നോര്‍ക്കാ സംരംഭങ്ങള്‍ ജനകീയവല്‍ക്കരിക്കുന്നതിന് പ്രവാസി സംഘടനകള്‍ മുന്‍കൈയെടുക്കണം: ഒ വി മുസ്തഫ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2017, 11:14 AM | 0 min read

ഷാര്‍ജ > നോര്‍ക്ക സംരംഭങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് പ്രവാസി സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്ന് നോര്‍ക്ക ഡയറക്ടര്‍ ഒ വി മുസ്തഫ ആവശ്യപ്പെട്ടു. ദേശാഭിമാനി ഫോറം  ഒരുക്കിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നോര്‍ക്ക സംരംഭങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയും, വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ടുകൊണ്ട് നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതികളുടെ ഉപയോക്താക്കളാകുന്നതിന് പ്രവാസി സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന പ്രധാന കടമ  പ്രവാസി സംഘടനകള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
 
ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കായി നിലവിലുള്ള സാന്ത്വനം പദ്ധതി പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉപയോഗപ്രദമായ മികച്ച ഒരു പദ്ധതിയാണ്. ഇതനുസരിച്ച് ഒരു പ്രവാസി മരണപ്പെട്ടാല്‍ ഒരുലക്ഷം രൂപവരെ ലഭിക്കും. ഇത് കൂടാതെ ചികിത്സാ സഹായമായി അന്‍പതിനായിരം രൂപയും,  നിര്‍ധനരായ പ്രവാസി കുടുംബങ്ങളിലെ കുട്ടികളുടെ വിവാഹത്തിനായി 15,000 രൂപയും ലഭ്യമാകും. രണ്ടു വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ വിദേശങ്ങളില്‍ ജോലി ചെയ്ത പ്രവാസികള്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹത. കാരുണ്യം പദ്ധതിയിലൂടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനായി അമ്പതിനായിരം രൂപവരെ ലഭ്യമാണ്.
 
വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്ന പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അറസ്റ്റ് ചെയ്യുന്നതിന് ഇപ്പോള്‍ നിലവില്‍ 3 സെന്ററുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്,  എറണാകുളം എന്നീ സ്ഥലങ്ങളിലാണ് ഇവ സ്ഥിതിചെയ്യുന്നത്.
 
പ്രവാസികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും മറ്റും  സമയബന്ധിതമായി നല്‍കുന്നതിന് വേണ്ടിയാണ് പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത്. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഈ അര്‍ത്ഥത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ പ്രവാസി മലയാളികളും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് നേടിയെടുക്കുന്നതിനു വേണ്ടി ശ്രമിക്കേണ്ടതാണ്.  ഇതിന്റെ വിശദാംശങ്ങളും മറ്റും നോര്‍ക്ക വെബ്‌സൈറ്റില്‍ ലഭ്യമാണ്
 
വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ കണക്കെടുക്കുന്ന തിനുവേണ്ടി ഒരു പ്രവാസി ഡാറ്റാ ബാങ്കിന്റെ പ്രവര്‍ത്തനത്തിലാണ് നോര്‍ക്കയിപ്പോള്‍. ഇക്കാര്യത്തില്‍ ആവശ്യമായ ഒട്ടേറെ സഹായങ്ങള്‍ നല്‍കുന്നതിനും, ഇത് ഫലപ്രാപ്തിയില്‍ എത്തിക്കുന്നതിനും പ്രവാസി സംഘടനകള്‍ക്ക് കഴിയും. നമ്മുടെ ഭാഷയും സംസ്‌കാരവും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള മലയാളം മിഷന്‍ പദ്ധതി പ്രകാരം ഓണ്‍ലൈനിലൂടെ  മലയാളം പഠിപ്പിക്കുന്ന പ്രവര്‍ത്തനവും നടത്തിവരുന്നുണ്ട്.
 
കേരളത്തിന്റെ വികസന സംരംഭങ്ങളില്‍ പ്രവാസികള്‍ക്കു കൂടി പങ്കാളിത്തം ഉണ്ടാക്കുന്നതിനായി പ്രവാസികളുടെതായ നിരവധി കൂടിച്ചേരലുകള്‍ നോര്‍ക്കയുടെ മുന്‍കൈയോടെ നടത്തിപ്പോരുന്നുണ്ട്. സമവായം, സമാഗമം എന്നിങ്ങനെയുള്ള കൂടിച്ചേരലുകള്‍ കൂടുതല്‍ വിപുലീകരിച്ചു പ്രവാസിപങ്കാളിത്തം ഉറപ്പാക്കുന്ന ശ്രമത്തിലാണ് നോര്‍ക്ക ഇപ്പോള്‍.
 
പ്രവാസികള്‍ക്ക് അര്‍ഹമായ ആനുകൂല്യം എത്തിക്കുന്നതിന് വേണ്ടി മുന്‍കൈയെടുക്കുന്ന  പ്രവാസി സംഘടനകള്‍ നോര്‍ക്കാ റൂട്ട്‌സില്‍ അവരുടെ പേര്  രജിസ്റ്റര്‍ ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിനായി വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകള്‍ തയ്യാറാകുകയും, പ്രവാസികാര്യങ്ങളില്‍ ഇടപെടുന്നതിനുള്ള അംഗീകാരം നേടുകയും ചെയ്യേണ്ടതാണ്.
 
വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്ന പ്രവാസികള്‍ക്ക്, അവിടെ തൊഴില്‍ ചെയ്യുന്നതിന് സഹായകരമാകുന്ന വിധത്തില്‍ നിരവധി കോഴ്‌സുകള്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ഇത്തരം  ഓറിയന്റേഷന്‍ പദ്ധതികള്‍ക്ക് ആവശ്യമായ പ്രചാരണം നല്‍കുന്നതിനും, അതിന്റെ ഉപയോക്താക്കളാക്കി കേരളീയരെ മാറ്റുന്നതിനും പ്രവാസിസംഘടനകള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. സര്‍ക്കാര്‍തലത്തില്‍  പ്രവാസികള്‍ക്കായി നടപ്പിലാക്കിവരുന്ന ഇത്തരത്തിലുള്ള നിരവധി പദ്ധതികളും,  പ്രവര്‍ത്തനങ്ങളും അര്‍ഹമായ കൈകളിലെത്തുന്നതിനു പ്രവാസി സംഘടനകളുടെ കൂട്ടായ ശ്രമം കൂടിയേ തീരു എന്നും  ഒ.വി. മുസ്തഫ പറഞ്ഞു.


 



deshabhimani section

Related News

View More
0 comments
Sort by

Home