20 ദിവസം: 1.9 ലക്ഷം ഉംറ വിസ അനുവദിച്ചു

ജിദ്ദ : ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച് ആദ്യ 20 ദിവസത്തിൽ 1.9 ലക്ഷത്തിലധികം ഉംറ വിസ അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം. ജൂൺ 10-ന് ഉംറ സീസൺ ആരംഭിച്ചതുമുതൽ 30 വരെയുള്ള കണക്കുകളാണിത്. തീർഥാടന സേവനങ്ങൾ കൂടുതൽ സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നുസുക് പ്ലാറ്റ്‌ഫോം വഴി വിസ നടപടികൾ പൂർത്തിയാക്കിയത്.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ തീർഥാടകരുടെ യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജൂൺ 11 ബുധൻമുതൽ നുസുക് ആപ്പ് വഴിയാണ് ഉംറ പെർമിറ്റുകൾ നൽകിത്തുടങ്ങിയത്. തീർഥാടകർക്കും സന്ദർശകർക്കും ആവശ്യമായ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് നുസുക്. പെർമിറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാനും ലഭ്യമാക്കാനും ആപ്പ് ഉപയോക്താക്കളെ സഹായിക്കുന്നു. ഉംറ അനുഭവം കൂടുതൽ മെച്ചപ്പെടുത്താനും പിന്തുണയ്ക്കാനുമുള്ള നിരവധി ഡിജിറ്റൽ സേവനങ്ങളും നുസുക് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഈ വർഷത്തെ ഹജ്ജ് സീസൺ, നടപടിക്രമങ്ങൾ കാര്യക്ഷമമാക്കിയും സേവനനിലവാരം ഉയർത്തിയും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും മികച്ച വിജയമായിരുന്നു. അതിനു പിന്നാലെ ഉംറ വിസ അപേക്ഷകളിൽ ഉണ്ടായ ഈ വർധന, ഇരുഹറം സന്ദർശിക്കുന്നവർക്ക് പരമാവധി സൗകര്യവും സുരക്ഷയും സംതൃപ്തിയും ഉറപ്പാക്കുന്നതിൽ സൗദി അറേബ്യയുടെ നേതൃത്വപരമായ പങ്ക് വിളിച്ചോതുന്നതാണ്.









0 comments