽ ഒന്നാം സമ്മാനം ആര്യഭട്ട ഹൗസിലെ മാളവിക സുരേഷ് കുമാർ സ്വന്തമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം സി വി രാമൻ ഹൗസിലെ തന്നെ മാളവിക അജിത്തും വർഷ സതീഷ് കുമാറും കരസ്ഥമാക്കി.
സിനിമാറ്റിക് നൃത്തം എ ലെവലിൽ സി.വി രാമൻ ഹൌസ് ഒന്നാം സ്ഥാനം നേടി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം വിക്രം സാരാഭായ്, ജെ സി ബോസ് ഹൌസിന്റെ ടീമുകളാണ് നേടിയത്. സിനിമാറ്റിക് നൃത്തം ഡി ലെവലിൽ ജെ സി ബോസ് ഹൌസ് ഒന്നാം സ്ഥാനം നേടി. രണ്ടും മൂന്നും സ്ഥാനങ്ങൾ സി വി രാമൻ ഹൗസും ജെ സി ബോസ് ഹൗസും കരസ്ഥമാക്കി. ഇന്ന് ( വ്യാഴാഴ്ച ) നടക്കുന്ന വർണശബളമായ ഫിനാലെയിൽ ഓവറോൾ ചാമ്പ്യന്മാരെ പ്രഖ്യാപിക്കും. കലാശ്രീ / കലാതിലകം പുരസ്‌കാരങ്ങളും ഇന്ന് സമ്മാനിക്കും.
വ്യക്തിഗത ഇനങ്ങളിലെ ജേതാക്കൾക്ക് ഇന്ന് സമ്മാനങ്ങൾ വിതരണം ചെയ്യും. ജേതാക്കൾ ടാഗോർ ബ്ലോക്കിലെ നിശ്ചിത റൂമുകളിൽ ഇന്ന് വൈകുന്നേരം 5.15 നു റിപ്പോർട് ചെയ്യണം. ഈ വര്ഷം ഗ്രൂപ് ഇനങ്ങളിലെ ജേതാക്കൾക്ക് ഫലപ്രഖ്യാപനം നടന്ന ഉടൻ തന്നെ സമ്മാനങ്ങൾ വിതരണം ചെയ്തിരുന്നു. ഇന്ത്യൻ സ്‌കൂൾ തരംഗ് 2017 കലോത്സവത്തിൽ 126 ഇനങ്ങളിലായി 3000ലേറെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. 6 മുതൽ 17 വരെ പ്രായപരിധിയിലുള്ള വിദ്യാർത്ഥികൾ എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ തരംതിരിച്ചാണ് മത്സരം. ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിൽ ആവേശ പൂർവം പങ്കെടുത്ത വിദ്യാർത്ഥികളെ പ്രിൻസിപ്പാൾ വി ആർ പളനിസ്വാമി അനുമോദിച്ചു.








0 comments